അജ്ഞാത പേടകങ്ങൾ ആണവ മിസൈൽകേന്ദ്രം ആക്രമിച്ചു! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് സൈനികൻ
Mail This Article
അജ്ഞാത പേടകങ്ങൾ ആണവ മിസൈൽകേന്ദ്രം ആക്രമിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് സൈനികൻ രംഗത്ത്. യുഎസ് എയർഫോഴ്‌സിൽ നിന്നു വിരമിച്ച ഒരു മുൻ ക്യാപ്റ്റനാണ് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. അരനൂറ്റാണ്ട് മുൻപ് താൻ ജോലി ചെയ്തിരുന്ന രഹസ്യ ആണവ മിസൈൽകേന്ദ്രം അജ്ഞാതപേടകങ്ങൾ ആക്രമിച്ചെന്നാണു സൈനികന്റെ വാദം.
യുഎസ് എയർഫോഴ്‌സിലെ റിട്ടയേർഡ് ക്യാപ്റ്റനായ റോബർട് സലാസാണ് വെളിപ്പെടുത്തലിനു പിന്നിൽ. 1967 മാർച്ച് 24നാണ് ആക്രമണം നടന്നതെന്ന് അദ്ദേഹം പറയുന്നു. അന്ന് ആ മിസൈൽ കേന്ദ്രത്തിൽ 10 ആണവ മിസൈലുകളുണ്ടായിരുന്നു. ആകാശത്ത് മിന്നിത്തിളങ്ങുന്ന രീതിയിൽ ഓറഞ്ച് നിറത്തിലുള്ള ലൈറ്റുകൾ കാണപ്പെട്ടതാണ് ആക്രമണത്തിന്റെ ആദ്യപടിയെന്ന് സലാസ് പറയുന്നു. പലപ്പോഴും ചലിക്കാത്ത രീതിയിൽ അവ ആകാശത്ത് നിന്നു. ദീർഘവൃത്താകൃതിയിലായിരുന്നു അവയുടെ ആകൃതി. ശബ്ദങ്ങളൊന്നും അവ പുറപ്പെടുവിച്ചുമില്ല.
മിസൈൽ കേന്ദ്രത്തിലെ സഹപ്രവർത്തകരിൽ പലരും ഇത് യുഎഫ്ഒ ആണെന്ന് സംശയം പറഞ്ഞപ്പോഴും താൻ വിശ്വസിക്കാൻ തയാറായില്ലെന്ന് സലാസ് പറയുന്നു. എന്നാൽ താമസിയാതെ ആക്രമണം തുടങ്ങി. എന്താണു സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല. കേന്ദ്രത്തിന്റെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന ഗാർഡുമാർ അലറിവിളിച്ചുകൊണ്ടിരുന്നു. സലാസ് ഫോണിലൂടെ നിരന്തരം നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.
ആക്രമണം കഴിഞ്ഞപ്പോഴേക്കും മിസൈലുകൾക്കും കേന്ദ്രത്തിലും കേടുപാടുകളുണ്ടായിരുന്നു. എന്നാൽ യുഎസ് എയർഫോഴ്സ് ഇതെക്കുറിച്ച് അന്വേഷണം നടത്താനൊരുങ്ങിയില്ല. സംഭവത്തിന്റെ ദൃക്സാക്ഷികൾ വിവരങ്ങൾ പുറത്തുവിടില്ലെന്ന് ഉറപ്പുവരുത്തുന്നതിലായിരുന്നു അവർക്ക് താൽപര്യം. വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാൻ അവരോട് സേനാംഗങ്ങൾ പറഞ്ഞു. 3 വർഷത്തിനു ശേഷം ഈ ആക്രമണത്തിന്റെ അന്വേഷണം സംബന്ധിച്ച എല്ലാ ഫയലുകളും വ്യോമസേന അടച്ചുപൂട്ടിയെന്നും സലാസ് പറയുന്നു. പെട്ടെന്ന് പ്രശസ്തരാകാനായി അന്യഗ്രഹജീവികളെപ്പറ്റിയും അജ്ഞാതപേടകങ്ങളെപ്പറ്റിയുമൊക്കെ പലരും മുൻപ് തട്ടിപ്പ് വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. സലാസ് പറഞ്ഞത് ഉള്ളതോ കള്ളമോയെന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്.
∙ അന്യഗ്രഹജീവികൾ
അന്യഗ്രഹജീവികളെക്കുറിച്ചുള്ള സംഭവങ്ങളും കഥകളും എല്ലാവർക്കും വളരെ താൽപര്യമുള്ള സംഭവമാണ്. ലോകത്തെ ഏറ്റവും വികസിത രാഷ്ട്രമായ യുഎസിൽ പോലും നല്ലൊരു ശതമാനം ആളുകൾ അന്യഗ്രഹജീവികൾ ഉണ്ടെന്നും അവ ഭൂമി സന്ദർശിക്കുന്നുണ്ടെന്നും ഇക്കാര്യം സർക്കാരുകൾക്ക് അറിയാമെന്നും അവർ മറച്ചുവയ്ക്കുകയാണെന്നുമൊക്കെ വിശ്വിസിക്കുന്നു. ഏതായാലും യുഎസിൽ വളരെ പ്രസിദ്ധമായ പല യുഎഫ്ഒ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് റോസ്‌വെൽ. അമേരിക്കൻ വ്യോമസേനയുടെ അതിസുരക്ഷാ പരീക്ഷണകേന്ദ്രമായ ഏരിയ 51ൽ അന്യഗ്രഹജീവികൾ ഒളിച്ചുതാമസിക്കുന്നുണ്ടെന്നൊക്കെ വിശ്വസിക്കുന്നവരും ധാരാളമുണ്ട്. ഇതു പോലെ തന്നെ പലയാളുകളും തങ്ങൾ യുഎഫ്ഒയും അന്യഗ്രഹപേടകങ്ങളുമൊക്കെ കണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തുവരാറുമുണ്ട്.
ഇക്കൂട്ടത്തിലേക്ക് മറ്റൊരു വെളിപ്പെടുത്തൽ കൂടിയാണ് ഇപ്പോഴത്തെ പുതിയ വെളിപ്പെടുത്തൽ.
English Summary: UFO attacked a US nuclear missile base, reveals retired Air Force Capital; know all about Robert Salas’s shocking claims