മുസ്‌ലിംകളെയും കോൺഗ്രസിനെയും അധിക്ഷേപിച്ച് മോദി, നടപടിയില്ല; തിരഞ്ഞെടുപ്പ് കമ്മിഷൻ വായ് മൂടപ്പെട്ട നിലയിൽ
Mail This Article
ന്യൂഡൽഹി ∙ പ്രസംഗങ്ങളിലൂടെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ പ്രതിസന്ധിയിലാക്കുകയാണ്. മുസ്‌ലിംകളെയും കോൺഗ്രസിനെയും അധിക്ഷേപിച്ചുള്ള പരാമർശങ്ങളുടെ പേരിൽ പ്രധാനമന്ത്രിക്കെതിരെ നടപടിയുണ്ടോ ഇല്ലയോ എന്നല്ല, പരാതി ലഭിച്ചിട്ടുണ്ടോ എന്നു പോലും വ്യക്തമാക്കാൻ കമ്മിഷനു സാധിക്കുന്നില്ല. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമെതിരെയുള്ള പരാതികളിൽ നടപടിയെടുക്കാത്തതിന് സുപ്രീം കോടതിയിൽ ഹർജി എത്തി. തുടർന്ന് പരാതികൾ കമ്മിഷൻ തീർപ്പാക്കി, പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിക്കൊണ്ട്. പിന്നാലെ, ക്ലീൻ ചിറ്റ് നൽകിയുള്ള കമ്മിഷന്റെ ഉത്തരവു ചോദ്യം ചെയ്യുന്നതാവും ഉചിതമെന്നു വ്യക്തമാക്കി സുപ്രീം കോടതിയും തീർപ്പാക്കി.
കമ്മിഷനു ലഭിച്ച പരാതികളിൽ ആരോപണവിധേയർക്കെതിരെ നടപടിയെടുക്കണമോ വേണ്ടയോ എന്നതിൽ അന്ന് തിരഞ്ഞെടുപ്പു കമ്മിഷണർമാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ടായി. നടപടി വേണമെന്നു നിലപാടെടുത്ത കമ്മിഷണർ അശോക് ലവാസ പിന്നീട് രാജിവയ്ക്കുകയും ചെയ്തു. തിരഞ്ഞെടുപ്പു കമ്മിഷനായി നിയമിക്കപ്പെടേണ്ടവരുടെ സമിതി സംബന്ധിച്ച കേസിലെ വിധിയിൽ കഴിഞ്ഞ വർഷം സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെയാണ്: ‘പ്രായപൂർത്തി വോട്ടവകാശമെന്നത് ജനാധിപത്യത്തിന്റെ ഹൃദയഭാഗത്താണ്. വോട്ടവകാശം വിനിയോഗിക്കുന്നതിനു മേൽനോട്ടം വഹിക്കുന്ന കമ്മിഷൻ പക്ഷപാതപരമായി പെരുമാറുകയും അധികാരകേന്ദ്രങ്ങൾക്കു വഴങ്ങുകയും ചെയ്യുന്നത് അധികാരം നേടുന്നതിനും നിലനിർത്തുന്നതിനും വഴിതുറന്നുകൊടുക്കുന്ന നടപടിയാണ്’.
-
Also Read
രാജസ്ഥാനിൽ ഞങ്ങൾ: സച്ചിൻ പൈലറ്റ്
ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാൻ കഴിഞ്ഞ മാസം 16ന് തിരഞ്ഞെടുപ്പു കമ്മിഷൻ നടത്തിയ പത്രസമ്മേളനത്തിൽ, മോദിക്കും അമിത് ഷായ്ക്കുമെതിരെ നേരത്തെ നടപടിയെടുക്കാതിരുന്നത് ചോദ്യമായി ഉന്നയിക്കപ്പെട്ടിരുന്നു. പെരുമാറ്റച്ചട്ട ലംഘനം പ്രമുഖ രാഷ്ട്രീയക്കാരുൾപ്പെടെ ആരു നടത്തിയാലും നടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യ കമ്മിഷണർ രാജീവ് കുമാറിന്റെ മറുപടി. എന്നാലിപ്പോൾ പരാതി ലഭിച്ചിട്ടുണ്ടോയെന്നു സ്ഥിരീകരിക്കാൻ പോലും കമ്മിഷൻ തയാറാകുന്നില്ല.
രാജസ്ഥാനിൽ ഏതാനും മണ്ഡലങ്ങളിൽ കടുത്ത മത്സരമെന്നു വിലയിരുത്തപ്പെടുന്ന സമയത്താണ് മോദി മതാടിസ്ഥാനത്തിലുള്ള വേർതിരിവിന്റെ രാഷ്ട്രീയം പ്രയോഗിക്കുന്നത്. കോൺഗ്രസിന്റെ പ്രകടനപത്രിക മുസ്‌ലിം ലീഗിന്റെ ആശയം പ്രതിഫലിപ്പിക്കുന്നുവെന്നാണ് ആദ്യം മോദി ആരോപിച്ചത്. ഇപ്പോൾ, ആരോപണം പാർട്ടിക്കപ്പുറം സമുദായം പറഞ്ഞുള്ളതായി. സമൂഹത്തിൽ ഭിന്നിപ്പിനു കാരണമാകുന്ന ഇത്തരം പരാമർശങ്ങൾ പെരുമാറ്റച്ചട്ടത്തിന്റെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പിന്റെയുമുൾപ്പെടെ ലംഘനമാണെന്ന് കമ്മിഷൻ വ്യക്തമാക്കിയിട്ടുള്ളതാണ്. മോദി ഇത്തരത്തിൽ വിവാദമുണ്ടാക്കുന്നത് ഇതാദ്യമല്ല; കമ്മിഷൻ ഇടപെടാതിരിക്കുന്നതും ഇതാദ്യമല്ല.