ADVERTISEMENT

കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ അഭിനയത്തിൽ നിന്നും വിരമിക്കുന്നുവെന്ന് പ്രഖ്യാപിച്ച് നടൻ വിക്രാന്ത് മാസി. ട്വൽത് ഫെയ്ൽ, സെക്ടർ 36 തുടങ്ങിയ സിനിമകളിൽ ഗംഭീര പ്രകടനം കൊണ്ട് ഞെട്ടിച്ച താരത്തിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. ദ് സബർമതി റിപ്പോർട്ട് എന്ന ചിത്രത്തിലാണ് വിക്രാന്ത് അവസാനമായി അഭിനയിച്ചത്.

ഭർത്താവ്, പിതാവ്, മകൻ എന്ന എന്ന നിലയിൽ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുണ്ടെന്നും അതിനായി വീട്ടിലേക്ക് മടങ്ങുന്നുവെന്നും നടന്‍ പറയുന്നു. അടുത്തവര്‍ഷം വരുന്ന രണ്ട് ചിത്രങ്ങളായിരിക്കും തന്‍റെ അവസാന സിനിമകളെന്നും നടൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച കുറിപ്പിൽ പറയുന്നു. 

vikrant-massey22
സെക്ടർ 36 എന്ന ചിത്രത്തിൽ വിക്രാന്ത്

‘‘കഴിഞ്ഞ കുറച്ച് വർഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഞാൻ ഓരോരുത്തർക്കും നന്ദി പറയുന്നു. എന്നാൽ ഞാൻ മുന്നോട്ട് പോകുമ്പോൾ, വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരു ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ. ഒപ്പം ഒരു നടൻ എന്ന നിലയിലും. 

അതിനാൽ, 2025-ൽ നമ്മള്‍ പരസ്പരം അവസാനമായി കാണും. അവസാന 2 സിനിമകളും ഒരുപാട് വർഷത്തെ ഓർമകളുമുണ്ട്. വീണ്ടും നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു.’’ വിക്രാന്ത് മാസി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

സിനിമാ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നടൻ ഇപ്പോൾ കടന്നുപോകുന്നത്. ട്വൽത്ത് ഫെയ്ൽ, നെറ്റ്ഫ്ലിക്സ് ചിത്രം സെക്ടർ 36, ഈ അടുത്ത് റിലീസ് ചെയ്ത സബർമതി എക്സ്പ്രസ് എന്നീ സിനിമകൾ വലിയ വിജയം കൈവരിച്ചിരുന്നു. തിരഞ്ഞെടുക്കുന്ന പ്രമേയങ്ങൾ കൊണ്ടും അഭിനയത്തിലെ പൂർണത കൊണ്ടും ഏറെ ആരാധകരെ നേടിയെടുത്ത താരത്തിന് വെറും 37 വയസ്സ് മാത്രമാണ് പ്രായം.

ധൂം മച്ചാവോ ധൂം എന്ന ടെലിവിഷൻ ഷോയിലൂടെയാണ് നടൻ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ധരം വീർ, ബാലിക വധു തുടങ്ങിയ ഷോകളിലൂടെ ഹിന്ദി മേഖലയില്‍ പ്രശസ്തനായ സീരിയല്‍ താരമായി മാറി. പിന്നീട് രൺവീർ സിങ്-സോനാക്ഷി സിൻഹ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ വിക്രമാദിത്യ മോഠ്വനിയുടെ ലൂട്ടേര എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം. മിർസാപൂർ പരമ്പരയിലെ ബബ്ലു പണ്ഡിറ്റിന്‍റെ വേഷം അദ്ദേഹത്തിന്‍റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു 

English Summary:

Vikrant Massey announces retirement from film industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com