പാട്ടുദിനത്തിൽ ലയിച്ചു ചേർന്ന 2 പേർ! കണ്ണീർ തോരാതെ ബിജിബാൽ, പ്രിയപ്പെട്ടവളെ ഓർത്ത് കുറിപ്പ്
Mail This Article
22ാം വിവാഹവാർഷികത്തിൽ ഹൃദ്യമായ ചിത്രം പങ്കിട്ട് സംഗീതസംവിധായകനും ഗായകനുമായ ബിജിബാൽ. അകാലത്തിൽ വിട പറഞ്ഞ പ്രിയതമ ശാന്തിയുടെ ചിത്രത്തിനരികെ തന്റെ ചിത്രവും ചേർത്തുവച്ചാണ് ബിജിബാലിന്റെ പോസ്റ്റ്. ‘ലയകോടിഗുണം ഗാനം 22 വർഷം മുമ്പുള്ള ഇന്ന് ലയിച്ചു ചേർന്ന പാട്ട്’ എന്ന അടിക്കുറിപ്പോടെ ബിജിബാൽ പങ്കിട്ട ചിത്രം ആരാധകർക്കു നൊമ്പരക്കാഴ്ചയായി.
ഇരുവരുടെയും മനോഹര ചിത്രങ്ങൾക്കു താഴെ നിരവധി പേരാണ് ഹൃദയസ്പർശിയായ കമന്റുകളുമായി എത്തുന്നത്. ഗാനരചയിതാവ് ബി.െക.ഹരിനാരായണൻ ഹൃദയത്തിന്റെ ഇമോജികൾ പങ്കിട്ട് സ്നേഹം അറിയിച്ചു. ബിജിബാലിലൂടെ ശാന്തി എന്നും ജീവിക്കുന്നുവെന്ന് ആരാധകർ കുറിക്കുന്നു. ഏതാനും ആഴ്ചകൾക്കു മുൻപ് ശാന്തിയുടെ പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവൾക്കായി പാടി ബിജിബാൽ പങ്കിട്ട വിഡിയോ ഏറെ ശ്രദ്ധയമായിരുന്നു. ‘ഠമാർ പടാർ’ എന്ന ചിത്രത്തിനു വേണ്ടി റഫീഖ് അഹമ്മദ് എഴുതി ബിജിബാൽ തന്നെ ഈണമിട്ട ‘നീയില്ലാതെ ജീവിതം വേണ്ടാ പൊന്നേ വേണ്ടാ’ എന്ന ഗാനമാണ് ബിജിബാൽ ശാന്തിക്കു വേണ്ടി ആലപിച്ചത്.
2002 ജൂൺ 21ന് ലോകസംഗീതദിനത്തിലാണ് ബിജിബാലും ശാന്തിയും വിവാഹിതരായത്. രണ്ടു മക്കളുണ്ട്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് 2017 ഓഗസ്റ്റില്‍ ശാന്തി അന്തരിച്ചു. നൃത്ത രംഗത്തു സജീവമായിരുന്ന ശാന്തിയാണ് ‘രാമന്റെ ഏദൻതോട്ടം’ എന്ന ചിത്രത്തിനായി നൃത്തം ചിട്ടപ്പെടുത്തിയത്. സ്വന്തമായി നൃത്തവിദ്യാലയവും നടത്തിയിരുന്നു. ശാന്തിയുടെ വിയോഗശേഷം എല്ലാ വിശേഷ ദിവസങ്ങളിലും ബിജിബാൽ, പ്രിയപ്പെട്ടവളുടെ ഓർമകൾ പങ്കുവയ്ക്കുന്ന വിഡിയോകൾ പുറത്തിറക്കാറുണ്ട്.