ADVERTISEMENT

വികസിത രാജ്യങ്ങളിലെ കോവിഡ്  വ്യാപനത്തിൽ ലോകം സ്‌തബ്‌ധരായി നിൽക്കുമ്പോൾ ചെറുതെങ്കിലും പ്രഭാവശാലിയായ ഈ കൊലയാളി വൈറസ് മൂന്നാം ലോകരാജ്യങ്ങളെ പൂർണമായും നശിപ്പിക്കും എന്ന സന്ദേഹവും പല ഗവേഷകരും ഉന്നയിക്കുന്നുണ്ട്. ആഭ്യന്തര കലാപങ്ങളും ദാരിദ്ര്യവും അരങ്ങുവാഴുന്ന പല രാജ്യങ്ങളുടെയും അവസ്ഥ ഒട്ടും ശുഭകരവുമല്ല.

കോവിഡ് ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയാത്ത ഇറാനെ ഒരു ഉദാഹരണമായി നോക്കാം. ഉപരോധങ്ങളിൽ നട്ടംതിരിയുന്ന ഇറാൻ രോഗവ്യാപനം തടയാൻ കിണഞ്ഞു പരിശ്രമിച്ചിട്ടും ഫലം കാണുന്നില്ല. രാജ്യാന്തര ഉപരോധം ഈ രാജ്യത്തിനു മേൽ അടിച്ചേൽപ്പിച്ചവരാകട്ടെ അവിടുത്തെ ജനത്തിന്റെ ജീവന്റെ സുരക്ഷയും മനുഷ്യത്വവും പരിഗണിച്ച് ഉപരോധം പിൻവലിക്കാനോ ഇളവു നൽകാനോ ഉളള സന്മനസ്സ് കാണിക്കുന്നുമില്ല. 

ഉപരോധങ്ങൾ സൃഷ്ടിച്ച സാമ്പത്തിക പിന്നോക്കാവസ്ഥയും ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥയും ഇറാനെ വല്ലാതെ പിടിച്ചുലയ്ക്കുന്നു. ഇതിനിടെ, ഇറാന്റെ വിരുദ്ധചേരിയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നായ സൗദി അറേബ്യ നൽകിയ സഹായഹസ്തമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. കോവിഡ് ലോകത്ത് നിലനിൽക്കുന്ന ശാക്തികചേരികളിൽ ഭാവിയിൽ വൻ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന സൂചനയായാണ് സൗദി അറേബ്യയുടെ ഇറാനോടുള്ള  അനുകമ്പ മനോഭാവം നിരീക്ഷകർ വിലയിരുത്തുന്നതും.

ശുദ്ധജലം പോലും ആവശ്യത്തിനു ലഭ്യമല്ലാത്ത ഉത്തരകൊറിയ ഉരുക്കു മറയ്ക്കുള്ളിൽ കാര്യങ്ങൾ ഒതുക്കുന്നുവെങ്കിലും ആ രാജ്യത്തിന്റേയും നിലവിലെ അവസ്ഥ ഒട്ടും ശുഭകരമല്ല എന്നാണ് സൂചനകൾ. ആവശ്യത്തിന് ആശുപത്രികളും  കിടക്കകളും മരുന്നുകളും  ലഭ്യമല്ലാത്ത ഈ രാജ്യത്ത് നിരവധി പേർ മരിച്ചു കഴിഞ്ഞതായാണ് ഇതിനിടെ ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ ഉത്തരകൊറിയൻ അധികൃതർ പറയുന്നതാകട്ടെ രാജ്യത്ത് ഒരു മരണം പോലും സംഭവിച്ചിട്ടില്ല എന്നും. ചൈനയുമായി അതിർത്തി പങ്കിടുകയും  നിരന്തര സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്ന ഉത്തര കൊറിയയിൽ ഒരു മരണവും സംഭവിച്ചിട്ടില്ല എന്ന അധികൃതരുടെ  വാദം സംശയത്തിന് ഇടം നൽകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദക്ഷിണകൊറിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രസക്തമാകുന്നതും.  ചൈനയിൽ സംഭവിച്ചത് പോലെ ആയിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും മരിച്ചാൽ പോലും ആ രാജ്യത്ത് കോവിഡ്  വ്യാപന കാലത്ത് എന്താണ് സംഭവിക്കുന്നതെന്ന് ലോകം അറിയുവാൻ പോകുന്നില്ലെന്നതാണ് വാസ്തവം.

ലോകത്തിലെ പല നേതാക്കളും ചെപ്പടിവിദ്യകൾ കാട്ടി കോവിഡ് സ്വന്തം രാജ്യത്തെ ബാധിച്ചിട്ടില്ല എന്ന് ലോകത്തെ അറിയിക്കാൻ നിരന്തരം ശ്രമിക്കുന്നതിിടെ ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉൻ ആയുധ പരീക്ഷണം നടത്തി ലോകത്തെ ഞെട്ടിക്കുകയാണുണ്ടായത്. ലോകം മുഴുവൻ ജനം ജീവൻ നിലനിർത്താൻ പോരാട്ടം നടത്തുമ്പോൾ ആയുധ പരീക്ഷണം നടത്തിയ ഉത്തരകൊറിയൻ ഏകാധിപതിയുടെ നടപടി ഏവരും കടുത്ത ഉത്കണ്ഠയോടെയാണ് കാണുന്നത്. സാമ്പത്തിക ഉപരോധങ്ങളും പകർച്ചവ്യാധിയും തനിക്കു തടസ്സങ്ങളല്ലെ‌ന്നു ലോകത്തിന് ഒരർഥത്തിൽ  കിം ഇതിലൂടെ കാട്ടിക്കൊടുക്കുകയായിരുന്നു. മനുഷ്യവംശം ജീവനു വേണ്ടി പോരാട്ടത്തിലായിരിക്കെ അവസരം മുതലെടുക്കാൻ വിവേകബുദ്ധിയില്ലാത്ത യുദ്ധകൊതിയന്മാരായ ഭരണാധികാരികൾ മിസൈലുകളുമായി കാത്തിരിക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. 

ശവപ്പറമ്പുകൾ നിറയുന്ന ലോകത്തെ കൂടുതൽ കലുഷിതമാക്കുവാൻ കിമ്മിനെപ്പോലെ മറ്റുചിലരും അണിയറയിൽ ഒരുപക്ഷേ കാത്തിരിക്കുന്നുണ്ടാകാം. പ്രത്യക്ഷത്തിൽ കിം ആഗ്രഹിക്കുന്നത് മറ്റു പലരും രഹസ്യമായി ആഗ്രഹിക്കുന്നുണ്ടാകാം.  ലോകം അതിജീവന പ്രതിസന്ധി നേരിടുന്ന ഈ അവസരത്തിൽ ഏകാധിപത്യ രാജ്യങ്ങൾ ഉയർത്തുന്ന  ഭീഷണിയും ഇതാണ്. ആർക്കും ആരെയും വിശ്വാസമില്ലാത്ത ഈ കോവിഡ്  വ്യാപനകാലത്ത് രാജ്യാന്തരനിരീക്ഷകർ ഇങ്ങനെയൊക്കെ ചിന്തിക്കുന്നുവെങ്കിൽ അവരെ കുറ്റം പറയേണ്ടതുമില്ല.

ആഭ്യന്തര വംശീയ കലാപങ്ങൾ, കാലാവസ്ഥാവ്യതിയാനം, ഭക്ഷ്യക്ഷാമം, കുടിവെള്ളക്ഷാമം, ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ അപര്യാപ്തത, ശുചിത്വമില്ലായ്മ, എയ്ഡ്സ് മുതൽ എബോള വരെയുള്ള  പകർച്ചവ്യാധികളുടെ  തിക്തഫലങ്ങൾ തുടങ്ങിയവ  അനുഭവിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളുടെ അവസ്ഥ ഈ പശ്ചാത്തലത്തിൽ ലോകം ഏറെ ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്. പ്രാഥമിക സൗകര്യങ്ങൾ പോലും അന്യമായ ഈ രാജ്യങ്ങളിൽ കോവിഡ് വ്യാപകമാകുകയാണെങ്കിൽ ഇപ്പോൾ നിലനിൽക്കുന്ന ശോചനീയാവസ്ഥ കൂടുതൽ പരിതാപകരമാകാനാണ്  സാധ്യത.

വികസിതരാജ്യങ്ങളിൽ സംഭവിച്ചതുപോലെ രോഗവ്യാപനം ദ്രുതഗതിയിൽ നടക്കുകയാണെങ്കിൽ ലോകത്തെ ഏറ്റവും വലിയ തോതിലുള്ള കോവിഡ്  മരണങ്ങൾക്കാകും  ആഫ്രിക്കൻ ഭൂഖണ്ഡം സാക്ഷ്യം വഹിക്കുക. വികസിത രാജ്യങ്ങൾക്ക് പോലും അനിയന്ത്രിതമായ രോഗവ്യാപനത്തിന് തടയാൻ അവരുടെ ആരോഗ്യ പരിപാലന സംവിധാനങ്ങൾ കൊണ്ട് കഴിഞ്ഞിട്ടില്ല. രോഗവ്യാപനം ഉണ്ടായാൽ  ദരിദ്രരായ ആഫ്രിക്കൻ രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ശവപ്പറമ്പാകുമെന്നു വിദഗ്ധർ വിലയിരുത്തുവാനുള്ള പ്രധാന കാരണവും ഇതാണ്. ആഫ്രിക്കൻ രാജ്യങ്ങൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ആഫ്രിക്കൻ വൻകരയിലെ 40 ദശലക്ഷം ജനം കോവിഡ് ബാധയേറ്റു മരിക്കാൻ സാധ്യതയുണ്ടെന്ന് ലണ്ടനിലെ ഇംപീരിയൽ കോളജിന്റെ പഠനങ്ങളിൽ പറയുന്നു.

ദ്രുതഗതിയിലുള്ള രോഗ വ്യാപനവും കൂട്ടമരണങ്ങളും തകരുന്ന സമ്പദ്‌വ്യവസ്ഥയും ഭാവിയിൽ പല ആഫ്രിക്കൻ രാജ്യങ്ങളിലും അതിരൂക്ഷമായ ആഭ്യന്തര കലാപങ്ങൾക്കും രാഷ്ട്രീയ അസ്ഥിരതകൾക്കും കാരണമാകുമെന്നും ചില നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പൊതുവെ ദുർബലമായ ആഫ്രിക്കൻ രാജ്യങ്ങൾ കോവിഡ് വ്യാപനം മൂലം തകർന്നടിയുകയാണെങ്കിൽ ഒരുയർത്തെഴുന്നേൽപ്പിന് ആ ജനത ദീർഘകാലം യത്നിക്കേണ്ടി വരും. ലോകത്തിലെ കോവിഡ് പകർച്ചവ്യാധിയുടെ ഏറ്റവും വലിയ ഇരകളായി ആഫ്രിക്കൻ ജനത മാറാതിരിക്കട്ടെ, ഇങ്ങനെ പ്രാർഥിക്കാൻ മാത്രമേ ഈ അവസരത്തിൽ കഴിയുകയുള്ളു.

കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ചട്ടക്കൂടിനുള്ളിൽ ഏകാധിപത്യ സാമ്രാജ്യത്വം മുതലാളിത്ത മുഖം പുറത്തെടുത്ത് ലോകത്തെ വെട്ടിലാക്കിയ ചൈനയും കുത്തക മുതലാളിത്തത്തിന്റെ മനുഷ്യത്വരഹിതമായ വശം പുറത്തുകാട്ടിയ  യുഎസും കോവിഡ്  വ്യാപനകാലത്ത് ലോകത്തെ തീരാദുഃഖത്തിന്റെ  പടുകുഴിയിലാക്കിയപ്പോൾ സ്നേഹത്തിന്റെ അപ്പോസ്തലന്മാരായത്  കറപുരളാത്ത കമ്മ്യൂണിസത്തിന്റെ വക്താക്കളായ ക്യൂബയാണ്. ഭൗതികമായ അതിമോഹങ്ങളിലും ആർഭാടങ്ങളിലും മുങ്ങിത്താഴാത്ത ഈ കൊച്ചു രാജ്യമാണ് ചൈനയും ഇറ്റലിയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കോവിഡ് പ്രതിരോധത്തിൽ താങ്ങായി രംഗത്തുവന്നത്.

സാമ്പത്തിക ഉപരോധങ്ങളും  കുത്തക മുതലാളിത്ത ഭീഷണികളും പതിറ്റാണ്ടുകളായി വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ആരോഗ്യപരിപാലനരംഗത്ത് കൈവരിച്ച നേട്ടങ്ങൾ ലോകജനതയ്ക്കായി പങ്കുവയ്ക്കാൻ  ക്യൂബ ഒരു മടിയും കാണിച്ചില്ല. കലങ്ങിമറിഞ്ഞ ലോക ആരോഗ്യ ഭൂപടത്തിൽ നിന്ന് നേട്ടങ്ങൾ കൊയ്യുക എന്ന മുതലാളിത്ത അജൻഡ നടപ്പാക്കാൻ അവർ ആഗ്രഹിക്കുന്നുമില്ല. ലോകത്ത് ജനിച്ചുവീഴുന്ന ഓരോ പൗരൻറെയും മൗലിക അവകാശമാണ് ആരോഗ്യപരിപാലനം എന്നതിൽ വിശ്വസിക്കുന്ന ക്യൂബയ്ക്ക് രോഗികളെ  ഉപഭോക്താവായി കാണാനും അവരെ ചൂഷണം ചെയ്യാനും താൽപ്പര്യവുമില്ല.

സത്യബോധത്തിൽ ഊന്നിയുള്ള ആരോഗ്യക്ഷേമ പ്രവർത്തനങ്ങളിലാണ് ക്യൂബയുടെ പ്രഖ്യാപിത അജൻഡ നിലനിൽക്കുന്നത്. മിത്രരാജ്യങ്ങൾക്കും ശത്രുക്കളായി കാണുന്ന രാജ്യങ്ങൾക്കും ആരോഗ്യ പ്രതിസന്ധിയിൽ ക്യൂബ എക്കാലവും താങ്ങും തണലുമാകുന്നു. ലോകത്ത്  പതിനായിരങ്ങൾ മരിച്ചു വീഴുമ്പോൾ  പ്രതിരോധമരുന്നിന്റെ പേറ്റൻറ് സ്വന്തമാക്കാൻ വെമ്പുന്നവർക്കു പോലും അവർ പ്രതിസന്ധി ഘട്ടത്തിൽ  സഹായഹസ്തം വാഗ്ദാനം ചെയ്യുന്നു. ക്യൂബ പ്രകടിപ്പിക്കുന്ന ഈ വിശാലമനസ്കതയ്ക്ക് ലോകജനത ആ കൊച്ചുരാജ്യത്തോട് ഏറെ കടപ്പെട്ടിരിക്കുന്നു എന്നു പറയാതിരിക്കാനാവില്ല.

സ്വന്തം രാജ്യത്ത് കോവിഡ് റിപ്പോർട്ട്ചെയ്യുന്നതിനിടയിലാണ് ലോകത്തിനാകമാനം ക്യൂബ ഈ സഹായഹസ്തം നീട്ടിയത്. ചൈനയും ഇറ്റലിയും ഉൾപ്പെടെ 37 രാജ്യങ്ങൾക്കാണ് അവർ ഈ ഘട്ടത്തിൽ സേവനം നൽകുന്നത്. ഈ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. നിലവിൽ എബോള ഉൾപ്പെടെയുള്ള  രോഗങ്ങൾ പടർന്നു പിടിച്ച ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തെ 55 രാജ്യങ്ങൾക്ക് വിദഗ്ധ വൈദ്യ സേവനം ക്യൂബ നൽകി വരുന്നു. എബോള നിയന്ത്രിക്കാൻ ആഫ്രിക്കൻ രാജ്യങ്ങൾക്ക് കഴിഞ്ഞതിന്റെ ഒരു പ്രധാനകാരണവും ക്യൂബയുടെ അവസരോചിതമായ  ഇടപെടലുകളാണ്. കോവിഡ് ബാധിതരെയും വഹിച്ചുള്ള ബ്രിട്ടിഷ് ആഡംബര കപ്പലിനു കരീബിയൻ രാഷ്ട്രങ്ങൾ നങ്കൂരമിടാൻ പോലും അനുമതി നിഷേധിച്ചപ്പോൾ ആ കപ്പലിലുള്ളവർക്ക്‌ അഭയം നൽകിയതും ചികിത്സ ഉറപ്പാക്കിയതും ക്യൂബയാണ്.

1959 ൽ  പതിനായിരം പേർക്ക് ഒരു ഡോക്ടറാണ് ക്യൂബയിൽ  ഉണ്ടായിരുന്നത്. പാശ്ചാത്യ ഉപരോധങ്ങളും അവഗണനകളും തൃണവൽക്കരിച്ച് മുന്നേറിയ ക്യൂബയിൽ ഇന്ന്  പതിനായിരം പേർക്ക് 89.9 ഡോക്ടർ എന്ന മെച്ചപ്പെട്ട അനുപാതമാണുള്ളത്. യുഎസിന്റെ  നിലവിലെ അനുപാതം പതിനായിരം പേർക്കു 25.9 മാത്രമാണ് എന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം. ഒരു ഡോക്ടറെ ക്യൂബ സൃഷ്ടിക്കുന്നത്  ധനസമ്പാദനത്തിനല്ല, വ്യക്തിയുടെ സേവനസന്നദ്ധത ആണ് പ്രധാന മാനദണ്ഡം. രാജ്യത്തെയും ലോകത്തെയും സേവിക്കാൻ സന്നദ്ധതയുള്ള ആൾ ആയിരിക്കണം വൈദ്യശാസ്ത്രം പഠിക്കേണ്ടത്. ഈ ചിന്താഗതിയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളാണ്  ക്യൂബയുടെ  ആരോഗ്യ സേവനരംഗത്ത് ഇന്ന് കാണുന്ന മൂല്യാധിഷ്ഠിത വളർച്ചയുടെ പ്രധാന കാരണം.

നിരന്തരമായ കഠിനപ്രയത്നത്തിലൂടെ  ക്യൂബ ഈ നേട്ടം സ്വന്തമാക്കിയത് സ്വന്തം നാടിനു വേണ്ടി മാത്രമല്ല ആരോഗ്യ പ്രതിസന്ധികളിൽ ലോകത്തെ നയിക്കാൻ കൂടിയായിരുന്നു. കച്ചവടതാല്പര്യമില്ലാതെ അവർ കാലാകാലങ്ങളായി സേവനം ഗ്ലോബൽ ഹെൽത്ത് ക്രൈസിസ് റെസ്പോൺസ് എന്ന സംവിധാനത്തിലൂടെ നിർവഹിക്കുന്നു. ആ  മാനവസേവ നാളെയും തുടരും. ചുരുക്കിപ്പറഞ്ഞാൽ ലോകം ആരോഗ്യ പ്രതിസന്ധി നേരിട്ട്  ജീവൻമരണ പോരാട്ടം നടത്തുന്ന അവസരത്തിൽ ദൈവ വിശ്വാസമില്ലാത്തവരുടെ നാട് ദൈവരൂപത്തിൽ ലോകത്തിനു മുന്നിൽ സഹായഹസ്തവുമായി നിൽക്കുന്നു. അതാണ് ക്യൂബ ! ലോകരാജ്യങ്ങൾ കണ്ടുപഠിക്കേണ്ട മാതൃക !

ഉരുക്കു മറയ്ക്കുള്ളിൽ സത്യങ്ങൾ കുഴിച്ചുമൂടിയ ശേഷം കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ചട്ടക്കൂടിൽ സാമ്രാജ്യത്വമോഹത്തിലധിഷ്ഠിതമായ  കുത്തക മുതലാളിത്തം ലോകത്തിനു മേൽ അരക്കിട്ടുറപ്പിക്കാൻ ശ്രമിക്കുന്ന ചൈനയിലെ ഷീ ചിൻ പിങും  ആഗോള കുത്തക മുതലാളിത്ത കിരീടം വിട്ടുകൊടുക്കാൻ വൈമനസ്യം കാണിക്കുന്ന കുത്തകഭീമന്മാരുടെ തോഴനായ  ട്രംപും മഹാമാരി  പടരുമ്പോഴും ജനത്തോട് ആഘോഷങ്ങൾ ഉപേക്ഷിക്കേണ്ടെന്നു പറഞ്ഞ ഇറ്റലിയിലെ നേതാക്കളും കോവിഡ് വ്യാപനം ബാധിച്ചിട്ടില്ലെന്ന പ്രതീതി ഉളവാക്കാൻ ജനത്തിനിടയിൽ  പ്രത്യക്ഷപ്പെടുന്ന റഷ്യൻ പ്രസിഡന്റ് പുടിനും രാജ്യത്ത് ഒരു കോവിഡ് രോഗി പോലുമില്ലെന്നു പ്രഖ്യാപിച്ച ഉത്തര കൊറിയ ഏകാധിപതി കിം ജോങ് ഉന്നും ലോകജനതയ്ക്ക് നൽകുന്നത് പ്രതീക്ഷകളല്ല നിരാശയും ഭയവുമാണ്

പ്രതിസന്ധിഘട്ടത്തിൽ ചില ഭരണാധികാരികൾ സാധാരണ ജനതയിൽ നിന്ന് ഏറെ അകലെയാണ് എന്ന് ലോകജനത  തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നതാണ് കോവിഡ് കാലത്തെ കാഴ്ചകളിലൊന്ന്. വൈറസ് മരണങ്ങൾക്കൊപ്പം ലോകത്തെ രാഷ്ട്രീയ-സാമ്പത്തിക ഭൂപടം കൂടി കോവിഡ് മാറ്റിമറിക്കുമെന്ന് ചില ഗവേഷകർ പറയുന്നത് ജനം ഈ തിരിച്ചറിവ് നേടിത്തുടങ്ങിയതുകൊണ്ടു കൂടിയാണ്. കോവിഡ് ഉയർത്തുന്ന രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികൾ പലരാജ്യങ്ങളിലെയും ഭരണകൂടങ്ങളിൽ  മാറ്റം വരുത്താനാണു സാധ്യത. ആ മാറ്റങ്ങൾ ലോകജനതക്ക്  അനുകൂലമാകുമോ, പ്രതികൂലമാകുമോ? അതു കാത്തിരുന്നു കാണണം.

(പരമ്പര അവസാനിച്ചു)

പരമ്പര ഭാഗം ഒന്ന് : കോവിഡ് വന്നത് ശരിക്കും എവിടെ നിന്ന്, എങ്ങനെ; ആരു പറയുന്നതാണ് സത്യം?

പരമ്പര ഭാഗം രണ്ട് : മരണം പതിയിരിക്കുന്ന വഴിയിടങ്ങളിലും ആറാടി യൂറോപ്പിന്റെ വീഴ്ച!

പരമ്പര ഭാഗം മൂന്ന് : ട്രംപിൽ ഉണരാതെ പോയ രാഷ്ട്രീയബോധം; കുത്തകകൾക്ക് വക്കാലത്തും

English Summary : How Cuba help to battle coronavirus?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com