ADVERTISEMENT

‘ഇനിയൊരു ജന്മമുണ്ടെങ്കിൽ....’ അവൻ എന്നോടു പാടുന്നതു പോലെ തോന്നുകയാണ്. ഞാനെഴുതിയ ഗാനം!

എന്റെ അനിയൻ എനിക്കു ജീവനായിരുന്നു. അവൻ എന്റെ വലംകയ്യായിരുന്നു. എന്റെ മോൻ ദീപുവും വിശ്വനും എനിക്ക്  ഒരുപോലെ. എത്ര പെട്ടെന്നാണ് അവന്റെ അസുഖം അറിഞ്ഞത്, എത്ര പെട്ടെന്നാണ് അവൻ യാത്ര പറയാതെ പോയത്! 

അവന് അൽപം ആശ്വാസം തോന്നിയപ്പോൾ ഞങ്ങൾ ‘സെക്‌ഷൻ 306 ഐപിസി’ എന്ന പടത്തിലെ പാട്ട് ചിട്ടപ്പെടുത്തിയിരുന്നു. ആ ചിത്രം ഞങ്ങളെ സംബന്ധിച്ച് ഒരു കൂട്ടുകെട്ടിന്റെ ഭരതവാക്യം ആണ്. എനിക്കു തുടരാനുള്ള  സമ്മതം തന്നുകൊണ്ട് എന്റെ കുഞ്ഞനിയൻ ഇനി രണ്ട് പാട്ടുകൾ കൂടി ചെയ്യാൻ ഏൽപിച്ചിട്ടുണ്ട്. 

 

‘ദേശാടനം’ മുതലാണ് ഞങ്ങൾ ടീം ആയത്. ഞങ്ങൾ ഒരുമിച്ച എല്ലാ പാട്ടുകളും ഹിറ്റായിരുന്നു. അവന്റെ അഗാധമായ സ്നേഹം, എന്നോടുള്ള ഭക്തി, ഇഷ്ടം ഒന്നും മറക്കാൻ വയ്യ. കയ്യിൽ ഉള്ളതു മുഴുവൻ മറ്റുള്ളവർക്ക് കൊടുത്തു തീർത്താലേ അവനു സുഖമാവൂ. ഒരു ഹോട്ടലിൽ കയറുമ്പോൾ കൂടെയുള്ള എല്ലാവരെയും മൂക്കുമുട്ടെ കഴിപ്പിച്ചേ മതിയാവൂ.  

 

ഹൈക്കോടതി ജഡ്ജിയും ഞങ്ങളുടെ ബന്ധുവുമായ പി.വി.കുഞ്ഞികൃഷ്ണൻ ആശുപത്രിയിൽ സന്ദർശിച്ച ശേഷം പറഞ്ഞത് ‘ആ കിടക്കുന്നത് എന്റെ അന്നദാതാവ്’ ആണ് എന്നാണ്. ‘‘തിരുവനന്തപുരത്ത് നിയമം പഠിക്കുമ്പോൾ വിശക്കുന്ന സമയത്തൊക്കെ വഴുതക്കാട് ഗണപതിയുടെ ശാന്തിക്കാരന്റെ അടുത്തെത്തും. വയറുനിറയെ ഭക്ഷണം തന്നേ വിശ്വേട്ടൻ എന്നെ മടക്കി അയക്കാറുള്ളൂ’’ എന്നാണ് അദ്ദേഹം പറഞ്ഞത്. 

കൈതപ്രം ഗ്രാമത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ എന്റെ അനിയനും സഹായിച്ചു.

 ശ്രീരാമനും ഭരതനും പോലെ ആയിരുന്നു ഞങ്ങൾ.

 

 

അവസാന  ചിത്രത്തിലും സഹോദരങ്ങൾ ഒരുമിച്ച്

 

കൈതപ്രം വിശ്വനാഥൻ ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനായ ‘കണ്ണകി’യിൽ ഗാനരചന നിർവഹിച്ചത് സഹോദരൻ കൈതപ്രം ദാമോദരൻ നമ്പൂതിരി ആയിരുന്നു. 

 

ശ്രീനാഥ് ശിവ സംവിധാനം ചെയ്യുന്ന ‘സെക്‌ഷൻ 306 ഐപിസി’ എന്ന ചിത്രത്തിനു വേണ്ടി വിശ്വനാഥൻ അവസാനമായി ഈണമൊരുക്കിയ 3 ഗാനങ്ങൾ എഴുതിയതും ദാമോദരൻ നമ്പൂതിരി തന്നെ.

 

അവസാനമായി സംഗീതം നൽകിയ പാട്ട് റെക്കോർഡ് ചെയ്തത് വിഡിയോ കോളിലൂടെ. ‘സതിയുണരുന്നൂ ചിതയിൽ നിന്നും’ എന്നു തുടങ്ങുന്ന ഗാനം പാടിയത് പി. ജയചന്ദ്രനും ജയരാജ് വാരിയരുടെ മകൾ ഇന്ദുലേഖ വാരിയരും. രോഗം മൂലം എത്താൻ കഴിയാതിരുന്നതിനാലാണു വിഡിയോ കോളിലൂടെ നിർദേശങ്ങൾ നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com