ADVERTISEMENT

ഗോവണിക്ക് ഇരുവശങ്ങളിലൂടെയും പതഞ്ഞ് വീഴുന്ന വെള്ളച്ചാട്ടം കണ്ടിട്ടാണ് പടികള്‍ കയറാനുറച്ചത്. ഏറെ പടികളുള്ള ആ ഗോവണിയുടെ മുകളറ്റം കാണാനുണ്ടായിരുന്നില്ല. മുകളില്‍ ആകെ ഇരുട്ടാണ്. എങ്കിലും ആകാംക്ഷ കാലുകളെ മുന്നോട്ട് നയിച്ചു. പടികള്‍ കയറി തുടങ്ങി. എവിടെ നിന്നോ അരിച്ചെത്തുന്ന വെളിച്ചത്തില്‍ വെള്ളത്തുള്ളികള്‍ തിളങ്ങുന്നു. ഒഴുക്കിന്റെ ശബ്ദം പടി കയറ്റത്തിനെ ത്വരിതപ്പെടുത്തി. തെറിക്കുന്ന ജലകണങ്ങള്‍ ദേഹമാകെ തണുപ്പിച്ചു. കയറ്റത്തിന്റെ അവസാനം ഒരു കൊടും കാടായിരുന്നു. ഇരുണ്ട കാടിന്റെ ഗര്‍ഭത്തില്‍ നിന്ന് ഒഴുകിയെത്തുന്ന അരുവിയാണ് രണ്ടായി പിരിഞ്ഞ് ഇരുവശത്തുകൂടി ഒഴുകി വീഴുന്നത്. കാടിന്റെ ശബ്ദം എന്നെ ഭയപ്പെടുത്തിയില്ല. പക്ഷികള്‍ എനിക്ക് ചുറ്റും പറന്നു. മൃഗങ്ങള്‍ എനിക്ക് മുന്നിലൂടെ നടന്നു. അവയ്ക്ക് എന്നെ മുന്‍പെ അറിയാമെന്ന് തോന്നി. എന്റെ വരവ് കാത്തിരുന്ന പോലെ. മുന്നോട്ട് നടക്കുന്ന എനിക്കൊപ്പം അവയും ചേര്‍ന്നു. കൊടുംകാടിന്റെ വിജനതയില്‍ ഒറ്റപ്പെടല്‍ തോന്നിയില്ല. കാഴ്ചകളില്‍ മിഴിയൂന്നി കാട്ടുവഴികളിലൂടെ മുന്നോട്ട് നടന്നു. ഒരുപാട് ദൂരം. കയറ്റങ്ങള്‍, ഇറക്കങ്ങള്‍.. ഒരു കയറ്റം അവസാനിച്ചയിടത്ത് വലിയൊരു മൈതാനം. മരങ്ങളില്ല, ചെടികളില്ല, പക്ഷികളില്ല, മൃഗങ്ങളില്ല. കാടിന്റെ ഇരുട്ടകന്നിരിക്കുന്നു. ഞാന്‍ ഉറക്കെയൊന്നു കൂവി. തിരിച്ച് മറ്റൊരു കൂവല്‍ കേട്ടു. വിജനതയില്‍ എന്നില്‍ നിന്നുയര്‍ന്ന ശബ്ദത്തിന്റെ തരംഗങ്ങള്‍ ദൂരെ എവിടെയോ തട്ടി തിരിച്ചു വന്നതാണ്. കണ്ണുകള്‍ വീണ്ടുമടച്ച് മതിയാവോളം കൂവാന്‍ ഞാനുറച്ചു. പ്രതിധ്വനികള്‍ എന്നില്‍ നിറക്കാന്‍ തുടിച്ച മനസ്സോടെ... ഒരെണ്ണം എന്നില്‍ നിന്ന് പോയി ദൂരെയെവിടെയോ തട്ടി തിരിച്ചെത്തുമ്പോള്‍ മറ്റൊന്ന് തൊടുത്തു. ധ്വനികളും പ്രതിധ്വനികളും തമ്മില്‍ മല്‍സരിച്ചു. പണ്ട് വയല്‍ വരമ്പിലൂടെ നടക്കുമ്പോള്‍ കേട്ട പ്രതിധ്വനികള്‍ പോലെ..

''ജാസ്മിന്‍ എഴുന്നേല്‍ക്ക്.. യാത്രയുള്ളതല്ലേ ഇന്ന്..'' ഒരു ഞെട്ടല്‍. ഒരു പ്രതിധ്വനി തിരിച്ചെത്തിയില്ല. അതിനു മുമ്പ് ഉമ്മയുടെ വിളി. ഉമ്മയുടെ കൈ തട്ടി മാറ്റി എന്ന് തോന്നുന്നു. എനിക്കൽപം സങ്കടം തോന്നി. എനിക്കാ പ്രതിധ്വനി വീണ്ടും കേള്‍ക്കണമായിരുന്നു... അത് സ്വപ്നമായിരുന്നു എന്ന് തിരിച്ചറിവിലേക്ക് എത്തിയത് നിമിഷങ്ങള്‍ കഴിഞ്ഞാണ്. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുന്നതാണെങ്കില്‍ എനിക്ക് നിര്‍ബന്ധമായും ഞാന്‍ കണ്ട സ്വപ്നം അങ്ങനെതന്നെ സംഭവിക്കണം. നീര്‍ച്ചാട്ടത്തിലൂടെ നനഞ്ഞു കുളിരണം. കുട്ടിക്കാലത്ത് ഉപ്പയോടൊപ്പം വയല്‍ വരമ്പുകളിലൂടെയുള്ള ഓട്ടത്തിനിടയില്‍ ഉച്ചത്തില്‍ കൂവുമായിരുന്നു. ആ കൂവല്‍ തിരിച്ചെന്റെ ചെവിയില്‍ എത്തുന്നത് ഏറെ കൗതുകത്തോടെ ആസ്വദിക്കുമായിരുന്നു അന്ന്. ഒരു കൂവല്‍ തിരിച്ചെത്തി കഴിഞ്ഞാല്‍ വീണ്ടും കൂവും. അത് ഉപ്പ വഴക്കു പറഞ്ഞ് നിര്‍ത്തിക്കുന്നത് വരെ തുടരും. അന്നത്തെ ഒരു കൊച്ചുകുട്ടിയായി മാറാന്‍ എനിക്കാ സ്വപ്നത്തിലെ മൈതാനത്തില്‍ എത്തണം. നീണ്ട രാത്രിക്കൊടുവില്‍ പുലര്‍വേളയില്‍ കണ്ട സ്വപ്നം(യാഥാര്‍ഥ്യമാകുമോ...?) ഏറെ വ്യക്തതയോടെ ഒരു കുട്ടിക്കഥ വായിക്കുന്ന അനുഭവത്തോടെയാണ് കണ്ടു കിടന്നത്. അപരിചിതമായ ഇടങ്ങളില്‍ അപരിചിതമായ അനുഭവങ്ങളില്‍ മനസ്സില്‍ ഒരു തരം പകപ്പാണ് ഉണ്ടാവുക. പക്ഷേ സ്വപ്നാടനങ്ങളില്‍ നമ്മള്‍ എത്തിച്ചേരുന്ന അപരിചിതയിടം നമ്മുടേതായി മാറും പലപ്പോഴും. പ്രതീക്ഷകള്‍ മങ്ങിപ്പോകാതിരിക്കാനുള്ള ഒരു യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയ ശേഷമുള്ളൊരുറക്കത്തില്‍ കണ്ട സ്വപ്നം യാദൃശ്ചികം മാത്രമായി.

യാത്രക്ക് രാവിലെ അഞ്ചരക്ക് തുടക്കം കുറിക്കുന്നു. യാത്രയ്ക്കുള്ള ബസ് അഞ്ചുമണിക്ക് മൈന്‍ഡ് ചെയ്ഞ്ച് എന്ന എന്റെ സ്ഥാപനത്തിനു മുന്നില്‍ എത്തിയിട്ടുണ്ട്. യാത്രക്കാര്‍ ഓരോരുത്തരായി എത്തി. ഒറ്റയ്ക്ക് വന്നവരുണ്ട്. അച്ഛനോ ഭര്‍ത്താവോ മക്കളോ കൊണ്ടാക്കിയവരുണ്ട്. എല്ലാവരും നല്ല ഒരു ദിവസത്തിലേക്കുള്ള ആകാംക്ഷയിലാണ്. ഇരുപത്തഞ്ച് പേരാണ് യാത്രയില്‍ ഒപ്പം ചേരുന്നത്. എല്ലാവരെയും ശ്രദ്ധിക്കുന്നതിനിടയിലാണ് ഒരു മുഖം വല്ലാതെ മങ്ങി നില്‍ക്കുന്നത് കണ്ടത്. അവരെ കൊണ്ടുവിട്ട ഭര്‍ത്താവിലും ആ  മങ്ങലിന്റെ നിഴല്‍ ഉണ്ട്. നല്ലൊരു തുടക്കത്തിന് അവരിലെ ആ കറുപ്പില്‍ വെളുപ്പ് ചാലിച്ച് ചേര്‍ക്കാന്‍ ഞാനും മനസ്സൊരുക്കി. കൃത്യം അഞ്ചരയ്ക്ക് തന്നെ യാത്ര തുടങ്ങി. എന്റെ ഉമ്മയോളം പ്രായമുള്ള ഒരു സ്ത്രീയാണ് മങ്ങിയ മുഖമോടെ മനോഹരമായി തീരേണ്ടുന്ന ആ യാത്രയിലേക്ക് കയറിയത്. തിരിച്ചിറങ്ങുമ്പോള്‍ ആ മുഖത്തെ തെളിച്ചം കാണാന്‍ എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം വേണം എന്ന ചിന്തയോടെ ഞാനും വാഹനത്തിലേക്ക് കയറി. അവര്‍ നേടുന്ന തെളിച്ചം ജീവിതത്തില്‍ നിലനിന്നു പോവുകയും വേണമെന്ന് ആശിക്കുകയും ചെയ്തു. അവര്‍ക്കൊപ്പം ഇരുന്നയാളെ മറ്റൊരു സീറ്റിലേക്ക് മാറ്റി ഞാന്‍ അവരുടെ കൂടെയിരുന്നു.

''ഉമ്മാ'' ഞാന്‍ വിളിച്ചു. അവര്‍ ബസ്സിന്റെ ജനാലച്ചില്ലിനപ്പുറത്തെ ചെറുവെളിച്ചത്തില്‍ പ്രഭാത കാഴ്ചകളില്‍ കണ്ണും നട്ടാണ് ഇരുന്നിരുന്നത്. പക്ഷേ മനസ്സ് ആ കാഴ്ചകളിലല്ല എന്ന് എനിക്ക് മനസ്സിലായി. എന്റെ വിളികേട്ട് അവര്‍ തിരിഞ്ഞു. ''എന്തുപറ്റി നമ്മള്‍ നല്ലൊരു യാത്ര തുടങ്ങിയതല്ലേ എന്താ മുഖത്ത് ഒരു വിഷമം.'' സന്തോഷം കുറഞ്ഞ ഒരു ചിരി അവരുടെ മുഖത്ത് തെളിഞ്ഞു. ''എല്ലാ വിഷമങ്ങളും ഇന്നൊരു ദിവസത്തേക്ക് മാറ്റിവെച്ച് എല്ലാവരോടും ഒപ്പം ചേരൂ..'' ''ഞാന്‍ എന്റെ മോനെ കുറിച്ച് ഓര്‍ത്തതാണ് മോളെ. അവന് ഞാന്‍ ഇല്ലാതെ പറ്റില്ല. മുപ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞു. പക്ഷേ ഇപ്പോഴും നാലു വയസ്സുകാരനെ പോലെയാണ്. കഴിഞ്ഞ മുപ്പത്തിയഞ്ച് കൊല്ലവും അവനു വേണ്ടി മാത്രമാണ് ഞങ്ങളുടെ ജീവിതം.'' അവരുടെ ജീവിതം പറയാനുള്ള ഒരുക്കം ഞാന്‍ തടഞ്ഞില്ല. അവര്‍ പറയട്ടെ. മുപ്പതും മുപ്പത്തിയഞ്ചും നാല്‍പതും വയസ്സുള്ളവരുടെ ബുദ്ധി നാലും അഞ്ചും വയസ്സില്‍ തങ്ങിനിന്നു പോയ എത്രയോ കാഴ്ചകള്‍ ഞാന്‍ ഇതിനിടയ്ക്ക് മൈന്‍ഡ് ചെയ്ഞ്ചിലൂടെ കണ്ടുകഴിഞ്ഞു. അതുകൊണ്ട് എനിക്ക് ഉമ്മയെ ക്ഷമയോടെ കേള്‍ക്കാന്‍ കഴിയും. അവരെ അറിയാന്‍ പറ്റും. അവര്‍ മനസ്സ് തുറക്കട്ടെ. ''മോളുടെ യാത്രകളെക്കുറിച്ച് കേട്ടപ്പോള്‍ മോന്റെ ഉപ്പയാണ് പറഞ്ഞത് ഒരു യാത്രയില്‍ നീയും പോയി വാ... മോന്റെ കാര്യം  ഞാന്‍ നോക്കാം. എത്രകാലമായി ഇങ്ങനെ ഒതുങ്ങി കൂടി. ഒരു മാറ്റം വേണ്ടേ നിനക്ക്.'' ''നല്ല തീരുമാനമായി ഉമ്മാ.. നമ്മുടെ ആശ്വാസത്തിനായി ചില മറവികള്‍ ആവശ്യമെങ്കില്‍ ഇടക്കെങ്കിലും ചെയ്തേ പറ്റൂ.. യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളുമ്പോള്‍ ഈ മാറ്റിനിര്‍ത്തലുകള്‍ ചിലപ്പോള്‍ എങ്കിലും വേണ്ടതാണ്.''

ചില്ലുജനാലപ്പുറത്തെ കാഴ്ചകളിലൂടെ അവരുടെ മനസ്സ് കനം കുറഞ്ഞ് ബസ്സിനുള്ളിലെ മനസ്സുകള്‍ക്കൊപ്പം പാറി തുടങ്ങി. യാത്രയില്‍ ഒപ്പം ചേര്‍ന്നിട്ടുള്ള എല്ലാ സ്ത്രീകളും പല സാഹചര്യങ്ങളെയും അതിജീവിക്കാന്‍ ഒരു മാറ്റം തേടിയെത്തിയവരാണ്. ഇരുപത്തിയഞ്ച് പേര്‍ക്കും ഇരുപത്തിയഞ്ച് അനുഭവങ്ങളാണ്. എല്ലാവരും തങ്ങളുടെ പ്രശ്നങ്ങള്‍ എന്നോട് പങ്കുവെച്ചവരാണ്. ഈ ഉമ്മ മാത്രം ഇന്നലെ വൈകുന്നേരം ആണ് യാത്രയിലേക്ക് വരുന്നത്. അതുകൊണ്ടുതന്നെ എനിക്ക് അവരുടെ വിഷമം കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. 'മൈന്‍ഡ് ഫ്രഷി'ന്റെ 'ജാസ്മിന്‍സ് ഹീലിംഗ് ഹെവന്‍' എന്ന പ്രൊജക്ടിന്റെ ഭാഗമാണ് ഈ യാത്ര. ഒരു മോട്ടിവേഷണല്‍ ട്രെയിനര്‍ അല്ലെങ്കില്‍ കൗണ്‍സിലര്‍ എന്ന നിലക്ക് സ്ത്രീകള്‍ക്ക് വേണ്ടി നടത്തുന്ന ആറാമത്തെ യാത്രയാണിത്. മനോഹരമായ നിമിഷങ്ങള്‍ നല്‍കാനും അനുഭവിക്കാനും ഇടയാക്കിയ അഞ്ച് യാത്രകള്‍ കഴിഞ്ഞു. ആറാമത്തെ യാത്രയെ പ്രചോദിപ്പിക്കുന്നത് അവയിലെ തിരിച്ചറിവുകളാണ്. സ്നേഹം കൊടുത്തും കൊണ്ടുമുള്ള യാത്രകള്‍. 'മൈന്‍ഡ് ചെയ്ഞ്ചി'ന്റെ അഭിമാനകരമായ നിമിഷങ്ങളിലൂടെയാണ് ഞാന്‍ കഴിഞ്ഞ രണ്ടു കൊല്ലമായി കടന്നുപോകുന്നത്. സീറോയില്‍ നിന്ന് ഹീറോ ആയി മാറാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് എന്റെ ചുമലില്‍ തട്ടി ഞാന്‍ അഭിമാനിക്കുന്നുണ്ട്. ഒന്നുമല്ലാതിരുന്ന ജാസ്മിന്‍ എന്ന ഞാന്‍ ഹീറോ ആയിട്ടുണ്ടെങ്കില്‍ എനിക്കൊപ്പം ചേരുന്നവരെയെല്ലാം ഹീറോസ് ആക്കാന്‍ എനിക്ക് കഴിയും എന്ന ആത്മവിശ്വാസം നേടി തന്നത് 'മൈന്‍ഡ് ചെയ്ഞ്ച്' എന്ന എന്റെ സ്ഥാപനമാണ്. അതിനുള്ളിലൂടെ ഞാന്‍ കടന്നുപോയ അനുഭവങ്ങളാണ്. 

വെറുമൊരു പ്രീഡിഗ്രിക്കാരി ഭാര്യയായി, അമ്മയായി ചുമരുകള്‍ക്കുള്ളില്‍ ഉള്‍വലിയലിന്റെ എല്ലാ ഭാവത്തോടുകൂടിയും ജീവിക്കുമ്പോള്‍, ഞാന്‍ ഇങ്ങനെ ആവരുത് എന്ന ഒരു ബോധം ഉള്ളിൽ എവിടെയോ ഉണ്ടായിരുന്നതാണ് 'മൈന്‍ഡ് ചേയ്ഞ്ച് ' എന്ന സ്ഥാപനം തുടങ്ങുന്നതിലേക്ക് എന്നെ എത്തിച്ചത്. എനിക്ക് മുന്നിലിരിക്കുന്നവരെ കേള്‍ക്കാനുള്ള ഒരു മനസ്സ് എനിക്കുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ വാക്കുകളും നോട്ടങ്ങളും സ്പര്‍ശനങ്ങളും മറ്റുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട് എന്നും എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. എനിക്കൊപ്പം ചേരുന്നവരുടെ മനസ്സിന് ഊര്‍ജ്ജം നല്‍കാനാണ് ഞാന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. വീട്ടുചുമരുകള്‍ ഭേദിച്ച് ഞാന്‍ പുറത്തേക്കിറങ്ങിയത് അങ്ങനെ ആണ്. സൈക്കോളജിയിലെ ഡിഗ്രിയും പി.ജിയും എടുക്കുക എന്നത് എന്റെ ചുവടുമാറ്റത്തിന് അനിവാര്യമാകുകയും അത് നേടുകയും ചെയ്തു. പതിനഞ്ച് വയസ്സ് മുതല്‍ എഴുപത് വയസ്സ് വരെയുള്ളവര്‍ ഉണ്ട് ഇന്നത്തെ യാത്രയില്‍. നിലമ്പൂരിനടുത്തുള്ള ഒരു റിസോര്‍ട്ടിലെ ശാന്തമായ ഒരു അന്തരീക്ഷത്തിലേക്ക് ഞാന്‍ ഇവരെ കൊണ്ടുപോകുന്നത്. ഏതു പ്രായത്തിലുള്ളവരായാലും അവരുടെ മനപ്രയാസത്തെ കുറച്ചെങ്കിലും പിഴുതെറിയാനുള്ള പരിശീലനം നേടാന്‍ എന്നോടൊപ്പം ചേരുന്ന നിമിഷങ്ങളിലൂടെ അവര്‍ക്ക് കഴിയണം. എന്റെ ശ്രമം അവിടെയാകണം ഫലം കണ്ടെത്തുന്നത്. കഴിഞ്ഞ അഞ്ചു യാത്രകളിലും പങ്കെടുത്തവരുടെ തെളിഞ്ഞ മുഖങ്ങള്‍ അടുത്ത യാത്രകളിലേക്ക് എന്നെ കൊണ്ടെത്തിക്കുകയാണ്. 

ബസ്സ് കവലകള്‍ പിന്നിടുന്നതിനിടയ്ക്ക് ഞാന്‍ അവരിലേക്ക് മൈക്ക് നല്‍കി. ഓരോരുത്തരും മനസ്സിലുള്ളത് പറയട്ടെ... ഇരുപത്തിയഞ്ച് പേരും പരസ്പരം അറിയട്ടെ. മക്കളുടെ മരണം, ഭര്‍ത്താവിന്റെ മരണം എന്നിവ തളര്‍ത്തിയ ജീവിതങ്ങള്‍, എല്ലാവരും ഉണ്ടെങ്കിലും വലിഞ്ഞു മുറുകുന്ന നിമിഷങ്ങള്‍ നിറഞ്ഞ ജീവിതങ്ങള്‍ പുതിയ അനുഭവം തേടുന്ന ചിലര്‍, അങ്ങനെ എല്ലാവരും നിറയെ വിശേഷങ്ങള്‍ പങ്കുവച്ചു. ശാരീരിക വേദനകള്‍ തളര്‍ത്തിയവരുമുണ്ട് ആ കൂട്ടത്തില്‍. വേദന കാരണം കാല്‍ താഴ്ത്തിയിടാന്‍ കഴിയാതെ ഉയരത്തിലേക്ക് കയറ്റി വച്ചിരിക്കുന്ന ഒരു ചേച്ചിക്ക് കൂട്ടായി വന്നത് അനിയത്തിയാണ്. തന്റെ വേദനകളെ കുറിച്ച് മാത്രമായിരുന്നു ചേച്ചിയുടെ ചിന്ത. ''ചേച്ചിയുടെ വിഷമങ്ങള്‍ ഒരു ദിവസത്തേക്ക് എങ്കിലും മറക്കണം. അവള്‍ യാത്ര ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ കൂട്ടു വന്നത്. ഞാന്‍ പോന്നില്ലെങ്കില്‍ ഇവള്‍ മടിച്ച് വീട്ടില്‍ തന്നെ ഇരിക്കും.'' അനിയത്തി അവരുടെ യാത്രയുടെ ഉദ്ദേശം പറഞ്ഞു. ''അടുക്കളയില്ലാത്ത ഒരു ദിവസത്തെ കാണാനാണ് ഞാന്‍ പുറത്തിറങ്ങിയത്.'' മറ്റൊരാളുടെ വാക്കുകളാണ്. ''ഒരു യാത്രയ്ക്ക് വേണ്ടിയാണ് ഞാന്‍ കൂട്ടത്തില്‍ കൂടിയത്.'' കൂട്ടത്തിലുള്ള ഒരു ടീച്ചര്‍ പറഞ്ഞു. ''ചുറ്റുമുള്ള ആജ്ഞകളില്‍ നിന്നും ചോദ്യം ചെയ്യലുകളില്‍ നിന്നും ഒരു ദിവസത്തേക്ക് എങ്കിലും ഉള്ള മോചനമാണ് എന്റെ ലക്ഷ്യം.'' പിന്‍സീറ്റില്‍ ഏറ്റവും അറ്റത്തിരിക്കുന്ന വെള്ളാരംകണ്ണുള്ളവള്‍ പറഞ്ഞു. അവളുടെ മുഖത്ത് ആരോടൊക്കെയുള്ള ദേഷ്യം നിഴലിച്ചു. ചിലര്‍ മുന്‍ യാത്രകളുടെ സുഖം പറ്റി വീണ്ടും കൂടിയവര്‍.

ഒരു ബാല്യത്തില്‍ എന്ന പോലെയുള്ള സുന്ദരമായ നിമിഷങ്ങളിലേക്കുള്ള ഒരു തിരിച്ചു യാത്രയ്ക്കാണ് കൂട്ടത്തില്‍ കൂടിയവരെല്ലാം ആഗ്രഹിക്കുന്നതെന്ന് എനിക്ക് തോന്നി. അവരുടെ ആഗ്രഹങ്ങളുടെ പ്രതിധ്വനികള്‍ എന്നില്‍ മുഴങ്ങിക്കൊണ്ടിരുന്നു. എല്ലാവരെയും കുറെ കൂടി കേട്ട് അറിഞ്ഞ് ഞാന്‍ ആ സ്ത്രീകളിലേക്ക് ചേര്‍ന്നിരുന്നു. കണ്ടു മുഴുവനാവാത്ത രാവിലത്തെ സ്വപ്നം അപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു. മൂന്നുവര്‍ഷം മുമ്പാണ് 'മൈന്റ് ചെയ്ഞ്ച് ' എന്ന സ്ഥാപനം ഞാന്‍ തുടങ്ങുന്നത്. കുട്ടികള്‍ക്കായുള്ള പരിശീലനമാണ് ആദ്യം ഏറ്റെടുത്തത്. അത്തരം കുട്ടികളുടെ പ്രശ്നപരിഹാരങ്ങളിലേക്ക് എത്താന്‍ അവരുടെ രക്ഷിതാക്കളുമായി കൂടുതല്‍ ഇടപെടുകയും സംസാരിക്കുകയും വേണ്ടിവന്നു. അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ കുട്ടികളുടെ പ്രശ്നങ്ങളോളം പ്രാധാന്യമുള്ളതെന്ന് എനിക്ക് തോന്നിയിരുന്നു. അവരെയും ഞാന്‍ ചേര്‍ത്തു നിര്‍ത്തി. പുഞ്ചിരിയുടെയും ആശ്വാസത്തിന്റെയും തെളിച്ചം അവരില്‍ എത്തിച്ചു. പല പ്രശ്നങ്ങളേയും മറക്കാനും പുതിയ അനുഭവങ്ങള്‍ കണ്ടെത്താനും വിഷമങ്ങളെ അതിജീവിക്കാനും കരുത്തേകും എന്ന തിരിച്ചറിവിലാണ് ഞാന്‍ ഇത്തരം ആളുകള്‍ക്കായി യാത്രകള്‍ സംഘടിപ്പിച്ചത്. നിലമ്പൂരിന്റെ ചന്തത്തിലേക്ക് ബസ് എത്തിയിരിക്കുന്നു. മനോഹരമായ കുന്നിന്‍ ചെരുവില്‍ റിസോര്‍ട്ട് എന്നെ ഒന്നമ്പരപ്പിച്ചു. രാവിലെ കണ്ട സ്വപ്നത്തിലെ പ്രതിധ്വനികള്‍ എന്നിലേക്ക് അലയടിച്ചെത്തി.

മഴക്കാലമായതുകൊണ്ട് റെയിന്‍കോട്ട് എടുക്കാന്‍ എല്ലാവരോടും ഞാന്‍ പറഞ്ഞിരുന്നു. ബസ്സിറങ്ങുമ്പോഴേ മഴത്തുള്ളികള്‍ ചരിഞ്ഞിറങ്ങി. എല്ലാവരും കോട്ടെടുത്തിട്ടു. പലനിറത്തിലുള്ള കോട്ടുകള്‍. റിസോര്‍ട്ടിനുള്ളിലെ പച്ചപ്പില്‍ പെയ്യുന്ന മഴയിലേക്ക് പല വര്‍ണ്ണങ്ങള്‍ ചേര്‍ന്നിറങ്ങിയപ്പോള്‍ അത് മറ്റൊരു അനുഭവത്തിലേക്ക് എത്തുകയായിരുന്നു. മനോഹരമായ ഒരു മഴ നൃത്തത്തിലൂടെ ആ ദിനം കുറിക്കപ്പെട്ടു. മഴയില്‍ അവര്‍ ചുവടുകള്‍ വച്ചു. അവര്‍ക്കറിയാവുന്ന രീതിയില്‍. സുന്ദരമായ ആ നിമിഷങ്ങളിലേക്ക് ഞാനും ചേര്‍ന്നു. മുന്‍ധാരണകളില്ലാത്ത ഒരു ആഹ്ലാദപ്പെയ്ത്തിലേക്ക് ആ നിമിഷങ്ങളെ കൊണ്ടുപോകാന്‍ പറ്റി. പാട്ടുപാടി, നൃത്തം ചവിട്ടി, മഴത്തുള്ളികളെ കയ്യില്‍ കോരിയെടുത്ത് ആ മഴയുടെ നനവിനെ എല്ലാവരുടെയും ഹൃദയത്തിലേക്ക് ഒഴുക്കി വിട്ടു. മെഡിറ്റേഷന്റെ ഗുണഫലങ്ങള്‍ കുറച്ചുനേരത്തേക്കെങ്കിലും എത്തിക്കാന്‍ ഒരു മരത്തണലില്‍ ഒന്നിച്ചിരുത്തി. ''നിങ്ങളിപ്പോള്‍ നിങ്ങളുടെ കുട്ടിക്കാലത്തിലാണ്. അച്ഛനമ്മമാരുടെ കരുതലിന്റെ കൈകള്‍ക്കുള്ളില്‍ ആണ്. സഹോദരി സഹോദരന്മാരുടെ സ്നേഹവലയത്തിനുള്ളിലാണ്.'' ഞാനവരെ ഓര്‍മ്മകളുടെ വഴികളിലൂടെ കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങി. മനസ്സുകൊണ്ടുള്ള വഴിനടത്തങ്ങളില്‍ അവരുടെ മുഖത്ത് നിരവധി ഭാവങ്ങള്‍ മാറി മറയുന്നത് എനിക്ക് കാണാമായിരുന്നു. കുട്ടിക്കാലത്തിലൂടെയും കൗമാരത്തിലൂടെയും യൗവനത്തിലൂടെയുമെല്ലാമുള്ള സഞ്ചാരം പലരുടെയും കവിള്‍ത്തടത്തിലെ നീര്‍ച്ചാലുകളില്‍ നിന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കലുഷിതമായ മനസ്സുകളെ മെല്ലെ ശാന്തതയിലേക്കെത്തിച്ച് അവരുടെ വഴികാട്ടി സ്വന്തം മനസ്സും കാലടികളും തന്നെയാണ് ഞാന്‍ കാണിച്ചു കൊടുത്തു. ഒരു മണിക്കൂറോളം നീണ്ടുനിന്ന മെഡിറ്റേഷനും അതിന്റെ തുടര്‍ പ്രക്രിയകളും ഇരുപത്തിയഞ്ച് മനസ്സുകളെയും റിഫ്രഷ് ചെയ്തു. നമ്മള്‍ നമ്മെ തിരിച്ചറിയണം. നമുക്കായി ജീവിക്കാന്‍ ശ്രമിക്കണം എന്ന് ഓരോരുത്തരും തിരിച്ചറിയുന്ന നിമിഷങ്ങള്‍ ഞാനും എന്റെ 'മൈന്റ് ചെയ്ഞ്ചും' സ്വാര്‍ഥകമാവുകയാണ്. 

''കുട്ടിക്കാലത്തും യൗവനത്തിലും നിങ്ങളോട് തെറ്റ് ചെയ്തവരോട് നിങ്ങള്‍ക്ക് ക്ഷമിക്കാന്‍ പറ്റുമോ..? ക്ഷമിക്കുമെങ്കില്‍ നിങ്ങള്‍ അവരോട് തണുത്ത മനസ്സോടെ ക്ഷമിച്ചിരിക്കുന്നു എന്ന് പറയു.. അങ്ങനെ പറ്റാത്തവര്‍ നിങ്ങളുടെ കൈകളില്‍ തന്നിരിക്കുന്ന തലയണയില്‍ അടിച്ച് നിങ്ങളുടെ ദേഷ്യം ഒതുക്കി നിര്‍ത്തൂ.  നിങ്ങള്‍ക്ക് ദേഷ്യം ഉള്ളവരെ ഓര്‍ത്ത്, നിങ്ങള്‍ അനുഭവിച്ച വേദനകളെ ഓര്‍ത്ത് ആഞ്ഞാഞ്ഞടിക്കു.... ആഞ്ഞാഞ്ഞടിക്കൂ...'' അവരിലെ ദേഷ്യം മുഴുവന്‍ തകര്‍ന്നടിയാനായി ഞാനെന്റെ മുഴുവന്‍ ശക്തിയുമെടുത്ത് പറഞ്ഞു. തങ്ങളെ വേദനിപ്പിച്ചവരോടുള്ള ദേഷ്യം തലയണകളില്‍ ആഞ്ഞടിച്ച് അവര്‍ തീര്‍ത്തു. തലയണകളില്‍ നിന്ന് പാറി പറന്ന പഞ്ഞിക്കെട്ടിനൊപ്പം അവരുടെ മനസ്സിലെ കാലുഷ്യവും പാറി പറന്നു. സിമ്മിംഗ് ഡ്രസ്സ് ഇട്ട് പൂളില്‍ ഇറങ്ങിയപ്പോള്‍ അവരെല്ലാം കുട്ടികളായി. ഒഴുകി വീഴുന്ന വെള്ളത്തിന് ചുവട്ടില്‍ അവര്‍ നനഞ്ഞ് കുതിര്‍ന്നു. തെളിഞ്ഞ പരന്നുകിടക്കുന്ന നീല നിറത്തിലുള്ള വെള്ളത്തില്‍ കൈകാലിട്ട് അടിക്കുന്നവരില്‍ കാല്‍ നിലത്തു വയ്ക്കാന്‍ കഴിയാതെ ഒരു ഉയരത്തിലേക്ക് കയറ്റി വച്ചിരുന്ന ചേച്ചിയെ ഞാന്‍ കണ്ടു. മങ്ങിയ മുഖത്തോടെ ബസ്സിലേക്ക് കയറി യാത്ര പുറപ്പെട്ട ഉമ്മയുടെ മുഖത്തെ തെളിച്ചവും ഞാന്‍ അവര്‍ക്കിടയില്‍ കണ്ടു. വെള്ളാരംകണ്ണുകാരിയോടൊപ്പം മറ്റെല്ലാവരും പല വര്‍ണ്ണങ്ങളിലുള്ള ബലൂണുകള്‍ ഊതി വൈകുന്നേരത്തിന്റെ ആകാശസീമയിലേക്ക് പറത്തി വിട്ടു. ആ വര്‍ണങ്ങളില്‍ അവര്‍ അവരുടെ മനസ്സുകള്‍ കണ്ടു. അവരെ തന്നെ കണ്ടു. എല്ലാവരും ചേര്‍ന്ന് ഉറക്കെ കൂവാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അവര്‍ ഉറക്കെ കൂവി. കൂവലിന്റെ പ്രതിധ്വനി റിസോര്‍ട്ടിനപ്പുറത്തുള്ള കുന്നില്‍ തട്ടി തിരിച്ചുവന്നു. അവര്‍ വീണ്ടും കൂവി അടുത്ത പ്രതിധ്വനിക്കായി കാത്തുനിന്നു.

English Summary:

Malayalam Short Story ' Prathidhwani ' Written by Umasree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com