കാണുന്നവരിലേക്കും പടരുന്ന ‘വൈറസ്’: റിവ്യു
Mail This Article
നിപ്പ- പ്രതിരോധ മരുന്നില്ലാത്ത വൈറസ്. ഒരിക്കൽ പിടിപെട്ടാൽ അതിജീവന സാധ്യത 20 ശതമാനത്തിൽ താഴെ. വൈറസ് എവിടെനിന്നു വന്നു, ആരിലേക്കൊക്കെ എത്തി എന്നറിയാൻ കഴിയാത്ത അവസ്ഥ. പരിമിതികളുടെ നടുവിൽ നിന്നിട്ടും സർക്കാർ സംവിധാനങ്ങളുടെയും ജനങ്ങളുടെയും ഒറ്റക്കെട്ടായ പ്രവർത്തനങ്ങളിലൂടെ നിപ്പയെ പിടിച്ചുകെട്ടിയ ചരിത്രമാണ് ‘വൈറസ്’ എന്ന സിനിമയിലൂടെ ആഷിഖ് അബു രേഖപ്പെടുത്താൻ ശ്രമിക്കുന്നത്. കേരളത്തെ മുൾമുനയിൽ നിർത്തിയ രോഗത്തെക്കുറിച്ചുള്ള സിനിമ റിലീസ് ചെയ്യാൻ കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ അതേ രോഗം പുനരവതരിക്കുക, അതിനെ വീണ്ടും ഫലപ്രദമായി തടയുക തുടങ്ങിയ യാദൃച്ഛികതകളും ശ്രദ്ധേയമാണ്...
പേരാമ്പ്രയിലെ ഒരു കുടുംബത്തിൽ നിന്നാരംഭിക്കുന്ന രോഗബാധ ചില ഡോക്ടർമാരിൽ സന്ദേഹം ജനിപ്പിക്കുന്നു. പക്ഷേ രോഗം തിരിച്ചറിഞ്ഞപ്പോഴേക്കും അത് പലരിലേക്കും പടർന്നിരുന്നു. രോഗത്തിന്റെ സംഹാരശേഷിയേക്കാൾ അതുണ്ടാക്കിയ ഭീതി സമൂഹത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്ന് ചിത്രം വിവരിക്കുന്നു. രോഗത്തിന്റെ ആവിർഭാവവും മരണവും പ്രതിരോധവും ആദ്യ പകുതി സജീവമാക്കുമ്പോൾ രണ്ടാം പകുതി രോഗത്തിന്റെ ഉറവിടം തേടി നടത്തുന്ന അന്വേഷണമാണ്. അതിനോട് ബന്ധപ്പെട്ടു കിടക്കുന്ന നിഗൂഢതകളും ചിത്രത്തിന് ത്രില്ലർ സ്വഭാവം നൽകുന്നു.
ഒരുവശത്തു രോഗം പത്തിമടക്കുന്നതിന് സമാന്തരമായി, നിപ്പയുടെ ഉറവിടം തേടിയുള്ള യാത്ര കൊണ്ടെത്തിക്കുന്ന തിരിച്ചറിവുകളിലാണ് ചിത്രം ഉപസംഹരിക്കുന്നത്. നിപ്പയെ പ്രതിരോധിക്കുന്ന പോരാട്ടത്തിൽ സ്വന്തം ജീവൻ ത്യജിച്ച ലിനി എന്ന നഴ്സ് ചിത്രത്തിൽ അഖിലയായി തന്റെ ജീവിതം ഒരിക്കൽ കൂടി പറയാനെത്തുന്നു എന്നതും എടുത്തുപറയേണ്ട കാര്യമാണ്.
സിനിമയും ജീവിതവും ഏതെന്നു തിരിച്ചറിയാനാകാത്ത വിധം ഇഴചേർന്നു കിടക്കുകയാണ് ചിത്രത്തിൽ. സിനിമ ആവശ്യപ്പെടുന്ന ഫിക്‌ഷന്റെ സാധ്യതകൾ ഉപയോഗിക്കുമ്പോൾത്തന്നെ വസ്തുതാപരമായി അങ്ങേയറ്റം റിയലിസ്റ്റിക്കായി കഥ പറയാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഭീതി, പോരാട്ടം, അതിജീവനം. ഇങ്ങനെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.
ചിത്രത്തിന്റെ കാസ്റ്റിങ് അഭിനന്ദനം അർഹിക്കുന്നു. എല്ലാ കഥാപാത്രങ്ങൾക്കും അർഹമായ പ്രാധാന്യം നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏകനായക കേന്ദ്രീകൃതമായ സിനിമയുടെ സമവാക്യങ്ങൾ തിരുത്തിക്കുറിക്കുകയാണ് ചിത്രം. ഭൂരിഭാഗം കഥാപാത്രങ്ങളും തങ്ങളുടെ പ്രവൃത്തി കൊണ്ട് വീരോചിതമായ സ്ഥാനം അലങ്കരിക്കുന്നവരാണ്. അതുകൊണ്ടുതന്നെ കുറച്ചുപേരുടെ പ്രകടനം മാത്രം എടുത്തുപറഞ്ഞാൽ അനീതിയാകും.
കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, ആസിഫ് അലി, ഇന്ദ്രജിത്, സൗബിൻ ഷാഹിർ, ജോജു, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, രേവതി, റിമ കല്ലിങ്കൽ, പാർവതി, രമ്യ നമ്പീശൻ, മഡോണ സെബാസ്റ്റ്യൻ, പൂർണിമ ഇന്ദ്രജിത് തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ഒപിഎമ്മിന്റെ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്ന് നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്നു. എഡിറ്റര്‍ സൈജു ശ്രീധരൻ. വസ്ത്രാലങ്കാരം സമീറ സനീഷ്.
ചിത്രത്തിന്റെ സാങ്കേതിക മേഖലയിലും മികച്ച കൂട്ടുകെട്ടിന്റെ മികവാണ് പ്രകടമാകുന്നത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഫ്രെയിമുകളുമായി രാജീവ് രവിയുടെ ഛായാഗ്രഹണം വിസ്മയിപ്പിക്കുന്നു. സുഷിന്റെ പശ്ചാത്തലസംഗീതം അതിനു പിന്തുണയേകുന്നു.
പ്രളയം വന്നപ്പോൾ നാം നിപ്പയുടെ പോരാളികളെ മറന്നുപോയി. അവരെ ഓർക്കാനുള്ളൊരു സിനിമയാണിത്. നിപ്പ വന്നു ഇത്രയാളുകൾ മരിച്ചു എന്നുള്ളതല്ലാതെ എന്താണ് യഥാർഥത്തിൽ നടന്നതെന്ന് പലർക്കും അറിയില്ല. ലോകത്തൊരിടത്തും നടക്കാത്ത രീതിയിൽ എങ്ങനെയാണ് ഇതിനെ വേഗം കണ്ടു പിടിക്കാനും പ്രതിരോധിക്കാനും സാധിച്ചത്? ഒാരോരുത്തരും എന്താണ് ചെയ്തത്? അത്തരം, അറിയാത്ത ഒരുപാടു ചോദ്യങ്ങൾക്കുള്ള ഉത്തരം വൈറസ് എന്ന സിനിമ പറയും.