2015ലെ വെള്ളപ്പൊക്കത്തിന്റെ ഓർമ, ഭയം; കാറുകൾ കൂട്ടത്തോടെ മേൽപ്പാലത്തിൽ

Mail This Article
ചെന്നൈ ∙ നിവാർ ചുഴലിക്കാറ്റ് വീശിയടിക്കുന്നതിനു മുൻപ് 2015ലെ വെള്ളപ്പൊക്കം ഇക്കുറിയും ആവർത്തിക്കുമോയെന്ന ഭയത്തിലായിരുന്നു തമിഴ്നാട്ടിലെ ജനങ്ങൾ. 2015ലെ വെള്ളപ്പൊക്കത്തിൽ നിരവധി കാറുകൾ വെള്ളത്തിൽ ഒഴുകിയ സാഹചര്യം ഇത്തവണ ഒഴിവാക്കാനായി മേൽപ്പാലം ഉൾപ്പെടെയുള്ള സുരക്ഷിതമായ സ്ഥലങ്ങളിൽ വാഹനങ്ങൾ കൊണ്ടുവന്നിട്ടു.
2015ൽ നഗരപ്രദേശങ്ങളായ മഡിപാക്കം, കോട്ടൂർപുരം എന്നിവിടങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ വെള്ളത്തിലൂടെ ഒഴുകിപ്പോയിരുന്നു. നഗരവാസികൾ ഇക്കുറി മേൽപ്പാലങ്ങളിൽ കാറുകൾ പാർക്ക് ചെയ്ത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി. 2015 ലെ വെള്ളപ്പൊക്കം അപ്രതീക്ഷിതമായിരുന്നതിനാൽ മുൻകരുതലുകൾ എടുക്കാൻ സാധിച്ചിരുന്നില്ല. ദുരനുഭവം ആവർത്തിക്കാതിരിക്കാനാണ് മുൻകരുതൽ എന്ന നിലയിൽ വാഹനങ്ങൾ കൂട്ടത്തോടെ മേൽപ്പാലത്തിൽ പാർക്ക് ചെയ്തെതെന്നും തദ്ദേശവാസികൾ പറയുന്നു.
ഇത്തവണയും തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഹെവി ഡ്യൂട്ടി മോട്ടറുകൾ ഉപയോഗിച്ച് ഒഴിവാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 52 ഇടങ്ങളിൽ മരങ്ങൾ വേരോടെ മറിഞ്ഞുവീണു. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. നിവാർ തീരത്തോട് അടുത്തതോടെ ആരംഭിച്ച ശക്തമായ മഴ നഗര ജീവിതത്തെ ബാധിച്ചു. മൗണ്ട് റോഡ്, മറീന കാമരാജർശാല, എഗ്‌മൂർ, കെകെ നഗർ, അഡയാർ, സെയ്ദാപ്പെട്ട്, നന്ദനം, ഇസിആർ റോഡ് തുടങ്ങിയ പ്രധാന ഇടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി.

ചെന്നൈയിലും ശക്തമായ കാറ്റടിക്കുമെന്നു മുന്നറിയിപ്പു ലഭിച്ചതോടെ റോഡ് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വലിയ ബാനറുകളും ബോർഡുകളും കോർപറേഷൻ താൽക്കാലികമായി നീക്കിയിരുന്നു. മരക്കൊമ്പുകളും പഴയ ദിശാഫലകങ്ങളും മുറിച്ചുനീക്കി. ഓടകൾ അപ്പപ്പോൾ വൃത്തിയാക്കാൻ കൂടുതൽ ജീവനക്കാരെ നിയമിച്ചതായും കോർപറേഷൻ അറിയിച്ചു. സർക്കാർ അവധി പ്രഖ്യാപിച്ചതോടെ നഗരത്തിലെ ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നു. ഇന്നു കൂടി നഗരത്തിൽ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം.
English Summary: Cars Parked On Chennai Flyover Ahead Of Cyclone To Avoid 2015 Repeat