ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗതി രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്തു. ഭരണഘടനയുടെ 106–ാം ഭേദഗതിയാണിത്. കഴിഞ്ഞയാഴ്ച പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലാണ് ബിൽ ഇരുസഭകളും പാസാക്കിയത്.

28നാണ് ഭേദഗതിക്കു രാഷ്ട്രപതി അംഗീകാരം നൽകിയത്. എന്നു മുതൽ പ്രാബല്യമെന്നു കേന്ദ്ര സർക്കാർ തീരുമാനിക്കും. നിലവിൽ പട്ടിക വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളിൽ മൂന്നിലൊന്ന് സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കിവയ്ക്കാനും വ്യവസ്ഥയുള്ളതാണ് ഭേദഗതി. വനിതാ സംവരണം പ്രാബല്യത്തിലാവാൻ ഇനിയുള്ള നടപടികൾ:

∙ ആദ്യം സെൻസസ് നടത്തണം. 2 വർഷമെങ്കിലും ഇതിനു വേണ്ടിവരും. അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം സെൻസസ് തുടങ്ങുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.

∙ സെൻസസിന്റെ അടിസ്ഥാനത്തിൽ‍ മണ്ഡല പുനഃക്രമീകരണം നടത്തണം. സംവരണ സീറ്റുകൾ ഏതൊക്കെയാണ് മണ്ഡല പുനഃക്രമീകരണ കമ്മിഷനാണ് തീരുമാനിക്കേണ്ടത്. 

∙ 2026നു ശേഷമുള്ള സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനഃക്രമീകരണമെന്നാണ് ഭരണഘടനയിൽ പറയുന്നത്. എന്നാൽ, ഇങ്ങനെ വ്യവസ്ഥ ചെയ്യുന്ന വകുപ്പുകൾ (82,170–3) ഭേദഗതി ചെയ്തിട്ടില്ല. അതിനാൽ, സെൻസസ് എപ്പോൾ എന്നതിൽ അവ്യക്തതയുണ്ട്.

∙ കേന്ദ്ര സർക്കാരാണ് മണ്ഡല പുനഃക്രമീകരണ കമ്മിഷനെ നിയമിക്കേണ്ടത്. പുതിയ കമ്മിഷൻ രൂപീകരിക്കാൻ പാർലമെന്റ് നിയമം പാസാക്കണം. സുപ്രീം കോടതിയിൽനിന്നു വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിലാവണം കമ്മിഷനെന്നാണ് നിലവിലെ വ്യവസ്ഥ. 2002 ലെ കമ്മിഷൻ നടപടികൾ പൂർത്തിയാക്കാൻ ഏകദേശം 5 വർഷമെടുത്തു. 

പാർലമെന്റിൽ സംസ്ഥാനങ്ങൾക്കുള്ള പ്രാതിനിധ്യത്തെ ബാധിക്കുന്നതാണ് ഭരണഘടനാ േഭദഗതിയെങ്കിൽ അത് 50% നിയമസഭകളെങ്കിലും പ്രമേയം പാസാക്കി അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, വനിതാ സംവരണം നടപ്പാക്കാനുള്ള ഭേദഗതിക്ക് നിയമസഭകളുടെ അംഗീകാരം വാങ്ങാൻ കേന്ദ്രം താൽപര്യപ്പെടാതിരുന്നത് എന്തുകൊണ്ടെന്നു വ്യക്തമല്ല. 

പാർലമെന്റിലും നിയമസഭകളിലുമുള്ള പട്ടിക വിഭാഗ സംവരണം 10 വർഷത്തേക്കു വീതം നീട്ടിയുള്ള 95–ാം ഭേദഗതി 2010 ലും 104–ാം ഭേദഗതി 2020 ലും പ്രാബല്യത്തിലാക്കി. ഈ ഭേദഗതികൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതിനു മുൻപ് 50% നിയമസഭകളുടെ അംഗീകാരം വാങ്ങിയിരുന്നു. ഭേദഗതികളുടെ വിജ്ഞാപനത്തിൽതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പട്ടിക വിഭാഗ സംവരണം നീട്ടാനുള്ള ഭേദഗതിക്ക് നിയമസഭകളുടെ അംഗീകാരം വേണമെങ്കിൽ, വനിതാ സംവരണം നടപ്പാക്കാനുള്ള ഭേദഗതിക്കും അംഗീകാരം ആവശ്യമല്ലേയെന്ന ചോദ്യം നിലനിൽക്കുന്നു. 

വനിതാ സംവരണ ബില്ലിന് നിയമസഭകളുടെ അംഗീകാരം വേണോ എന്ന കാര്യത്തിൽ പാർലമെന്റിൽ സർക്കാർ നിലപാടു വ്യക്തമാക്കിയിരുന്നില്ല. നിയമസഭകളുടെ അംഗീകാരം വാങ്ങാതിരുന്നതു കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

English Summary: Notification of Women's Reservation Bill without seeking approval of state assemblies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com