ഉപതിരഞ്ഞെടുപ്പ്: നയിക്കാൻ 11 സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങൾ
Mail This Article
തിരുവനന്തപുരം∙ ഉപതിരഞ്ഞെടുപ്പുകളുടെ ആസൂത്രണത്തിനും പ്രചാരണത്തിനും നേതൃത്വം നൽകാൻ കൂട്ടത്തോടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ. 11 സെക്രട്ടേറിയറ്റ് അംഗങ്ങളെയാണ് പാലക്കാടും ചേലക്കരയുമായി വിന്യസിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് ചുമതലക്കാരായി സെക്രട്ടേറിയറ്റ് അംഗങ്ങളെ വയ്ക്കാറുണ്ടെങ്കിലും ഇത്രയും പേർ ഒരുമിച്ച് ഉണ്ടാകാറില്ല. ചേലക്കരയിൽ കേന്ദ്രകമ്മിറ്റി അംഗം കെ.രാധാകൃഷ്ണനെയും പി.കെ.ബിജുവിനെയും നേരത്തേ ചുമതലക്കാരായി പാർട്ടി നിയോഗിച്ചിരുന്നു. ഇതിനു പുറമേ മന്ത്രി പി.എ.മുഹമ്മദ് റിയാസ്, നേതാക്കളായ തോമസ് ഐസക്, പി.കെ.ജയചന്ദ്രൻ, പുത്തലത്ത് ദിനേശൻ എന്നിവർക്കു കൂടി അധികച്ചുമതല നൽകി.
-
Also Read
ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
പാലക്കാട് എ.കെ.ബാലനാണ് പ്രധാന ചുമതല. മന്ത്രി വി.എൻ.വാസവൻ, നേതാക്കളായ എളമരം കരീം, പി.കെ.ശ്രീമതി, എം.സ്വരാജ് എന്നിവർ സഹായിക്കും. മന്ത്രിമാരായ റിയാസും വാസവനും തിരഞ്ഞെടുപ്പ് വരെ കൂടുതൽ സമയവും ഇനി ഈ മണ്ഡലങ്ങളിലാകും. സംസ്ഥാന കമ്മിറ്റി അംഗങ്ങളും എംഎൽഎമാരും പഞ്ചായത്തുകളുടെ ചുമതല ഏറ്റെടുത്ത് പ്രവർത്തിക്കും.
ചേലക്കര സീറ്റ് നിലനിർത്തുക, കഴിഞ്ഞ രണ്ടു തവണയും മൂന്നാം സ്ഥാനത്തായ പാലക്കാട് മുന്നേറുക എന്നതാണ് പാർട്ടി ലക്ഷ്യം. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടി പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് യോഗം ഇന്ന് രാവിലെ തൃശൂരിൽ ചേരും. ഇതിനായി മുഖ്യമന്ത്രി പങ്കെടുക്കേണ്ട പി.ജയരാജന്റെ കോഴിക്കോട്ടെ പുസ്തക പ്രകാശനച്ചടങ്ങ് ഉച്ചയ്ക്കു ശേഷമാക്കി മാറ്റി.