ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സിഡ്നി∙ സ്വവർഗ വിവാഹത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ പുതുചരിത്രമെഴുതിയ ഓസ്ട്രേലിയൻ പേസ് ബോളർ മേഗൻ ഷൂട്ടിനും പങ്കാളിക്കും കുഞ്ഞു പിറന്നു. ജീവിത പങ്കാളി ജെസ് ഹോളിയോകെ പെൺകുഞ്ഞിനു ജന്മം നൽകിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് മേഗൻ ഷൂട്ട് പുറത്തുവിട്ടത്. ഇവരുടെ ആദ്യ കുഞ്ഞാണിത്. 2019 മാർച്ചിലാണ് മേഗൻ ഷൂട്ടും ജെസ്സും വിവാഹിതരായത്.

റിലീ ലൂയിസ് ഷൂട്ട് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഓഗസ്റ്റ് 17ന് രാത്രി 10 മണിക്കാണ് കുഞ്ഞു പിറന്നതെന്ന് മേഗൻ വ്യക്തമാക്കി. 858 ഗ്രാമാണ് ഭാരം. കുഞ്ഞിനെ കാത്തിരിക്കുന്ന വിവരം ഇക്കഴിഞ്ഞ മേയ് മാസത്തിൽ മേഗൻ ഷൂട്ട് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു.

ഓസ്ട്രേലിയയ്ക്കായി 65 ഏകദിനങ്ങളും 73 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ഇരുപത്തെട്ടുകാരിയായ മേഗൻ ഷൂട്ട്. 2012ലായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. രാജ്യാന്തര ക്രിക്കറ്റിൽ ഇതിനകം 204 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. വനിതാ ബിഗ് ബാഷ് ലീഗിൽ 74 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2020ലെ ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയ കിരീടം ചൂടുമ്പോൾ ഏറ്റവും കൂടുതൽ വിക്കറ്റുകളുമായി വിജയശിൽപിയായത് മേഗനായിരുന്നു. ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ 18 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത പ്രകടനവും ശ്രദ്ധ നേടി.

നേരത്തെ, ന്യൂസീലൻഡ് ക്രിക്കറ്റിലെ സ്വവർഗ ദമ്പതികളായ ആമി സാറ്റർത്‌വൈറ്റ് – ലീ തഹൂഹു എന്നിവരും കുഞ്ഞു പിറന്ന സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ജനുവരി 13നാണ് ഇരുവർക്കും കുഞ്ഞു പിറന്നത്. ദമ്പതികളിലെ ലീ തഹൂഹുവാണ് കുഞ്ഞു ജനിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ആമി സാറ്റർത്‌വൈറ്റ് ദേശീയ ടീമിൽനിന്ന് നീണ്ട ഇടവേളയെടുത്തിരുന്നു.

ന്യൂസീലൻഡിലും ഓസ്ട്രേലിയയിലും സ്വവർഗ വിവാഹത്തിന് നിയമസാധുതയുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ മേഗൻ ഷൂട്ടിനും ആമി സാറ്റർത്‌വൈറ്റ് – ലീ തഹൂഹു ദമ്പതികൾക്കും പുറമേ സ്വവർഗ വിവാഹിതരായ വേറെയും താരങ്ങളുണ്ട്. ദക്ഷിണാഫ്രിക്കൻ വനിതാ ടീം നായിക ഡെയ്ൻ വാൻ നീകർക്ക് സഹതാരം മാരിസാൻ കാപ്പിനെയും ന്യൂസീലൻഡിന്റെ ഹീലി ജെൻസൺ ഓസ്ട്രേലിയയുടെ നിക്കോളാ ഹാൻകോക്കിനെയും സ്വവർഗ വിവാഹത്തിലൂടെ പങ്കാളിയായി സ്വീകരിച്ചിരുന്നു. ഇവർക്കു പിന്നാലെ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങളായ ഡെലീസ കിമ്മിൻസും ലോറ ഹാരിസും സ്വവർഗ വിവാഹത്തിലൂടെ ഒന്നിച്ചു.

English Summary: Megan Schutt and partner Jess Holyoake blessed with a baby girl

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com