ADVERTISEMENT

തിരുവനന്തപുരം∙ ചലച്ചിത്ര സീരിയല്‍ താരം രവി വള്ളത്തോൾ(67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്തു നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചു. മൃതദേഹം വഴുതയ്ക്കാട്ടെ വസതിയായ ത്രയംബകയിൽ. സംസ്കാരം ഞായറാഴ്ച രാവിലെ ഒൻപതിന് തൈക്കാട് ശാന്തികവാടത്തിൽ. ഗീതാലക്ഷ്മിയാണ് ഭാര്യ. 

ദൂരദർശനിലെ ‘വൈതരണി’ എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. 25 ചെറുകഥ എഴുതി. ഇതിൽ ദേവരഞ്ജിനി, നിമജ്ജനം എന്നിവ ടെലിവിഷൻ പരമ്പരകളായി. ഗാനരചയിതാവായാണ് ചലച്ചിത്രരംഗത്തു തുടക്കം കുറിച്ചത്. 1976-ൽ ‘മധുരം തിരുമധുരം’ എന്ന ചിത്രത്തിന് വേണ്ടി ‘താഴ്‌വരയിൽ മഞ്ഞുപെയ്തു’ എന്ന ഗാനം എഴുതി സിനിമാ ബന്ധത്തിന് തുടക്കമിട്ടു. 1986-ൽ റിലീസ് ചെയ്ത ‘രേവതിക്കൊരു പാവക്കുട്ടി’ എന്ന സിനിമയുടെ കഥ രവി വള്ളത്തോളിന്റേതായിരുന്നു. 1987 ൽ ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘സ്വാതിതിരുനാൾ’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി.  

മലയാള നാടക രംഗത്തെ കുലപതികളിൽ ഒരാളായ ടി.എൻ. ഗോപിനാഥൻ നായരുടെ മൂന്നു മക്കളിൽ മൂത്തവനായാണു രവീന്ദ്രനാഥനെന്ന രവി വള്ളത്തോൾ ജനിച്ചത്. കുറ്റിപ്പുറം കേശവൻ നായരുടെ മകളും മഹാകവി വള്ളത്തോൾ നാരായണ മേനോന്‍റെ അനന്തരവളുമായ സൗദാമിനിയാണ് അമ്മ. വി.നന്ദകുമാർ, മീനാക്ഷി എന്നിവരാണ് സഹോദരങ്ങൾ. സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയശേഷം വിദേശത്തും ദൂരദർശന്റെ വാർത്താ വിഭാഗത്തിലും ജോലി നോക്കവെയാണു ‘വൈതരണി’ എന്ന തന്റെ സീരിയലിൽ അഭിനയിക്കാൻ പി. ഭാസ്‌കരൻ ക്ഷണിക്കുന്നത്. 

actor-ravi-valalthol-film

ദൂരദർശൻ മലയാളം ചാനലിന്റെ തുടക്കകാലത്ത്,1986ൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ‘വൈതരണി’ എന്ന പരമ്പരയുടെ രചന രവിയുടെ പിതാവ് ടി.എൻ.ഗോപിനാഥൻ നായരുടേതായിരുന്നു. നൂറിലേറെ ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ശ്രീഗുരുവായൂരപ്പൻ, വസുന്ധര മെഡിക്കൽസ്, മണൽസാഗരം, പാരിജാതം, അമേരിക്കൻ ഡ്രീംസ് തുടങ്ങിയ മെഗാ സീരിയലുകളിലും രവി ശ്രദ്ധേയനായി. ഇതിൽ ‘അമേരിക്കൻ ഡ്രീംസ്’ എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു.

അടൂർ ഗോപാലകൃഷ്‌ണന്റെ ഏഴു സിനിമകളിൽ രവി ശ്രദ്ധേയമായ വേഷം ചെയ്തു. ടി.വി. ചന്ദ്രൻ, എം.പി. സുകുമാരൻ നായർ തുടങ്ങിയവരുടെ ശ്രദ്ധിക്കപ്പെട്ട പല സിനിമകളിലും അഭിനയിച്ചു. മതിലുകൾ, കോട്ടയം കഞ്ഞച്ചൻ, ഗോഡ്ഫാദർ, വിഷ്ണുലോകം, സർഗം, കമ്മീഷണർ, നീ വരുവോളം തുടങ്ങി നാൽപത്തിയഞ്ചോളംചലച്ചിത്രങ്ങളിൽ  അഭിനയിച്ചു. 2014 ൽ പുറത്തിറങ്ങിയ ദ് ഡോൾഫിൻസാണ് അവസാന ചലച്ചിത്രം. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ഭാര്യ ഗീതാലക്ഷ്മിക്കൊപ്പം ‘തണൽ’ എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

മുഖ്യമന്ത്രി അനുശോചിച്ചു

അനുഗൃഹീത കലാകാരനായിരുന്നു രവി വള്ളത്തോള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭാവാത്മകമായ ആവിഷ്കാരങ്ങളോടെ കഥാപാത്രങ്ങളെ മനസ്സില്‍ പതിപ്പിക്കുന്നതിന് അസാധാരണമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. നാടക കലയ്ക്കും ചലച്ചിത്ര-സീരിയല്‍ കലകള്‍ക്കും ഒരു പോലെ നഷ്ടമാണ് രവി വള്ളത്തോളിന്‍റെ നിര്യാണമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പ്രതിപക്ഷനേതാവ് അനുശോചിച്ചു 

നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത രവി വള്ളത്തോൾ മികച്ച എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. രവി വള്ളത്തോളിന്റെ പിതാവ് ടി എൻ ഗോപിനാഥൻ നായരെ പോലെ വലിയ സംഭാവനകളാണ് അദ്ദേഹം സാംസ്‌കാരിക രംഗത്ത്  നൽകിയതെന്നും പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

English Summary : Television-Film Actor Ravi Vallathol passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com