കിടക്കവിരി ഉപയോഗിച്ച് ഇറ്റലിയിൽനിന്നു ജയിൽ ചാടി; മാഫിയ തലവൻ ഫ്രാൻസിൽ പിടിയിൽ
Mail This Article
പാരിസ് ∙ ഇറ്റലിയിൽ ജയിൽച്ചാടിയ മാഫിയത്തലവൻ മാർക്കോ റഡ്വാനോ ഫ്രാൻസിലെ കോർസിക ദ്വീപിൽ പിടിയിലായി. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഇറ്റലിയിലെ സർദീനിയ അതിസുരക്ഷാ ജയിലിൽനിന്ന് കിടക്കവിരി ഉപയോഗിച്ചു ചാടിപ്പോയ റഡ്വാനോ കഴിഞ്ഞദിവസം കൂട്ടുകാരിക്കൊപ്പം കോർസികയിലെ റസ്റ്ററന്റിൽ എത്തിയപ്പോഴാണു പിടിയിലായത്. ഇറ്റലിയിലെ പ്രധാന കുറ്റവാളിസംഘമായ ‘ഫോർത്ത് മാഫിയ’യിൽ റഡ്വാനോയുടെ വലംകയ്യായ ജിയാൻല്യൂജി ട്രൊയാനോ സ്പെയിനിലെ ഗ്രനാഡയിലും പിടിയിലായി.
ലഹരിക്കടത്ത്, ആയുധക്കച്ചവടം ഉൾപ്പെടെ കേസുകളിൽ 24 വർഷത്തെ തടവുശിക്ഷയാണ് ഇറ്റലിയിൽ റഡ്വാനോക്കു ലഭിച്ചത്. യൂറോപ്യൻ യൂണിയന്റെ കുറ്റാന്വേഷണ ഏജൻസിയായ യൂറോപോളിന്റെ കുറ്റവാളിപ്പട്ടികയിൽ ‘അപകടകാരി’ വിഭാഗത്തിലുള്ള റഡ്വാനോ, വ്യാജ പേരിലാണു ഫ്രാൻസിൽ കഴിഞ്ഞിരുന്നത്. മോഷ്ടിച്ചതും വ്യാജരേഖകൾ ഉപയോഗിച്ചു റജിസ്റ്റർ ചെയ്തതുമായ വാഹനമാണ് ഉപയോഗിച്ചിരുന്നത്.