കൊലയാളിപ്പുലി പിടിയിൽ

Mail This Article
ഗൂഡല്ലൂർ ∙ പന്തല്ലൂരിൽ രണ്ടു പേരെ കൊലപ്പെടുത്തുകയും മൂന്നു പേരെ പരുക്കേൽപിക്കുകയും ചെയ്ത പുള്ളിപ്പുലിയെ വനംവകുപ്പ് മയക്കുവെടി വച്ചു പിടികൂടി. മാങ്കോറഞ്ചിനു സമീപം അംബ്രോസ് വളവിൽ തേയിലത്തോട്ടത്തിനു താഴെ ഭാഗത്തുള്ള ചതുപ്പുനിലത്തിലാണ് ഉച്ചയ്ക്ക് രണ്ടു മണിയോടെ പുലിയെ കണ്ടെത്തിയത്. മുതുമല കടുവ സങ്കേതത്തിലെ ഡോക്ടർ രാജേഷ് കുമാർ തെപ്പക്കാട് ആനപ്പന്തിയിലെ താപ്പാനയുടെ പുറത്തിരുന്നു വെടിവയ്ക്കുകയായിരുന്നു.
മയങ്ങിവീണ ശേഷം പുലിയെ കൂട്ടിലാക്കി റോഡിലേക്ക് എത്തിച്ചു. പിന്നീടു വനം വകുപ്പിന്റെ വാഹനത്തിൽ മുതുമല കടുവ സങ്കേതത്തിലേക്കു കൊണ്ടു പോയി. 4 വയസ്സുള്ള ആൺപുലിയാണു പിടിയിലായത്. പുള്ളിപ്പുലിക്ക് പരുക്കുകൾ ഒന്നുമില്ലെന്നും, മുതുമലയിൽ നിന്നു ചെന്നൈ വണ്ടല്ലൂരിലെ മൃഗശാലയിലേക്കു മാറ്റുമെന്നും ജീവനക്കാർ അറിയിച്ചു.
ഇതിനിടെ, പുള്ളിപ്പുലിയെ മുതുമല കടുവ സങ്കേതത്തിൽ തുറന്നു വിടുമെന്ന പ്രചാരണത്തെ തുടർന്ന് പൊൻ ജയശീലൻ എംഎൽഎയുടെ നേതൃത്വത്തിൽ നാട്ടുകാർ തൊറപ്പള്ളിയിൽ വനം വകുപ്പിന്റെ വാഹനം തടഞ്ഞു. വണ്ടല്ലൂരിലേക്ക് മാറ്റുമെന്ന ഉറപ്പിനെ തുടർന്നാണു വാഹനം കടത്തിവിട്ടത്. മാങ്കോറഞ്ചിലെ അതിഥിത്തൊഴിലാളിയുടെ മകൾ മൂന്നു വയസ്സുകാരി നാൻസി ശനിയാഴ്ചയും എലവണ്ണ ആദിവാസി ഊരിലെ സരിത (29) രണ്ടാഴ്ച മുൻപും പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 3 പേർക്കു പുലിയുടെ ആക്രമണത്തിൽ പരുക്കേൽക്കുകയും ചെയ്തു.