‘ഈ പടം ഞാൻ കാണും’; ജിഗർതാണ്ട ടീമിനെ ഞെട്ടിച്ച് ക്ലിന്റ് ഈസ്റ്റ്‍വുഡിന്റെ മറുപടി

Mail This Article
‘ജിഗർതാണ്ട ഡബിൾ എക്സ്’ പ്രേമികൾക്കു മുമ്പിൽ വമ്പനൊരു സന്തോഷം പങ്കുവച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജ്. ചിത്രത്തെക്കുറിച്ച് ഹോളിവുഡ് താരം ക്ലിന്റ് ഈസ്റ്റ്‍വുഡ് നടത്തിയ പ്രതികരണം ആരാധകർക്കായി കാർത്തിക് സുബ്ബരാജ് പങ്കുവച്ചു. ജിഗർതാണ്ട ഡബിൾ എക്സിനെക്കുറിച്ചുള്ള ചർച്ചകൾ അദ്ദേഹം അറിയുന്നുണ്ടെന്നും വൈകാതെ സിനിമ കാണുമെന്നും ക്ലിന്റ് ഈസ്റ്റ‍്‌വുഡ് ഔദ്യോഗികമായി അറിയിച്ചതായി കാർത്തിക് സുബ്ബരാജ് വെളിപ്പെടുത്തി. സിനിമയ്ക്കും ക്ലിന്റ് ഈസ്റ്റ്‍വുഡിനുമുള്ള ആദരമാണ് കാർത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രം ജിഗർതാണ്ട ഡബിൾ എക്സ്.
കാർത്തിക് സുബ്ബരാജിന്റെ വാക്കുകൾ: "സ്വപ്നതുല്യം! ഇതിഹാസതാരം ക്ലിന്റ് ഈസ്റ്റ്‍വുഡ് ജിഗർതാണ്ട ഡബിൾ എക്സിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നു. വൈകാതെ അദ്ദേഹം സിനിമ കാണും. അദ്ദേഹത്തിന്റെ ഇന്ത്യയിലെ ലക്ഷക്കണക്കിന് ആരാധകരുടെ പേരിൽ ഞാനൊരുക്കിയ ആദരമാണ് ജിഗർതണ്ട ഡബിൾ എക്സ് എന്ന സിനിമ. സിനിമയെക്കുറിച്ച് അദ്ദേഹം എന്താകും പറയുക എന്നറിയാൻ കാത്തിരിക്കുന്നു. ട്വിറ്ററിലെ ജിഗർതാണ്ട ഡബിൾ എക്സ് ആരാധകർക്കു നന്ദി! നിങ്ങളാണ് ഈ സിനിമയെ അദ്ദേഹത്തിലേക്കെത്തിച്ചത്!"
പുതിയ സിനിമയുടെ ചിത്രീകരണത്തിനു ശേഷം ജിഗർതാണ്ട ഡബിൾ എക്സ് കാണുമെന്ന് അറിയിച്ചുകൊണ്ടുള്ള ക്ലിന്റ് ഈസ്റ്റ്‍വുഡിന്റെ ട്വീറ്റും കാർത്തിക് പങ്കുവച്ചു. ഗംഭീര പ്രതികരണമാണ് ഈ വാർത്തയ്ക്ക് ജിഗർതാണ്ട ആരാധകരിൽ നിന്നു ലഭിക്കുന്നത്.
മോഡേൺ ക്ലാസിക് എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ എസ്.ജെ സൂര്യ, രാഘവേന്ദ്ര ലോറൻസ് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.
ഷൈൻ ടോം ചാക്കോ, വിഷ്ണു ഗോവിന്ദ്, നിമിഷ സജയൻ, അഷറഫ് മല്ലിശ്ശേരി തുടങ്ങിയ മലയാളി താരങ്ങളും ജിഗർതണ്ട ഡബിൾ എക്സിൽ ഗംഭീര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.