18കാരനെ കുത്തിക്കൊന്നശേഷം മുകളിൽ കയറിനിന്നു നൃത്തം ചെയ്ത് 16കാരൻ; നടുക്കുന്ന ദൃശ്യങ്ങൾ
Mail This Article
ന്യൂഡൽഹി∙ ഡൽഹിയിൽ 350 രൂപയ്ക്കായി പതിനെട്ടു വയസ്സുകാരനെ കുത്തിക്കൊന്നശേഷം മുകളിൽ കയറിനിന്നു നൃത്തം ചെയ്ത് പതിനാറുകാരൻ. ചൊവ്വാഴ്ച രാത്രി വടക്കുകിഴക്കൻ ഡൽഹിയിലെ വെൽക്കം ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലപ്പെട്ടയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയായ പതിനാറുകാരനെ അറസ്റ്റ് ചെയ്തു.
മോഷണശ്രമമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ടയാളെ പ്രതി ആദ്യം കഴുത്ത് ഞെരിച്ച് ബോധരഹിതനാക്കിയശേഷം 60 തവണ കുത്തിയെന്നാണു റിപ്പോർട്ടുകൾ. ഇരയിൽനിന്ന് 350 രൂപ പ്രതി മോഷ്ടിച്ചു. ഇരുവരും തമ്മിൽ പരിചയമില്ലെന്നു പൊലീസ് പറഞ്ഞു.
പതിനാറുകാരൻ നടത്തിയ മോഷണശ്രമം പതിനെട്ടുകാരൻ ചെറുത്തതിനു പിന്നാലെയായിരുന്നു ആക്രമണം. പ്രായപൂർത്തിയാകാത്ത പ്രതി മൃതദേഹം ഇടുങ്ങിയ ഇടവഴിയിലേക്കു വലിച്ചിഴയ്ക്കുന്നതു സിസിടിവി ക്യാമറകളിൽ കാണാം. മരിച്ചെന്ന് ഉറപ്പുവരുത്താൻ ഇയാൾ കഴുത്തിൽ തുടർച്ചയായി കുത്തുന്നുണ്ട്. തലയിൽ ചവിട്ടുന്നതിന്റെയും ശരീരത്തിനു മുകളിൽ കയറിനിന്നു നൃത്തം ചെയ്യുന്നതിന്റെയും നടുക്കുന്ന ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞു.
ചൊവ്വാഴ്ച രാത്രി 11.15ഓടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും ഉടൻ സ്ഥലത്തെത്തി പതിനെട്ടുകാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ജോയ് ടിർക്കി പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഫൊറൻസിക് സംഘം സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.