‘സിം ആഫ്രോ ടി10’ ടീമിനെ സ്വന്തമാക്കി സഞ്ജയ് ദത്തും സോഹൻ റോയിയും
Mail This Article
ഹരാരെ∙ സിംബാബ്‍വെയിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ ‘സിം ആഫ്രോ ടി10’ൽ ഹരാരെ ഹറികെയ്ൻസ് ടീമിനെ സ്വന്തമാക്കി ബോളിവുഡ് താരം സഞ്ജയ് ദത്തും ഏരീസ് ഗ്രൂപ്പ് ഉടമ സോഹൻ റോയിയും. ഡർബൻ ക്വാലാൻഡേഴ്സ്, കേപ്ടൗൺ സാംപ് ആർമി, ബുലാവായോ ബ്രേവ്സ്, ജോബർഗ് ലയൺസ് ടീമുകളാണ് ഹരാരെയ്ക്കു പുറമേ ലീഗിൽ കളിക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്ത് ക്രിക്കറ്റ് മത്സരങ്ങളുടെ കടുത്ത ആരാധകനാണ്.
ഐപിഎല്‍ മത്സരങ്ങൾക്കായി ഗാലറിയിൽ സ്ഥിരമായി എത്താറുള്ള സഞ്ജയ് ദത്ത്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനോടുള്ള തന്റെ പിന്തുണ തുറന്നുപറഞ്ഞിട്ടുണ്ട്. ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനും സിഇഒയുമാണ് സർ സോഹൻ റോയ്. സംവിധായകൻ, എഴുത്തുകാരൻ എന്നീ രംഗങ്ങളിലും സോഹൻ റോയ് പ്രശസ്തനാണ്.
സഞ്ജയ് ദത്തുമായി ചേർന്നു പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സോഹന്‍ റോയ് പ്രതികരിച്ചു. ‘‘ക്രിക്കറ്റിലെ ഏറ്റവും ത്രസിപ്പിക്കുന്ന ഫോർമാറ്റാണ് ടി10. കുട്ടിക്കാലം മുതലുള്ള ആഗ്രഹം നിറവേറ്റാനുള്ള അവസരമാണിത്.’’– സോഹൻ റോയ് പ്രതികരിച്ചു.
English Summary: Sanjay Dutt, Sohan Roy acquire Harare Hurricanes team in the Zim Afro T10