ഓസ്കറിനുള്ള ഇന്ത്യൻ സിനിമകളുടെ സ്ക്രീനിങ്ങിനു തുടക്കം; ‘നായാട്ട്’ പട്ടികയിൽ
Mail This Article
ഇത്തവണത്തെ ഓസ്കർ അവാർഡിനു പരിഗണിക്കാനുള്ള ഇന്ത്യൻ സിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള സ്ക്രീനിങ് ആരംഭിച്ചു. സംവിധായകൻ ഷാജി എൻ. കരുൺ അധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങൾ തിരഞ്ഞെടുക്കുക. മലയാളത്തിൽനിന്നു നായാട്ട് മത്സരിക്കുന്നു എന്നതാണ് ഇതിൽ ശ്രദ്ധേയം.
കൊൽക്കത്തയിലെ ഭവാനിപുരിൽ വച്ച് പതിനഞ്ചോളം വിധികർത്താക്കൾ അടങ്ങിയ പാനലാണ്, ഓസ്കർ വേദിയിൽ ഇന്ത്യൻ സിനിമയെ പ്രതിനിധാനം ചെയ്യുന്ന ചലച്ചിത്രത്തെ തിരഞ്ഞെടുക്കുന്നത്. രാജ്യത്തെ വിവിധഭാഷകളിൽ നിന്നുള്ള പതിനാലോളം സിനിമകളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
അടുത്ത മാർച്ച് 27 നാണ് 94-ാമത് ഓസ്കർ പുരസ്കാര സമർപ്പണച്ചടങ്ങ് നടക്കുന്നത്. ഇതിന് മുന്നോടിയായി ഫെബ്രുവരിയിൽ ഓസ്കർ നോമിനേഷൻസ് പ്രഖ്യാപിക്കും.
മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച നായാട്ട്, യോഗി ബാബു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് ചിത്രം മണ്ടേല, ചെല്ലോ ഷോ എന്ന ഗുജറാത്തി സിനിമ എന്നിവയാണ് പട്ടികയിൽ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനിയായ ഉദ്ദം സിംഗിന്റെ ജീവിതം പറഞ്ഞ സർദാർ ഉദ്ദം എന്ന സിനിമയും വിദ്യാ ബാലൻ അഭിനയിച്ചു ഫലിപ്പിച്ച ഷേര്‍ണിയും പട്ടികയിലുണ്ട്.