ചമ്പൽക്കാട്ടിലെ ‘മാനസാന്തരപ്പെട്ട വില്ലൻ’ കോൺഗ്രസ് പ്രചാരകൻ
Mail This Article
ചെവി മുതൽ ചെവിവരെ നീളുന്ന, പിരിച്ചുവച്ച കയർ പോലുള്ള കൊമ്പൻ മീശ. ആറടിയിലേറെ പൊക്കം. ഉറയിലിട്ട വാളെന്ന പോലെ മൂക്കിന്റെ അറ്റത്തു തുടങ്ങി നെറ്റിത്തടത്തിൽ അവസാനിക്കുന്ന തിലകക്കുറി. ആകെ മൊത്തം സ്ക്രീനിൽ നിന്നു നേരിട്ടിറങ്ങി വന്ന വില്ലൻ കഥാപാത്രത്തിന്റെ രൂപം. ഇതു മൽഖാൻ സിങ് രാജ്പുത്.
ഒരു കാലത്ത് ചമ്പൽ മലനിരകളെ വിറപ്പിച്ച കൊള്ളസംഘത്തലവൻ. 94 കേസുകളിൽ പ്രതി. ഇതിൽ 17 കൊലപാതകം, 19 കൊലപാതക ശ്രമം. 1982 ൽ ആയുധം ഉപേക്ഷിച്ച് കീഴടങ്ങി. സർക്കാർ അനുവദിച്ച സ്ഥലത്ത് വീടുവച്ച്, കൃഷിയിറക്കി സ്വസ്ഥം ഗൃഹഭരണം. കൂട്ടിന് 4 ജോലിക്കാരും ജൂലിയെന്ന വളർത്തു നായയും. 81–ാം വയസ്സിൽ, ഗ്വാളിയർ–ചമ്പൽ മേഖലയിൽ കൈകൾ കൂപ്പി വോട്ടു ചോദിക്കുന്ന കോൺഗ്രസ് പ്രചാരകന്റെ വേഷമാണ് മൽഖാൻ സിങ്ങിന്.
ഭോപ്പാലിൽ നിന്നു 160 കിലോമീറ്റർ അകലെ ആരോണിനു സമീപം സുൻഗ്‌യായി ഗ്രാമത്തിലെത്തി മൽഖാൻ സിങ്ങിന്റെ വീട് അന്വേഷിച്ചു. ‘ദാദ്ദാജി വീട്ടിലുണ്ടോയെന്ന് അറിയില്ല. പ്രചാരണത്തിന്റെ തിരക്കിലാണ്’. പ്രധാന റോഡിൽ നിന്നു മാറി ഒറ്റ വാഹനത്തിനു മാത്രം കടന്നു പോകാവുന്ന വഴിയിലൂടെ 4 കിലോമീറ്റർ ദൂരം കഴിഞ്ഞു. വലിയ ഗേറ്റുള്ള വീടിന് പുറത്തെ ആൽമരച്ചുവട്ടിൽ 2 പേർ വെടിവട്ടം പറഞ്ഞിരിക്കുന്നു.‘ദാദ്ദാജിയുടെ വീട്?’.
‘വീട് ഇതു തന്നെ. എന്തു വേണം?’. പിന്നെ നൂറുചോദ്യങ്ങൾ. കേരളത്തിൽ നിന്നു വന്ന മാധ്യമ പ്രവർത്തകരെന്നു പറഞ്ഞിട്ടും വിശ്വസിക്കുന്നില്ല. ‘ഞങ്ങളുടെ ദാദ്ദാജിയെ അവിടെയൊക്കെ അറിയുമോ?’
പ്രചാരണത്തിനായി പുറത്തുപോയ മൽഖാൻ സിങ്ങിനെ ജോലിക്കാരിലൊരാൾ വിളിച്ചപ്പോൾ 10 മിനിറ്റിനകം വീട്ടിലെത്തുമെന്നു മറുപടി. ചൂടുചായ കുടിച്ചുകൊണ്ടിരിക്കെ അകെലനിന്നു ജീപ്പിന്റെ ഇരമ്പം. ‘ജൂലി’ പുറത്തേക്കോടി വാലാട്ടി നിന്നു. ജീപ്പിന്റെ മുൻ സീറ്റിൽ നിന്ന് മൽഖാൻ സിങ് ഇറങ്ങി; സിനിമയിൽ വില്ലന്റെ രംഗപ്രവേശം പോലെ.
കീഴടങ്ങിയ ശേഷം 7 വർഷത്തെ ജയിൽവാസം കഴിഞ്ഞിറങ്ങി നൂറു കണക്കിനു ക്ഷേത്രങ്ങൾ സ്ഥാപിച്ചു. നല്ല കൃഷിക്കാരനായി. പല പാർട്ടികളിൽ പ്രവർത്തിച്ചു. അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളിലായിരുന്നു തുടക്കം. പിന്നീട് ബിജെപിയിലേക്കു കൂടുമാറി. ഒരു തവണ മത്സരിക്കുകയും ചെയ്തു. മുലായം സിങ്ങിന്റെ സഹോദരൻ ശിവ്പാൽ യാദവിന്റെ പാർട്ടിയായ പ്രഗതിശീൽ സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയായി യുപി തിരഞ്ഞെടുപ്പിലായിരിന്നു അങ്കം. തോറ്റു തുന്നംപാടി. വീണ്ടും ബിജെപിയിലെത്തിയ മൽഖാൻ അടുത്തിടെയാണു കോൺഗ്രസിൽ ചേർന്നത്.
രാജ്പുത് വിഭാഗത്തിനിടയിൽ മൽഖാൻ സിങ്ങിന് സ്വാധീനമുണ്ടെന്നാണു പാർട്ടി കണക്കുകൂട്ടൽ. മൽഖാൻ സിങ് ‘മനോരമ’യോട്
∙എന്തു കൊണ്ടു കോൺഗ്രസിൽ ചേർന്നു?
ബിജെപിയുടെ ഭരണം ജനങ്ങൾക്ക് മടുത്തു. പാവപ്പെട്ട പെൺകുട്ടികൾക്കു പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. ഈ ഭരണം മാറണം.
∙ഫൂലൻ ദേവി എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നല്ലോ. മത്സരിക്കാനും ജനപ്രതിനിധിയാകാനും ആഗ്രഹമില്ലേ?
ജനങ്ങൾക്കു നീതി ലഭിക്കണമെന്നു മാത്രമാണ് ആഗ്രഹം. മത്സരിക്കാനും എംപിയാകാനുമൊന്നും ഞാനില്ല.
∙എങ്ങനെയാണു ചമ്പൽ കൊള്ളക്കാരനായി മാറിയത് ?
(മൽഖാൻ സിങ്ങിന്റെ മുഖം ചുവന്നു. മീശ വിറച്ചു). ഹം ധാക്കു നഹീ ഹെ, ബാഗീ ഹേ. (ഞങ്ങൾ കൊള്ളക്കാരല്ല. റിബലുകളാണ്).