അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്; 5 ദിവസം ഭക്ഷണം ഒരുക്കാൻ വേണ്ടത് 20,000 കിലോ അരി, പച്ചക്കറി 15 ടൺ
Mail This Article
കൊല്ലം ∙ ഡേയ്... കലോത്സവമല്ലേ. സദ്യ ഒരുക്കാൻ തേങ്ങ എത്ര വേണം? 12,000 വേണം. അരിയോ? 20,000 കിലോ. അരി 20 ടൺ വേണമെങ്കിൽ പച്ചക്കറി എത്ര വാങ്ങണം. അത് 15 ടൺ വേണം. സദ്യ ആയതിനാൽ സവാള കുറച്ചു മതി.– 500 കിലോ. കിഴങ്ങ് 750 കിലോ വാങ്ങണം. എല്ലാം കൂടിയാണ് 15 ടൺ. മുളക്, മല്ലി, ചെറിയ ഉള്ളി തുടങ്ങി ഉപ്പ് വരെ 15 ടൺ പലവ്യഞ്ജനവും വേണം. എണ്ണയുടെ കാര്യം അറിയണ്ടേ?. ഒരു ടൺ വെളിച്ചെണ്ണ, 500 കിലോ പാമോയിൽ.
കലോത്സവത്തിന് എത്തുന്ന കുട്ടികൾക്ക് 5 ദിവസം ഭക്ഷണം ഒരുക്കാൻ ഇത്രയും അരിയും പലവ്യഞ്ജനവും പച്ചക്കറിയുമാണ് വേണ്ടി വരുന്നതെന്ന് പാചകത്തിന്റെ ചുമതലയുള്ള പഴയിടം മോഹനൻ നമ്പൂതിരി. 1000 പേർ പങ്കെടുക്കുന്ന കല്യാണത്തിന്റെ കണക്ക് അനുസരിച്ചാണെങ്കിൽ 180 വിവാഹത്തിനു സദ്യ ഒരുക്കുന്നതിനുള്ള കുറിപ്പടി ആണിത്. ഉച്ചയ്ക്കു മാത്രം വിളമ്പുന്ന സദ്യയ്ക്കുള്ള കണക്കനുസരിച്ചാണിത്.
ഇലയിട്ടാണ് വിളമ്പുന്നത്. ദിവസം 40,000 ഇല വേണം. സദ്യയ്ക്ക് ഒന്നര അടി നീളമുള്ള ഇലയാണ്. പ്രഭാതഭക്ഷണത്തിന് ഒരു അടി നീളമുള്ള ഇലയാണ്. പാചകത്തിനും കൈ കഴുകാനുമായി ഓരോ ദിവസവും 90,000– 95,000 ലീറ്റർ വെള്ളം വേണം. കഴിഞ്ഞ ദിവസങ്ങളിൽ 20,000 പേർ വീതം ഉച്ചഭക്ഷണം കഴിച്ചതായി കൺവീനർ ബി.ജയചന്ദ്രൻ പിള്ള. ഭക്ഷണശാലയിൽ കലാപരിപാടികളും നടക്കുന്നുണ്ട്. വിളമ്പാനും പാട്ടുപാടാനും ഭക്ഷണകമ്മിറ്റി ചെയർമാൻ പി.സി.വിഷ്ണുനാഥ് എംഎൽഎയും സജീവമായുണ്ട്.