ADVERTISEMENT

ന്യൂഡൽഹി ∙ മുസ്‌ലിം വിഭാഗത്തിൽപ്പെട്ട അഞ്ചുപേരെ തൂണിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ ഗുജറാത്ത് പൊലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ആളുകളെ കെട്ടിയിട്ട് മർദിക്കാനുള്ള അധികാരം എവിടെനിന്നാണ് പൊലീസുകാർക്ക് ലഭിച്ചതെന്നു ചോദിച്ച കോടതി, കുറ്റാരോപിതരായ പൊലീസുകാർ കസ്റ്റഡിയിൽ പോകണമെന്ന് നിർദേശിക്കുകയും ചെയ്തു. പൊലീസുകാർക്ക് 14 ദിവസത്തെ ജയിൽശിക്ഷ വിധിച്ചുകൊണ്ടുള്ള ഗുജറാത്ത് ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്തു നല്‍കിയ അപ്പീലില്‍ വാദം കേൾക്കവേയാണ് സുപ്രീംകോടതി പൊലീസിനെ വിമർശിച്ചത്.

2022 ഒക്ടോബറിൽ ഖേദ ജില്ലയിലുണ്ടായ പ്രക്ഷോഭത്തിനിടെ കല്ലെറിഞ്ഞതിനെ തുടർന്നാണ് യുവാക്കളെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചത്. സംഭവത്തിൽ അറസ്റ്റു ചെയ്യപ്പെട്ട 13 പേരിൽ അഞ്ചുപേരെ പൊലീസുകാർ മർദിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. വിവാദമുയർന്നതോടെ ഇന്‍സ്പെക്ടർ എ.വി.പാര്‍മർ, സബ്–ഇൻസ്പെക്ടർ എ.വി.കുമാവത്, കോൺസ്റ്റബിൾമാരായ കെ.എൽ.ദഭി, ആർ.ആർ.ദഭി എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു.  ഇവർ ചെയ്ത കുറ്റം കോടതിയലക്ഷ്യമാണെന്നു നിരീക്ഷിച്ച ഹൈക്കോടതി 2023 ഒക്ടോബറിൽ നാലുപേർക്കും 14 ദിവസത്തെ ജയിൽശിക്ഷ വിധിച്ചു. കസ്റ്റഡിയിൽ എടുത്തവരെ മർദിക്കരുതെന്ന മുൻ ഉത്തരവ് പൊലീസുകാർ പാലിച്ചില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഇതിനു പിന്നാലെയാണ് പൊലീസുകാർ സുപ്രീം കോടതിയിലെത്തിയത്. ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ചാണ് അപ്പീൽ പരിഗണിച്ചത്. വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെ ഹൈക്കോടതിക്ക് എങ്ങനെ ഇടപെടാനാകുമെന്ന് പ്രതികൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ സിദ്ധാർഥ് ധാവേ ചോദിച്ചു. 1996ലെ ഡി.കെ.ബസു കേസ് വിധിയെപ്പറ്റി പൊലീസുകാർക്ക് അറിവുണ്ടായിരുന്നില്ലെന്നും ധാവേ വാദിച്ചു. എന്നാൽ നിയമപാലകരെന്ന നിലയിൽ ഇക്കാര്യങ്ങൾ പൊലീസുകാർ അറിഞ്ഞിരിക്കണമെന്നും പൊലീസുകാർക്ക് ഇങ്ങനെ പെരുമാറാൻ അധികാരമില്ലെന്നും കോടതി മറുപടി നല്‍കി. ഹൈക്കോടതി നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലിൽ വാദം കേൾക്കാമെന്നും വിധി സ്റ്റേ ചെയ്യുന്നതായും കോടതി വ്യക്തമാക്കി. പ്രതികൾ സ്റ്റേറ്റ് പൊലീസിന്റെ കസ്റ്റഡിയിൽ പോകണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

English Summary:

Supreme Court blasts Gujarat cops for public flogging of Muslims in Kheda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com