സ്പ്രിൻക്ളർ: റിപ്പോർട്ട് കൈമാറാൻ നിർദേശിക്കണമെന്ന് ചെന്നിത്തല ഹൈക്കോടതിയിൽ

Mail This Article
കൊച്ചി∙ സ്പ്രിൻക്ളർ കരാറിനെക്കുറിച്ച് അന്വേഷിച്ച മാധവൻനായർ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതിയ്ക്കു കൈമാറണമെന്നു സംസ്ഥാന സർക്കാരിനോടു നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ. സ്വകാര്യ വിവരങ്ങൾ ചോർന്നതിന്റെ വിശദാംശങ്ങൾ മനസിലാക്കാൻ വിദഗ്ധ സമിതി റിപ്പോർട്ട് പരിശോധിക്കേണ്ടത് അനിവാര്യമാണെന്നു രമേശ് ചെന്നിത്തല ഹർജിയിൽ പറയുന്നു. സർക്കാർ അനധികൃതമായി സ്വകാര്യവിവരങ്ങൾ സ്പ്രിൻക്ലറിനു കൈമാറിയ രോഗികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്പ്രിൻക്ലർ ആരോപണങ്ങളിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന് അനുകൂലമല്ലാത്ത പലകാര്യങ്ങളും കരാറിലുണ്ടെന്നാണ് മാധവൻ കമ്മിറ്റി കണ്ടെത്തലെന്നും റിപ്പോർട് പുറത്തു വിടണമെന്നും ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചിരിക്കുന്നത്. റിപ്പോർട്ട് പുറത്തു വിടാതെ അതു പഠിക്കാൻ മറ്റൊരു കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നതിലും പ്രതിപക്ഷം ആരോപണം ഉയർത്തിയിരുന്നു.
അതേസമയം, വ്യക്തമായ നിർദേശങ്ങൾ റിപ്പോർട്ടിൽ ഇല്ലാത്തതിനാലാണ് പുതിയ കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത് എന്നാണ് മന്ത്രി ജയരാജന്റെ വിശദീകരണം. സ്പ്രിൻക്ലർ വിഷയത്തിൽ സർക്കാർ തെറ്റായ നിലപാടു സ്വീകരിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിക്കു വേണ്ടി കഴിഞ്ഞ ദിവസം ഇ.പി. ജയരാജൻ സഭയെ അറിയിച്ചത്.
English Summary: Ramesh Chennithala approaches high court ragrading sprinklr contract