ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വാക്സീൻ; യുഎസ് അനുമതി തേടി മൊഡേണ
Mail This Article
വാഷിങ്ടൻ∙ ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി വികസിപ്പിച്ച കോവിഡ് വാക്സീന് അനുമതി തേടി മൊഡേണ. യുഎസിലെ എഫ്ഡിഎയ്ക്ക് അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് കമ്പനി. മേയ് 9നകം ഇതുസംബന്ധിച്ച രേഖകൾ സമർപ്പിക്കും. അംഗീകാരം ലഭിച്ചാൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള ആദ്യ വാക്സീനാകും ഇത്.
ആറു മാസം മുതൽ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളിൽ രണ്ടു ഡോസ് വാക്സീൻ ആണ് മൊഡേണ നിർദേശിക്കുന്നത്. മുതിർന്നവരുടെ ഒരു ഡോസിന്റെ നാലിലൊന്ന് ശക്തിയേ കുട്ടികളുടെ ഡോസിന് ഉണ്ടാകുകയുള്ളൂ.
ഫൈസർ കമ്പനിയിൽനിന്നുള്ള കോവിഡ് വാക്സീൻ അഞ്ചും അതിനു മുകളിലും പ്രായമുള്ള കുട്ടികൾക്കു നൽകാനേ അനുമതിയുള്ളൂ. ഇതിന്റെ പരീക്ഷണ സമയത്ത് 2നും 4നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ വലിയവരെക്കാൾ തീരെ ചെറിയതോതിലുള്ള പ്രതിരോധശേഷിയാണ് ലഭിക്കുന്നതെന്നു കണ്ടെത്തിയിരുന്നു.
ആറുമാസം മുതൽ നാലു വയസ്സു വരെയുള്ളവരിൽ പരീക്ഷിച്ച ഫൈസർ വാക്സീന് മുതിർന്നവരുടേതിനേക്കാൾ പത്തിലൊന്നു ശക്തിയേയുള്ളൂ. ഇതേത്തുടർന്ന് ഈ പ്രായത്തിലെ കുട്ടികളിൽ മൂന്നാം ഡോസ് മരുന്നു കൂടി കുത്തിവച്ച് പരീക്ഷണം നടത്തേണ്ടി വന്നിരിക്കുകയാണ്. ഇതിന്റെ ഫലം ഈ മാസം തന്നെ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
English Summary: Moderna files for U.S. authorization of COVID shot for kids under 6