‘ജനനേന്ദ്രിയത്തിൽനിന്നു നട്ട് മാറ്റാൻ 2 മണിക്കൂർ; പഴുപ്പ് വന്ന് വീർത്തു, ഈ അനുഭവം ആദ്യം’

Mail This Article
കാസർകോട്∙ ജനനേന്ദ്രിയത്തിൽ ലോഹ നട്ട് കുടുങ്ങിയ 48കാരനെ രക്ഷപ്പെടുത്തിയത് 2 മണിക്കൂർ നീണ്ട ദൗത്യത്തിലൂടെയെന്ന് അഗ്നിരക്ഷാസേന. സെൻസീറ്റീവായ ശരീരഭാഗമായതിനാൽ വളരെ സൂക്ഷ്മതയോടെയും കൃത്യതയോടെയുമാണ് നട്ട് നീക്കം ചെയ്യാൻ ശ്രമിച്ചതെന്നും അഗ്നിരക്ഷാസേനാ സ്റ്റേഷൻ ഓഫിസർ പി.വി.പവിത്രൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.
‘‘25 ന് രാത്രി 10 മണിയോടെയാണ് കാസർകോട് ജില്ലാ ആശുപത്രിയിൽ നിന്ന് അഗ്നിരക്ഷാസേനയ്ക്ക് ഫോൺവിളി വന്നത്. ജനനേന്ദ്രിയത്തിൽ ലോഹ നട്ട് കുടുങ്ങിയ നിലയിൽ ഒരാളെ എത്തിച്ചിട്ടുണ്ടെന്നും നട്ട് നീക്കം ചെയ്യാൻ ഡോക്ടർമാർക്കു കഴിയുന്നില്ലെന്നും നിങ്ങളുടെ സഹായം കിട്ടിയാൽ നന്നായിരുന്നു എന്നുമായിരുന്നു ആശുപത്രിയിൽ നിന്നറിയിച്ചത്. ഉടൻതന്നെ ഞങ്ങൾ അഞ്ചു പേർ അവിടെയെത്തി. എന്നാൽ ഇത്തരമൊരു സാഹചര്യം മുൻപു നേരിട്ടിട്ടില്ലാത്തതു കൊണ്ട് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. അതിനുള്ള ഉപകരണങ്ങളും ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നില്ല.
ഞങ്ങൾ എത്തിയപ്പോൾ 48 കാരന്റെ നില വളരെ മോശമായിരുന്നു. ലൈംഗികാവയവം മുഴുവൻ നീര് വന്ന് വീങ്ങിയിരുന്നു. നട്ട് കുടുങ്ങിയിട്ട് മൂന്നോ നാലോ ദിവസമായെന്ന് ആദ്യ കാഴ്ചയിൽത്തന്നെ തോന്നി. കാരണം പഴുപ്പ് കൂടി മൂത്രമൊഴിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. ഇത്തരമൊരു കാര്യമായതിനാൽ പുറത്തു പറയാനുള്ള മടി കൊണ്ട് അദ്ദേഹം കഴിയാവുന്ന രീതിയിലെല്ലാം നട്ട് പുറത്തെടുക്കാൻ ശ്രമിച്ചിരുന്നു. മദ്യലഹരിയിൽ ബോധമില്ലാതിരുന്നപ്പോൾ മറ്റാരോ നട്ട് കയറ്റി എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ അത് ശരിയാണോ എന്നു സംശയമുണ്ട്.
പരിശോധിച്ചപ്പോൾ നട്ട് മുറിച്ചു നീക്കേണ്ടിവരുമെന്നു മനസ്സിലായി. പക്ഷേ ഒരു ചെറിയ പാളിച്ചയെങ്കിലും പറ്റിയാൽ അത് വലിയ ബുദ്ധിമുട്ടാകും. അതുകൊണ്ടു തന്നെ വളരെ ശ്രദ്ധയോടെയാണ് എല്ലാം ചെയ്തത്. മോതിരം കട്ട് ചെയ്യുന്ന കട്ടറാണ് ഉപയോഗിച്ചത്. അത് ഉപയോഗിച്ച് നട്ട് മുറിച്ചു നീക്കുമ്പോൾ ചൂടുണ്ടാകുമെന്നതിനാൽ ലൈംഗികാവയവത്തിനു ക്ഷതമേൽക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ തുടർച്ചയായി വെള്ളമൊഴിച്ചു തണുപ്പിച്ചാണ് മുറിച്ചെടുത്തത്. രണ്ടു മണിക്കൂറോളമെടുത്തു നട്ട് പൂർണമായും മുറിച്ചെടുക്കാൻ. കാസർകോട്ട് ആദ്യമായാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നത്. എന്നാൽ മലപ്പുറത്ത് മുൻപ് ഇത്തരമൊരു സംഭവം ഉണ്ടായിരുന്നു. അന്നു മാനസികാസ്വാസ്ഥ്യമുള്ള ഒരാളാണ് ഇത്തരത്തിൽ ചെയ്തത്’’- അഗ്നിരക്ഷാസേനാ സ്റ്റേഷൻ ഓഫിസർ പറഞ്ഞു.
അതേസമയം, ലൈംഗികാവയവത്തിൽനിന്നു നട്ട് നീക്കം ചെയ്ത 48കാരന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.