ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന ഒരു പ്രവൃത്തിയും ശ്രീലങ്കൻ മണ്ണിൽനിന്നുണ്ടാവില്ല: പ്രസിഡന്റ് അനുര കുമാര ദിസനായകെ
Mail This Article
ന്യൂഡൽഹി∙ ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന ഒരു പ്രവൃത്തിയും ശ്രീലങ്കൻ മണ്ണിൽനിന്നുണ്ടാവില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദിസനായകെയുടെ ഉറപ്പ്.
രണ്ടു വർഷത്തിനു മുൻപ് ശ്രീലങ്കയിലുണ്ടായ അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയിൽ തന്റെ രാജ്യത്തെ സഹായിച്ചതിന് ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നുവെന്നും ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ദിസനായകെ പ്രധാനമന്ത്രിയോട് പറഞ്ഞു. 400 കോടി ഡോളറാണ് ശ്രീലങ്കയ്ക്ക് ഇന്ത്യ ഗ്രാന്റുകളായും വായ്പ സഹായമായും നൽകിയതെന്ന് മോദി പറഞ്ഞു.
ഇരട്ടനികുതി ഒഴിവാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനം, പരിശീലനം തുടങ്ങിയവയിലെ സഹകരണത്തിനുമുള്ള കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. സാംപുർ സൗരോർജ പദ്ധതി, ശ്രീലങ്കൻ റെയിൽവേ കണക്ടിവിറ്റി, ഇന്ത്യ–ശ്രീലങ്ക ഫെറി, വിമാന സർവീസ്, ഡിജിറ്റൽ ഐഡന്റിറ്റി പദ്ധതി, വിദ്യാഭ്യാസം, പ്രതിരോധം, സമുദ്രപഠനം തുടങ്ങിയവയും നേതാക്കൾ ചർച്ച ചെയ്തു.
അയൽ രാജ്യത്തിന്റെ പുനരുദ്ധാരണം, അവരുമായുള്ള ഐക്യം തുടങ്ങിയ കാര്യങ്ങളിൽ ദിസനായകെയുമായി ചർച്ച നടത്തിയെന്നും ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങൾ സർക്കാർ നിറവേറ്റുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തിൽ സുസ്ഥിരമായ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്ന് ദിസനായകെ പറഞ്ഞു.
മൂന്നുദിവസത്തെ ഇന്ത്യാസന്ദർശനത്തിനായി ഞായറാഴ്ചയാണ് ദിസനായകെ ഇന്ത്യയിലെത്തിയത്. രാഷ്ട്രപതി ദ്രൗപദി മുർമുവുമായും ദിസനായകെ കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ നടക്കുന്ന ബിസിനസ് പരിപാടിയിൽ പങ്കെടുക്കുന്ന ദിസനായകെ പിന്നീട് ബോധ് ഗയയും സന്ദർശിക്കും. ശ്രീലങ്കൻ പ്രസിഡന്റായതിനുശേഷം ദിസനായകെയുള്ള ആദ്യ വിദേശ സന്ദർശനമാണിത്.