അമ്മയും മക്കളും ട്രെയിനിനു മുന്നിൽ ചാടി മരിച്ച സംഭവം: യുവതിയുടെ ഭർത്താവ് അറസ്റ്റിൽ

Mail This Article
ഏറ്റുമാനൂർ ∙ പാറോലിക്കലിൽ യുവതിയും മക്കളായ രണ്ട് പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവ് നോബി അറസ്റ്റിൽ. തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്. അൻസലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഭാര്യയേയും മക്കളെയും ആത്മഹത്യയിലേക്ക് തള്ളി വിട്ടതിൽ നോബിക്കു പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനായി നോബിയെ വിശദമായി ചോദ്യം ചെയ്യും.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് നോബിയുടെ ഭാര്യ ഷൈനി ( 43) മക്കളായ അലീന എലിസബത്ത് നോബി (11), ഇവാന മരിയ നോബി (10) എന്നിവർ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവുമായി പിണങ്ങിയ ഷൈനിയും മക്കളും കഴിഞ്ഞ 9 മാസമായി പാറോലിക്കലിൽ ഷൈനിയുടെ വീട്ടിലായിരുന്നു താമസം. സംഭവ ദിവസം പുലർച്ചെ 5.25ന് പള്ളിയിലേക്ക് പോകുകയാണെന്ന് പറഞ്ഞു പോയ ഷൈനിയേയും മക്കളെയും പിന്നീട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇവരുടെ മൃതദേഹം പാറോലിക്കലിലെ വീട്ടിലെത്തിച്ച സമയത്തും പിന്നീട് തൊടുപുഴയിലെ ഇടവക പള്ളിയിലെത്തിച്ചപ്പോഴും നാട്ടുകാരും ബന്ധുക്കളും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. സംഭവത്തിൽ ഭർത്താവിന്റെയും കുടുംബത്തിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷൈനിയുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഷൈനി തൊടുപുഴ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടന്നു വരുന്നതിനിടയിലായിരുന്നു കുടുംബത്തിന്റെ ആത്മഹത്യ.