ADVERTISEMENT

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ മലയാളത്തിന്റെ ശബ്ദമാണ് ഷൈജു ദാമോദരൻ. ഫുട്ബോളിന്റെ ചടുല താളത്തിനൊപ്പം മലയാളിയോട് കളി പറയുന്ന ശബ്ദം. ഐഎസ്എലിന്റെ കാൽപ്പന്താവേശം പങ്കുവച്ച് ഷൈജു ദാമോദരൻ എഴുതുന്ന കോളം – കമന്ററി ബോക്സ് –ഇന്നുമുതൽ എല്ലാ വെള്ളിയാഴ്ചയും മനോരമ ഓൺ‌ലൈനിൽ...

കളിക്കളത്തിനകത്തും പുറത്തും ഊതി വീർപ്പിച്ച കുമിളകൾ നാമൊരുപാട് കണ്ടിട്ടുണ്ട്. വീർത്തു പൊങ്ങി സെക്കൻഡുകൾക്കുള്ളിൽത്തന്നെ പൊട്ടിത്തകർന്നവ എത്രയോ എണ്ണം. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ (ഐഎസ്എൽ) ഏഴാം പതിപ്പ് പ്രഫഷനൽ ആസൂത്രണത്തിന്റെയും ആരോഗ്യ സുരക്ഷയുടെയും കാര്യത്തിൽ ഒന്നാന്തരം ഉരുക്കുകുമിള തന്നെയായി മാറുകയാണെന്ന് ആദ്യ ആഴ്ചകളിലെ മത്സരങ്ങൾ കാട്ടിത്തരുന്നു. 

കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഒഫീഷ്യൽസും സംഘാടകരും തുടങ്ങി അടച്ചിട്ട സ്റ്റേഡിയങ്ങളെ സജീവമാക്കാനെത്തുന്ന ചുരുക്കമാളുകളെല്ലാം അതീവ ജൈവസുരക്ഷാ കുമിളകൾക്കകത്താണു ഗോവയിൽ കഴിയുന്നത്. ഒരേ ഹോട്ടലിൽ കഴിയുന്നവർക്കു പോലും പരസ്പരം മുറികളിലേക്കു പ്രവേശനമില്ല. ഭക്ഷണ-വ്യായാമ വേളകളും ഇടങ്ങളും പോലും പ്രത്യേകം വേറിട്ടു നിശ്ചയിച്ചു നൽകിയിരിക്കുകയാണ്. ടൂർണമെന്റ് ആരംഭിച്ചു 20 ദിവസങ്ങൾ പിന്നിടുമ്പോഴും കോവിഡിനോട് സമ്പൂർണ സാമൂഹിക അകലം പാലിക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെയാണ് ഐഎസ്എലിൽ പന്തുരുളുന്നത്. അപകടകാരിയായ ഒരു സ്‌ട്രൈക്കറെ അനായാസം തടഞ്ഞു നിർത്തുന്ന ഡിഫൻസീവ് മിടുക്കിനോട് ഇതിനെ ഫുട്‌ബോൾ ഭാഷയിൽ ഉപമിക്കാം.

കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി മൈതാനത്ത് ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളിൽ ഏറ്റവും ഉചിതമായി തോന്നിയത് ബോൾ ബോയ്‌സിനെ ഒഴിവാക്കിയതാണ്. പകരം ബോൾ അസിസ്റ്റ് ടീം (ബാറ്റ്) എന്ന പുതിയ സംവിധാനം ഏർപ്പെടുത്തി. പതിനെട്ടു വയസ്സിനു മുകളിലുള്ളവർ മാത്രമെ ബാറ്റിൽ അംഗങ്ങളാകൂ. മൈതാനത്തിനു പുറത്തേക്കു തെറിക്കുന്ന പന്തുകൾ ടച്ച് ലൈനിനു സമീപം സ്ഥാപിച്ചിരിക്കുന്ന പ്രത്യേക കോണുകളിൽ എടുത്തുവയ്ക്കുകയാണ് ബാറ്റിന്റെ ഡ്യൂട്ടി. ത്രോ ഇൻ സമയത്തെല്ലാം കളിക്കാർ തന്നെ കോണുകളിൽ നിന്ന് പന്തെടുക്കണമെന്നാണ് വ്യവസ്ഥ. ഇക്കാര്യത്തിൽ അൽപം ആശയക്കുഴപ്പം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നു തോന്നുന്നു. പലപ്പോഴും ത്രോ ഇൻ സമയത്ത് പന്തിനായി കളിക്കാർ കാത്തുനിൽക്കുന്നതു കാണാം. പ്രത്യേകിച്ച് ലീഡ് ചെയ്യുന്ന ടീമിനാണു ത്രോ ഇൻ എങ്കിൽ ഈ പന്തു പരതലിന്റെ സമയം ' മന:പൂർവം ' കൂടുന്നുമുണ്ട്.

ഓരോ പകുതികളിലും ഏർപ്പെടുത്തിയിരിക്കുന്ന ഓരോ മിനിറ്റിന്റെ ഡ്രിങ്ക്‌സ് ഇടവേളകളും നിലവിലെ സാഹചര്യത്തിൽ വളരെ പ്രധാനപ്പെട്ടതു തന്നെ. മത്സരത്തിനായി മൈതാനത്തേക്ക് ടീമുകൾ പ്രവേശിക്കുന്നത് രണ്ടു വ്യത്യസ്ഥ കവാടങ്ങളിലൂടെ ആക്കി മാറ്റി. ഹസ്തദാനം ഒഴിവാക്കിയതും കളിക്കുന്നവരും റഫറിമാരും അല്ലാത്തയെല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന വ്യവസ്ഥയും വളരെ കർശനമായി തന്നെ പാലിക്കപ്പെടുന്നു. ഐഎസ്എലുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാവർക്കും ഒന്നിടവിട്ട ദിവസങ്ങളിൽ കോവിഡ് പരിശോധനയും നിർബന്ധം. ഇത്തരം കാര്യങ്ങൾക്കായി പ്രത്യേകം ചുമതലപ്പെടുത്തിയ മെഡിക്കൽ സംഘങ്ങൾ തന്നെയുണ്ട്. കോവിഡിന്റെ മുന്നേറ്റത്തെ ചെറുക്കാൻ ശരിക്കുമൊരു പാർക്ക് ദ് ബസ് മത്സരതന്ത്രം തന്നെയാണ് ഐഎസ്എൽ സംഘാടകരുടെ ഭാഗത്തുനിന്നു കാണാനാവുന്നത്.

∙ ബ്ലാസ്റ്റേഴ്സിനു പുറത്തും ‘കേരളം’

ഐഎസ്എലിന്റെ ആറു സീസണുകളിലും കണ്ടിട്ടില്ലാത്ത വിധം മറ്റു ടീമുകളിൽ കൂടുതൽ മലയാളി താരങ്ങളുടെ സാന്നിധ്യം ഇക്കുറി ദർശിക്കാനാവുന്നതിൽ മലയാളം കമന്ററി ബോക്‌സിന്റെ പെരുത്ത സന്തോഷവും ഇവിടെ കുറിക്കട്ടെ. കേരളാ ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി സഹലും പ്രശാന്തും രാഹുലും കളത്തിലിറങ്ങിക്കഴിഞ്ഞു. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് നിറയെ മലയാളിത്തമുള്ള മറ്റൊരു ടീം. പി.എം. ബ്രിട്ടോയും വി.പി. സുഹൈറും മഷൂർ ഷെരീഫുമെല്ലാം ഹൈലാൻഡേഴ്‌സിനു വേണ്ടി മിന്നുന്ന കളിയാണു പുറത്തെടുക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിലെ ഗോൾ സഹായങ്ങളിലൂടെ (അസിസ്റ്റ്) പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ സുഹൈർ കോച്ച് ജെറാർഡ് നുസിന്റെ ഇഷ്ടതാരമായി മാറിക്കഴിഞ്ഞു.

ജംഷഡ്പുർ എഫ്സി യുടെ ഒന്നാം ഗോൾകീപ്പറായി കോഴിക്കോട്ടുകാരൻ ടി.പി. രഹ്‌നേഷ് ആദ്യമത്സരങ്ങളിൽ മികച്ച പ്രകടനമാണു കാഴ്ചവച്ചത്. ബോക്‌സിനു പുറത്തെ ഒരനാവശ്യ ഇടപെടൽ വഴി ഇതിനോടകം ചുവപ്പുകാർഡ് വാങ്ങിയത് രഹ്‌നേഷിനെ സംബന്ധിച്ചിടത്തോളം നല്ല നടപ്പിനുള്ള മുന്നറിയിപ്പായി കാണണം. ബെംഗളുരു എഫ്സി യിൽ മലപ്പുറത്തുകാരൻ ആഷിഖ് കുരുണിയൻ എല്ലാ മത്സരങ്ങളിലും സ്റ്റാർട്ടിങ് ഇലവൻ പ്ലേയറാണ്. ഇടതു വിങ്ങർ എന്ന സ്വാഭാവിക സ്ഥാനത്തിനു പകരം പലപ്പോഴും ഇടതു ഫുൾ ബാക്ക് പൊസിഷനാണു ആഷിഖിന് കോച്ച് ക്വാദ്രാത്ത് നിശ്ചയിച്ചു നൽകുന്നത്. അതുകൊണ്ടു തന്നെ അമിതജോലിഭാരം ആഷിഖിനു നേരിടേണ്ടി വരുന്നുണ്ട്. എങ്കിലും നിലവിലുള്ള മലയാളി ഐഎസ്എൽ താരങ്ങളിൽ ഏറ്റവും ശാരീരിക ക്ഷമതയും വേഗതയും കുരുണിയനു തന്നെ.

ബെംഗളൂരുവിൽ ആഷിഖിന് ഒപ്പം കളിക്കുന്ന ലിയോൺ അഗസ്റ്റിനും പകരക്കാരനായി കളത്തിലിറങ്ങാൻ ആദ്യമത്സരങ്ങളിൽ തന്നെ കഴിഞ്ഞു. ഈസ്റ്റ് ബംഗാളിൽ സി.കെ. വിനീതും മുഹമ്മദ് ഇർഷാദും കളിക്കുന്നുണ്ട്. ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ കാസർകോട്ടുകാരൻ മിർഷാദ് മിച്ചു പരിക്കു ഭേദമാകാൻ കാത്തിരിക്കുന്നു. ദേബ്ജിത് മജുംദറിന്റെ സ്ഥാനത്ത് വരും മത്സരങ്ങളിൽ നമുക്കു മിർഷാദിനെയും കാണാം.

∙ കളത്തിൽ മിന്നി ഇന്ത്യക്കാർ

ഇന്ത്യൻ ഫുട്‌ബോളിന് ഐഎസ്എൽ എന്തു സംഭാവന ചെയ്യുന്നുവെന്ന ചോദ്യം ഓരോ ഐഎസ്എൽ കാലത്തും ഉയരുന്നതാണ്. ഇത്തവണയും അതു മുടക്കമില്ലാതെ കേൾക്കാം. ആദ്യ 20 മത്സരങ്ങൾക്കുള്ളിൽ വിവിധ ദിവസങ്ങളിലായി ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങൾ നേടിയ ഇന്ത്യൻ താരങ്ങളുടെ എണ്ണമാണ് ഇതിനുള്ള തെളിവു സഹിത മറുപടി. അനിരുദ്ധ് ഥാപ്പ, റൗളിൻ ബോർജസ്, ചിംഗ്ലെൻസന, സുരേഷ് വാംഗ്ജം, റോച്ചർസെല തുടങ്ങിയവർ ഉദാഹരണങ്ങളാണ്.

കൂടുതൽ മികവുറ്റ വിദേശതാരങ്ങൾക്കൊപ്പം കളിച്ച് ഇന്ത്യൻ യുവ ഫുട്‌ബോളർമാർ നേടിയെടുക്കുന്ന ഈ പുരസ്‌കാരങ്ങൾ നാളേയ്ക്കുള്ള നിക്ഷേപങ്ങളാകട്ടെ. ഥാപ്പയും റൗളിനും സനയും സുരേഷും സെലയുമെല്ലാം ബ്ലൂ ടൈഗേഴ്‌സിന്റെ കരുത്തുറ്റ താരങ്ങളാവാൻ കെൽപ്പുള്ളവരാണ്. കൂട്ടത്തിൽ ഥാപ്പയും റൗളിനും ഇന്ത്യയുടെ നീലക്കുപ്പായത്തിൽ കളിച്ചു കഴിഞ്ഞു. ബാക്കിയുള്ളവരെക്കൂടി വൈകാതെ നമുക്ക് രാജ്യാന്തര മത്സരവേദികളിൽ കാണാം. ദേശീയ ടീം കോച്ച് ഇഗോറിന്റെ റഡാർ ഒട്ടും വൈകാതെ ഇവരുടെ മേൽ പതിയാതിരിക്കില്ല, തീർച്ച!

English Summary: Commentary Box - ISL Column by Shaiju Damodaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com