ADVERTISEMENT

വ്യത്യസ്ത തരം റൊട്ടികൾ കാണുകയും കഴിക്കുകയും ചെയ്യുന്നവരാണ് നമ്മളെല്ലാം.  കനം കൂടിയതും കുറഞ്ഞതും വലുതും ചെറുതും അങ്ങനെ റൊട്ടികൾ പലരീതിയിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ വളരെ വലുപ്പത്തിൽ വിസ്മയിപ്പിക്കുന്ന ഒരു റൊട്ടിയാണ് സോഷ്യൽ ലോകത്തെ ഇക്കഴിഞ്ഞ ദിവസങ്ങളിൽ കീഴടക്കിയത്. ബിക്കാനീറിലെ ഏറ്റവും വലിയ റൊട്ടി എന്ന പേരിലാണ് ഇവൻ സൈബർ ലോകത്തിന്റെ കണ്ണിലുടക്കിയത്. ബിക്കാനീർ - ജോധ്പൂർ ഹൈവേയ്ക്ക് സമീപമായി സ്ഥിതി ചെയ്യുന്ന വീർ തേജാജി ഹോട്ടലാണ് വലിയ റൊട്ടിയുണ്ടാക്കി സോഷ്യൽ മീഡിയയിൽ  വൈറലായത്. രൂപത്തിലും രുചിയിലും വിസ്മയിപ്പിക്കുന്ന ഇവിടുത്തെ റൊട്ടിയെക്കുറിച്ചു കേട്ടറിഞ്ഞു പല ദേശത്തു നിന്നും കാണാനും കഴിക്കാനും എത്തുന്നവരുടെ എണ്ണം അനവധിയാണ്.

 

ബിക്കാനീറിൽ കഴിക്കാൻ എന്തുണ്ട് എന്ന് ചോദിക്കുന്നവർക്കു മുമ്പിലേക്കാണ് ഈ ഭീമൻ റൊട്ടിയുടെ വരവ്. 18 ഇഞ്ച് വ്യാസമുള്ള റൊട്ടി നിർമിക്കാൻ 500 ഗ്രാം മാവുവേണം. പരമ്പരാഗത  രീതിയിൽ തീക്കനൽ നിറച്ച ബർണറിൽ വച്ചാണ് ചുട്ടെടുക്കുന്നത്. നാടൻ നെയ്യും പച്ചക്കറികളും കൂട്ടിയാണ്  റൊട്ടി കഴിക്കാനായി വിളമ്പുന്നത്. ഇത്രയും വലുപ്പം കൂടിയ റൊട്ടി ചുട്ടെടുക്കാനും ധാരാളം സമയം വേണമായിരിക്കുമെന്നല്ലേ ചിന്തിക്കുന്നത്? എന്നാൽ അങ്ങനെയല്ല, കഴിക്കാൻ പാകത്തിനു തയാറായി കിട്ടാൻ വളരെ കുറച്ചു നിമിഷങ്ങൾ മാത്രം മതി. നല്ല തീക്കനലിന്റെ ചൂടിൽ നിമിഷങ്ങൾക്കുള്ളിൽ റൊട്ടി വെന്തു പാകമാകും. അരകിലോ മാവിൽ തയാറാക്കി ചുട്ടെടുക്കുന്ന ഈ റൊട്ടിയുടെ വിലയെത്രയാണെന്നല്ലേ? 60 രൂപ കയ്യിലുണ്ടെങ്കിൽ ഈ വിഭവം കഴിക്കാം.

 

ബിക്കാനീറിലെ ഭീമൻ റൊട്ടിയെക്കുറിച്ചു കേട്ടറിഞ്ഞു അന്യദേശങ്ങളിൽ നിന്നുപോലും ആളുകൾ കഴിക്കാൻ എത്തുന്നതു കൊണ്ടുതന്നെ ധാബകളിൽ നല്ല തിരക്കാണിപ്പോൾ . നാടൻ രീതിയിൽ തയാറാക്കി എടുക്കുന്നത് കൊണ്ടുതന്നെ വലുപ്പത്തിൽ മാത്രമല്ല, രുചിയിലും ഇവൻ കേമനാണ്. നേരത്തെ ഒരു ധാബയിൽ മാത്രമുണ്ടായിരുന്ന റൊട്ടിയിപ്പോൾ ബിക്കാനീറിലെ പല ധാബകളിലും ലഭ്യമാണ്. ഭക്ഷണശാലയ്ക്കു സമീപമുള്ള ഗ്രാമത്തിൽ താമസിക്കുന്നവരാണ് റൊട്ടി ഉണ്ടാക്കുന്നത്. പലരും ഈ മേഖലയിൽ വർഷങ്ങളുടെ പരിചയമുള്ളവരാണ്. ബിക്കാനീറിലെ ബനേര ഗ്രാമത്തിൽ നിന്നുള്ളവരാണ് ആദ്യമായി ഇത്രയും വലുപ്പത്തിൽ റൊട്ടി ഉണ്ടാക്കി നോക്കിയത്. എന്നാൽ പിന്നീട് പലരും കണ്ടുപഠിക്കുകയും ഉണ്ടാക്കുകയും ചെയ്തു.  ഇന്നിപ്പോൾ ഹൈവേയ്ക്ക് സമീപമുള്ള മിക്ക ധാബകളിലും വലുപ്പം കൂടുതലുള്ള, ഈ വൈറൽ റൊട്ടി ലഭ്യമാണ്. 

English Summary: This Biggest Roti In Bikaner Is 18 Inches In Diameter And Costs Only Rs 60

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com