സത്യജിത്ത് റായ് മുതല്‍ ആര്.ഡി. ബര്മന് വരെ, കവി ഗുല്‍സാര്‍ കണ്ട പ്രതിഭകൾ
Mail This Article
കവിത തുളുമ്പുന്ന ഗാനങ്ങളിലൂടെ ഇന്ത്യന്‍ സിനിമാ സംഗീത പ്രേമികളെ ഹരം പിടിപ്പിച്ച പ്രശസ്ത കവി ഗുല്‍സാര്‍ ആത്മകഥയെഴുതുന്നു. അക്ഷരങ്ങളെ പ്രണിയിച്ച് കവിതാ രംഗത്തെത്തിയതുമുതല്‍ താന്‍ കണ്ടുമുട്ടിയ പ്രതിഭാശാലികളെക്കുറിച്ചുള്ള ഓര്‍മകള്‍ വരെ നീളുന്നതാണ് അടുത്ത വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്ന ആത്മകഥ. ഇന്ത്യന്‍ സാഹിത്യത്തിന്റെയും സിനിമയുടെയും സുവര്‍ണ യുഗം കൂടിയാണ് പ്രശസ്ത കവിയുടെ വാക്കുകളിലൂടെ അനാവരണം ചെയ്യപ്പെടാന്‍ പോകുന്നത്.
ആക്ച്വലി ഐ മെറ്റ് ദെം: എ മെമ്മയര്‍ എന്നാണ് ഇപ്പോള്‍ പേരിട്ടിരിക്കുന്നത്. അടുത്ത വര്‍ഷം പെന്ഗ്വിന് റാന്‍ഡം ഹൗസ് ആയിരിക്കും പുസ്തകം വിപണിയില്‍ എത്തിക്കുന്നത്.
സത്യജിത്ത് റായ് മുതല്‍ ആര്.ഡി.ബര്മന് വരെ. കിഷോര്‍ കുമാര്‍ മുതല്‍ പണ്ഡിറ്റ് ഭീംസെന്‍ ജോഷി വരെ. ഗുല്‍സാര്‍ പരിചയപ്പെട്ട, അടുത്തിടപഴകിയ പ്രതിഭകളുടെ ഒരു നിര തന്നെയുണ്ട്. ഓരോത്തരും അവരവരുടെ മേഖലകളലെ പ്രതിഭാശാലികള്‍. അതികായര്‍. അവരെ കണ്ടതും സംസാരിച്ചതും അരുമായുള്ള കൂടിക്കാഴ്ചയും അടുത്ത ബന്ധത്തിന്റെ സൗഹൃദ് സ്മരണകളും മറയില്ലാതെ എഴുതുകയാണ് ഗുല്‍സാര്‍.
ബിമല്‍ റോയ്. ഹൃത്വിക് ഘട്ടക്. ഹൃഷികേഷ് മുഖര്‍ജി. മഹാശ്വേതാ ദേവി. കാലത്തിനു മറക്കാന്‍ കഴിയാത്ത ബഹുമുഖ പ്രതിഭകളെക്കുറിച്ചുള്ള ഓട്ടേറെ ഓര്‍മകളുണ്ട് ഗുല്‍സാറിന്റെ മനസ്സില്‍. ജീവിതത്തെ ഹരം കൊള്ളിക്കുന്ന ആ ഓര്‍മകള്‍ ഇനിയെങ്കിലും താന്‍ എഴുതിയില്ലെങ്കില്‍ അതു കാലത്തോടും പുതിയ തലമുറയോടും കാണിക്കുന്ന നീതികേട് ആയിരിക്കും എന്ന ചിന്തയില്‍ നിന്നാണ് കവിതയെഴുതുന്ന മനസ്സുകൊണ്ട് ഗുല്‍സാര്‍ കഥ എഴുതാന്‍ പോകുന്നത്.
ഓര്‍മകളുടെ നദി എന്നിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു. ചിലപ്പോള്‍ ബോധമനസ്സില്‍ എന്നു തോന്നും. മറ്റു ചിലപ്പോള്‍ അബോധ മനസ്സില്‍. ഓര്‍മകള്‍ എന്നെ ഉണര്‍ത്തുന്നു. ഉറക്കുന്നു. ഞാന്‍ ഓര്‍മകളുടെ താരാട്ടിലാണ് ജീവിക്കുന്നത്. ഓര്‍മകളിലൂടെ ഒഴുകുന്നത് മധുരമുള്ള ഒരു അനുഭൂതിയാണ്. കാലത്തെ അതിജീവിച്ച മഹാരഥന്മാരുടെ കൂടെ ജീവിക്കാന്‍ കഴിഞ്ഞത് അസുലഭമായ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. അവരെ കാണാന്‍ കഴിഞ്ഞതും അവരോടൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും അനുഗ്രഹം തന്നെയാണ്. ഗുരുക്കന്മാര്. സുഹൃത്തുക്കള്‍. സഹപ്രവര്‍ത്തകര്‍. ഓരോത്തരെക്കുറിച്ചും വറ്റാത്ത, നിറവുള്ള ഓര്‍മകളാണ് മനസ്സില്‍ തുടിച്ചുനില്‍ക്കുന്നത്: ഇപ്പോള്‍ 86 വയസ്സുള്ള കവി പറയുന്നു.
അപൂര്‍വമായ ചിത്രങ്ങളായിരിക്കും പുസ്തകത്തിന്റെ മറ്റൊരു സവിശേഷത. സൗഹൃദ നിമിഷങ്ങളുടെ കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങള്‍ ഗുല്‍സാര്‍ ശേഖരിച്ചിട്ടുണ്ട്. ഓര്‍മകള്‍ക്കൊപ്പം ചിത്രങ്ങള്‍ കൂടിയാകുന്നതോടെ വായനക്കാരെ കാത്തിരിക്കുന്നത് അസുലഭമായ അക്ഷരവിരുന്ന്.
English Summary: Gulzar writes about the people he worked with in a memoir to be published by Penguin