‘ഇത് സർക്കാരിന്റെ കടമ’; സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം വാരിക്കൊടുത്ത് മുഖ്യമന്ത്രി സ്റ്റാലിന്‍
Mail This Article
ചെന്നൈ ∙ സ്കൂള്‍ കുട്ടികള്‍ക്കു ഭക്ഷണം വാരിക്കൊടുത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. സ്കൂളുകളിലെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണു മുഖ്യമന്ത്രിയുടെ സ്നേഹം കുട്ടികള്‍ അനുഭവിച്ചറിഞ്ഞത്. കുട്ടികള്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പു കാലത്ത് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കുമ്പോഴാണ് തമിഴ്നാടിന്റെ പദ്ധതിയെന്നത് ശ്രദ്ധേയമാണ്. ഒരിക്കല്‍ കുട്ടികളുമായി സംവദിക്കുന്നതിനിടെയാണ്, പലരും പ്രഭാത ഭക്ഷണം കഴിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി സ്റ്റാലിന്‍ മനസിലാക്കുന്നത്. തുടര്‍ന്നാണു ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചത്.
സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു വേണ്ടിയാണു പദ്ധതി . ഉദ്ഘാടനത്തിനായി മധുര സിമ്മക്കല്‍ അത്തിമൂലം സ്കൂളിലെത്തിയ സ്റ്റാലിന്‍ കുട്ടികള്‍ക്കൊപ്പം നിലത്തിരുന്നു റവ കേസരിയും റവ കിച്ചടിയും കഴിച്ചു. കൂടെയിരുന്ന കുട്ടികള്‍ക്ക് റവ കേസരി വാരിക്കൊടുത്തു.
102 കൊല്ലം മുന്‍പ് ചെന്നൈ തൗസന്റ് ലൈറ്റിലെ കോര്‍പ്പറേഷന്‍ സ്കൂളിലാണു രാജ്യത്ത് ആദ്യമായി സൗജന്യ ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയത്. ഇക്കാര്യം സൂചിപ്പിച്ചാണു മുഖ്യമന്ത്രി പ്രഭാത ഭക്ഷണ പദ്ധതിക്കു തുടക്കമിട്ടത്.
English Summary: Stalin launches breakfast scheme in schools: ‘Not freebie, charity, it’s govt duty’