വികസനപദ്ധതി: മരം മുറിക്കാനും വനം തുരക്കാനും പരിസ്ഥിതി അനുമതി വേണ്ട
Mail This Article
ന്യൂഡൽഹി ∙ ജലവൈദ്യുത പദ്ധതികൾക്കും മറ്റു വികസന പദ്ധതികൾക്കുമുള്ള സാധ്യതാ പഠനത്തിന്റെ ഭാഗമായി വനഭൂമി ചെറിയ തോതിൽ തുരക്കുന്നതിനോ നൂറിൽ താഴെ മരങ്ങൾ മുറിക്കുന്നതിനോ മുൻകൂർ പരിസ്ഥിതി അനുമതി വേണ്ടെന്നു വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വനോപദേശക സമിതി വ്യക്തമാക്കി. സർവേയ്ക്കായുള്ള ഇത്തരം ചെറിയ ഇടപെടൽ വനഭൂമിയിൽ പ്രത്യേകിച്ചു മാറ്റങ്ങൾ വരിത്തില്ലെന്നു വിലയിരുത്തിയാണ് ഇളവ്. ജലവൈദ്യുത പദ്ധതിയുടെ ആവശ്യത്തിനായി ഊർജ മന്ത്രാലയം നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സമിതിയുടെ ജൂലൈ 4ലെ യോഗം വിഷയം പരിഗണിച്ചത്.
സുപ്രധാന വികസന പദ്ധതികളുടെ പഠനത്തിനും റിപ്പോർട്ട് തയാറാക്കുന്നതിനും ചെലവു കണക്കാക്കുന്നതിനും ചെറിയതോതിലുള്ള തുരക്കലും മരം മുറിയും ആവശ്യമാണ്. പദ്ധതി നടപ്പാക്കാൻ വനഭൂമി ആവശ്യമാണെന്നു വ്യക്തമായാൽ പരിസ്ഥിതി അനുമതി വാങ്ങി മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ.
ഖനനപദ്ധതികളുടെ സാധ്യതാപഠനത്തിനു നേരത്തേ ഇളവു നൽകിയ കാര്യം ചൂണ്ടിക്കാട്ടിയാണ് ഊർജമന്ത്രാലയം കത്തു നൽകിയത്. മലിനീകരണം താരതമ്യേന ഇല്ലാത്ത വ്യവസായശാലകൾ സ്ഥാപിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുൻകൂർ അനുമതി വേണ്ടെന്ന വ്യവസ്ഥയും വൈകാതെ വന്നേക്കും.