വിദ്യാർഥിയെ സുഹൃത്തിന്റെ പിതാവ് കുത്തിയത് ആളറിഞ്ഞുതന്നെ: പൊലീസ്

Mail This Article
തിരുവനന്തപുരം ∙ പേട്ടയിൽ വീടിനുള്ളിൽ സമീപവാസിയായ വിദ്യാർഥി കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി സൈമൺ ലാലന്റെ മൊഴി കളവാണെന്ന് പൊലീസ്. കള്ളനാണെന്നു കരുതി കുത്തിയതാണെന്നായിരുന്നു മൊഴി. കൊല്ലപ്പെട്ട അനീഷ് ജോർജിന് (19) ഈ കുടുംബവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നെന്നും മുൻ വൈരാഗ്യത്തോടെയാണു സൈമൺ കുത്തിയതെന്നും പൊലീസ് അറിയിച്ചു.
അനീഷുമായുള്ള മകളുടെ സൗഹൃദത്തെ സൈമൺ എതിർത്തിരുന്നു. സൈമണിന്റെ ഭാര്യയുടെയും മക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണു സംഭവത്തിൽ വ്യക്തത വന്നത്. അനീഷിനെ ഉപദ്രവിക്കരുതെന്നു പറഞ്ഞു തടഞ്ഞിട്ടും അത് അവഗണിച്ചു സൈമൺ കുത്തിയെന്നാണ് ഇവരുടെ മൊഴി.
പുലർച്ചെ മകളുടെ മുറിയിൽ ആളനക്കം കേട്ടു ചെന്നതാണെന്നും കള്ളനാണെന്നു കരുതി കുത്തിയെന്നുമാണു സൈമൺ പൊലീസിനെ അറിയിച്ചത്. ഇവരുടെ കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പെൺകുട്ടിയും അമ്മയും അറിയിച്ചതനുസരിച്ച് അനീഷ് അതിൽ ഇടപെട്ടിരുന്നതായുമാണു മൊഴികളിൽ നിന്നു വ്യക്തമാകുന്നത്. ചൊവ്വാഴ്ച പകൽ അനീഷ് പെൺകുട്ടിയുടെ അമ്മയ്ക്കും സഹോദരിക്കുമൊപ്പം സമീപത്തെ മാൾ സന്ദർശിച്ചിരുന്നു. പിറ്റേന്നു പുലർച്ചെയാണു ദാരുണ സംഭവം. സൈമണെ കോടതി റിമാൻഡ് ചെയ്തു.
അനീഷ് പോയത് വിളിച്ചതനുസരിച്ച്: മാതാപിതാക്കൾ
∙ കൊല്ലപ്പെട്ട അനീഷ് ജോർജ് പെൺകുട്ടിയുടെ വീട്ടിൽ പോയതു പുലർച്ചെ അവർ ഫോണിൽ വിളിച്ചതനുസരിച്ചാണെന്ന് മാതാപിതാക്കളായ ജോർജും ഡോളിയും. ആ കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. അവരുടെ വീട്ടിലെ പ്രശ്നങ്ങളിൽ സഹായം തേടി പെൺകുട്ടിയും അമ്മയും അനീഷിനെ പലപ്പോഴും വിളിച്ചിരുന്നു. തന്നോടും അവർക്കു നല്ല അടുപ്പമുണ്ടായിരുന്നെന്നും ഡോളി പറഞ്ഞു. പെൺകുട്ടിയോ അമ്മയോ വിളിച്ചിട്ടാകണം അവിടെ പോയത്. പുലർച്ചെ 3.20ന് പെൺകുട്ടിയുടെ അമ്മയുടെ മിസ്ഡ് കോൾ തന്റെ ഫോണിലുണ്ടായിരുന്നു - ഡോളി പറയുന്നു.
English Summary: Accused stabbed the youth after identifying him: Police on Pettah murder