ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം: ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാക്കുറ്റം
Mail This Article
തൃശൂർ ∙ വിയ്യൂർ സെൻട്രൽ ജയിലിലെ അസി. സൂപ്രണ്ടിനെ തലയ്ക്കിടിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി വിയ്യൂർ പൊലീസ് കേസെടുത്തു. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. അസി.സൂപ്രണ്ട് രാകുലിനെ ആക്രമിച്ചതിനു പിന്നാലെ ആകാശിനെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്കു മാറ്റിയിരുന്നു.
കാപ്പ നിയമം ചുമത്തി കഴിഞ്ഞ ഫെബ്രുവരിയിൽ അറസ്റ്റിലായ ആകാശ്, വിയ്യൂർ സെൻട്രൽ ജയിലിൽ ജീവനക്കാരുമായി പലവട്ടം വാക്കേറ്റത്തിനു തുനിഞ്ഞിട്ടുണ്ട്. സെല്ലിനുള്ളിലെ ഫാൻ കേടായതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അസി. സൂപ്രണ്ടിന്റെ തല ഭിത്തിയിൽ ഇടിപ്പിക്കാൻ പ്രകോപനമായത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ ഉദ്യോഗസ്ഥനെ പ്രഥമശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു. ആകാശിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് കോടതിയുടെ അനുവാദം തേടി.
English Summary: Non bailable case against Akash Thillankeri for attacking jail official