തുടരെ ബഹളം; സഭ നിർത്തിയത് 4 തവണ

Mail This Article
ന്യൂഡൽഹി∙ പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തിൽ 4 തവണ നിർത്തിവച്ച ലോക്സഭയിൽ ഇന്നലെ മന്ത്രി അശ്വിനി വൈഷ്ണവ് ടെലികമ്യൂണിക്കേഷൻ ബിൽ അവതരിപ്പിച്ചു. കഴിഞ്ഞയാഴ്ച അവതരിപ്പിച്ച പോസ്റ്റ് ഓഫിസ് ബിൽ ശബ്ദവോട്ടോടെ പാസാക്കുകയും ചെയ്തു. ഇന്നലെ ശ്രീലങ്കൻ പാർലമെന്റ് സ്പീക്കർ മഹിന്ദ യപ അഭയവർധനെയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കൻ പാർലമെന്റ് അംഗങ്ങൾ സഭയിൽ സന്ദർശനത്തിനെത്തിയിരുന്നു. അവരെ സ്വാഗതം ചെയ്തു കഴിഞ്ഞപ്പോൾ കഴിഞ്ഞ ദിവസം അംഗങ്ങൾക്കയച്ച കത്തിലെ ചില കാര്യങ്ങൾ സ്പീക്കർ ഓം ബിർല ആവർത്തിച്ചു. അതിനിടെ പ്രതിപക്ഷം ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് ബഹളം തുടങ്ങിയിരുന്നു. 16 മിനിറ്റിനു ശേഷം, സഭ ഉച്ചയ്ക്കു 12 വരെ നിർത്തിവച്ചതായി സ്പീക്കർ അറിയിച്ചു.
12 മണിക്കു സഭ ചേർന്നപ്പോൾ ടെലികോം നിയമങ്ങൾ പൊളിച്ചെഴുതുന്ന ടെലികമ്യൂണിക്കേഷൻ ബിൽ അവതരിപ്പിച്ചു. സ്വകാര്യത ഹനിക്കുന്ന വ്യവസ്ഥകൾ നിയമത്തിലുണ്ടെന്നും ബിൽ സമിതിക്കു വിടണമെന്നും അവതരണം എതിർത്ത ബിഎസ്പി അംഗം റിതേഷ് പാണ്ഡെ പറഞ്ഞു. രാജ്യസഭയിൽ അവതരിപ്പിക്കേണ്ടാത്ത മണി ബിൽ ആയി അവതരിപ്പിക്കുന്നതു ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ശബ്ദവോട്ടോടെ അവതരണാനുമതി നൽകി. പിന്നീടു ബഹളം കാരണം 2 വരെ നിർത്തിവച്ചു.
2നു ചേർന്നപ്പോൾ കഴിഞ്ഞയാഴ്ച അവതരിപ്പിച്ച പോസ്റ്റ് ഓഫിസ് ബിൽ ശബ്ദവോട്ടോടെ പാസാക്കി. വിവാദമായ 9,10 വ്യവസ്ഥകൾ പിന്നീടു ചട്ടങ്ങൾ വരുമ്പോൾ ചർച്ച ചെയ്യാമെന്ന് മന്ത്രി ദേവുസിങ് ചൗഹാൻ പറഞ്ഞു. പിന്നീട് 2.45 വരെ സഭ നിർത്തിവച്ചശേഷം പിന്നീടു ചേർന്നപ്പോഴാണ് കോൺഗ്രസ് അംഗങ്ങൾ സ്പീക്കറുടെ ഡയസിൽ കയറി മുദ്രാവാക്യം വിളിച്ചത്. ജനാധിപത്യത്തെ ബിജെപി കൊല ചെയ്യുകയാണെന്ന് കെ. ജയകുമാർ വിളിച്ചു പറഞ്ഞു. 3 വരെ സഭ നിർത്തി. തുടർന്ന് സസ്പെൻഡ് ചെയ്യുന്നവരുടെ പേര് ചെയർ ്രപഖ്യാപിക്കുകയും സസ്പെൻഷൻ പ്രമേയം മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിക്കുകയുമായിരുന്നു. ഭരണപക്ഷത്തിന്റെ ശബ്ദവോട്ടോടെ സഭ പ്രമേയം അംഗീകരിച്ചു. ബാക്കിയുള്ളവരെക്കൂടി സസ്പെൻഡ് ചെയ്യാൻ അധീർ രഞ്ജൻ ചൗധരിയും ദയാനിധി മാരനും ഭരണപക്ഷത്തെ വെല്ലുവിളിക്കുന്നുണ്ടായിരുന്നു. ഇന്നും സഭയിലും പുറത്തും പ്രതിഷേധം തുടരുമെന്നു പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു.