സത്യഗ്രഹിയിൽനിന്ന് കമ്യൂണിസ്റ്റിലേക്ക്; വിപ്ലവത്തിന്റെ കനൽ ജ്വലിക്കുന്ന ജീവിതം
Mail This Article
മാർക്സിസ്റ്റ്– കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു ഇഎംഎസ്. നമ്പൂതിരിപ്പാട്. ചരിത്രകാരൻ, സാമൂഹിക പരിഷ്കർത്താവ്, ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനി, ജനകീയാസൂത്രണ പദ്ധതിയുടെ മുൻനിരക്കാരിൽ ഒരാൾ, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങി വിശേഷണങ്ങൾ ഏറെയുണ്ട് ഇഎംഎസിന്. ആറു തവണ കേരള അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1957–59, 1967–69 കാലഘട്ടങ്ങളിലാണ് കേരള മുഖ്യമന്ത്രിയായിരുന്നത്.
ഒരുറച്ച കോൺഗ്രസ് അനുഭാവിയിൽനിന്ന് കമ്യൂണിസത്തിന്റെ അത്യുന്നതങ്ങളിലെത്തിയ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ജീവിതയാത്ര പലപ്പോഴും വൈരുധ്യങ്ങളുടെ പാതകളിലൂടെയായിരുന്നു. ദൈവങ്ങളുടെയും വിശ്വാസങ്ങളുടെയും ലോകത്തിൽ ജനിച്ച് സംസ്കൃതപഠനത്തിലും ഋഗ്വേദാഭ്യാസത്തിലും ബാല്യം കഴിച്ചുകൂട്ടിയ ഒരാൾ കമ്യൂണിസ്റ്റായി മാറിയതിന്റെ കഥ അയാൾതന്നെ പറയുന്നത് ആ ജീവിതവുമായി ഒരു തരത്തിലും ബന്ധപ്പെടാത്ത പതിനായിരക്കണക്കിന് വായനക്കാർക്ക് സാഹയകരമാകട്ടെ എന്നു കരുതിയാണ് ഇഎംഎസ് ‘ആത്മകഥ’ എഴുതിയത്. കോൺഗ്രസുകാരനിൽനിന്ന് കമ്യൂണിസ്റ്റ് ആകുന്നതുവരെയുള്ള കഥയാണ് അതിൽ വിവരിക്കുന്നത്. പാരമ്പര്യമുറയനുസരിച്ച് യാഥാസ്ഥിതികജീവിതം അനുഷ്ഠിച്ചു തുടങ്ങിയ ബാല്യവും ആ പാരമ്പര്യത്തിനെതിരായി പടവെട്ടുകയെന്ന സാമൂഹികപരിഷ്കാര പ്രസ്ഥാനത്തിന്റേതായ യൗവനാരംഭവും കഴിഞ്ഞ് ഗാന്ധി–നെഹ്റുമാരുടെ ദേശീയ നേതൃത്വത്തിലൂടെ സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കും കാലെടുത്തുവച്ചു. അതാണ് ആത്മകഥയുടെ രത്നച്ചുരുക്കം.
1930–32 കാലത്തെ നിയമലംഘന സമരങ്ങളിൽ സജീവമായി പ്രവർത്തിച്ച ഇടതുചായ്‌വുള്ള കോൺഗ്രസുകാർ ആദ്യം സോഷ്യലിസത്തിലേക്കും പിന്നീട് കമ്യൂണിസത്തിലേക്കും നീങ്ങി. അക്കൂട്ടത്തിൽപ്പെട്ട ഒരാളായിരുന്നു ഇഎംഎസ്. സാമൂഹിക–സാംസ്കാരിക മണ്ഡലങ്ങളിലും ഇടതുപക്ഷ രാഷ്ട്രീയത്തിലും പയറ്റുന്ന ഒരു പത്രപ്രവർത്തകനും എഴുത്തുകാരനുമായി അറിയപ്പെട്ടിരുന്ന അദ്ദേഹം നിയമലംഘന സത്യഗ്രഹിയായി അറസ്റ്റിലായതിനെ തുടർന്നുള്ള ജയിൽവാസക്കാലത്താണ് വിപ്ലവപ്രസ്ഥാനത്തിൽ പങ്കാളിയായി മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകനാകാൻ തീരുമാനിക്കുന്നത്. മിക്ക ലേഖനങ്ങളും സാമൂഹിക പരിഷ്കരണം ലക്ഷ്യമാക്കിയുള്ളവയായിരുന്നു. നിയമം ലംഘിച്ച് കോഴിക്കോട് കടപ്പുറത്ത് ജാഥ നടത്തിയതിനായിരുന്നു അറസ്റ്റ്. കോഴിക്കോട്, കണ്ണൂർ ,വെല്ലൂർ ജയിലുകളിൽ വച്ച് പരിചയപ്പെട്ട നേതാക്കളുമായുള്ള ബന്ധം അഖിലേന്ത്യാതലത്തിലുള്ള പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കി. നമ്പൂതിരിയോഗക്ഷേമസഭയുടെ പ്രവർത്തനങ്ങളിലൂടെ നമ്പൂതിരി സമുദായത്തിലെ ബഹുഭാര്യാത്വം, യുവതീ–വൃദ്ധ വിവാഹം എന്നിവയ്ക്കെതിരായിരുന്ന ഇഎംഎസ് കുടുമമുറി, പൂണൂൽ പൊട്ടിക്കൽ, കാതുമുറി പ്രസ്ഥാനങ്ങളിലും വിദേശ വസ്ത്ര ബഹിഷ്കരണ സമരങ്ങളിലും പങ്കാളിയായി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഉഴിഞ്ഞുവച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പാർട്ടിയെ നിരോധിച്ചതോടെ ഏറെക്കാലം ഒളിവിൽ കഴിയുകയും ചെയ്തു.
ഇ.എം.എസ്. നമ്പൂതിരിപ്പാട്
മുഴുവൻ പേര്: ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്
ജനനം: 1909 ജൂൺ 14 ന് മലപ്പുറത്തെ പെരിന്തൽമണ്ണയിൽ
പിതാവ്: പരമേശ്വരൻ നമ്പൂതിരിപ്പാട്
മാതാവ്: വിഷ്ണുദത്ത
ഭാര്യ: ആര്യ അന്തർജനം
മക്കൾ: മാലതി, ശ്രീധരൻ, രാധ, ശശി
മരണം: 1998 മാർച്ച് 19
പ്രധാനകൃതികൾ:
ആത്മകഥ, മാർക്സിസവും മലയാളസാഹിത്യവും, ഗാന്ധിയും ഗാന്ധിസവും, കേരളത്തിലെ ദേശീയപ്രശ്നം, ആശാനും മലയാളസാഹിത്യവും, ബർലിൻ ഡയറി, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം, വായനയുടെ ആഴങ്ങളിൽ, കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ, മുൻ മുഖ്യമന്ത്രിയുടെ ഓർമക്കുറിപ്പുകൾ, കേരളം–മലയാളികളുടെ മാതൃഭൂമി, മാർക്സിസത്തിന്റെ ബാലപാഠം, എന്റെ പഞ്ചാബ് യാത്ര, റഷ്യ–ചൈന സന്ദർശനങ്ങൾ.
Content Summary : Athmakathayanam Column by Dr. M. K. Santhosh Kumar on E. M. S. Namboodiripad