കാടിന് നടുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗുഹാക്ഷേത്രം ;അപൂർവ കാഴ്ച
Mail This Article
അപൂര്‍വമായ ഒട്ടനവധി പുരാതന ക്ഷേത്രങ്ങള്‍ ഉള്ള നാടാണ് കേരളം. അത്തരത്തിലുള്ള പലയിടങ്ങളും ആരാധാനാലയം എന്നതിനൊപ്പം ഇന്ന് പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂടിയാണ്. പ്രാർഥിക്കാനും പഠനത്തിനായും കാഴ്ചകള്‍ കാണാനായും സ്വദേശികള്‍ക്കൊപ്പം വിദേശികളും ഇത്തരമിടങ്ങള്‍ തേടിയെത്തുന്നു.
ഇങ്ങനെ ഏറെ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ്, പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് കവിയൂരിൽ സ്ഥിതി ചെയ്യുന്ന തൃക്കാക്കുടി ഗുഹാക്ഷേത്രം. തൃക്കവിയൂർ മഹാദേവക്ഷേത്രത്തിൽ നിന്നും ഒന്നരകിലോമീറ്റർ വടക്കുമാറിയാണ് ക്ഷേത്രത്തിന്‍റെ ലൊക്കേഷന്‍. പരസ്പരം അഭിമുഖമായി സ്ഥിതിചെയ്യുന്ന രണ്ട് പാറക്കെട്ടുകളിലൊന്നിലാണ് ഈ ക്ഷേത്രം നിർമിക്കപ്പെട്ടിട്ടുള്ളത്.
എ.ഡി. എട്ടാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം പല്ലവ രഥ ശിൽപ ശൈലിയിലാണ് നിര്‍മിച്ചിട്ടുള്ളത്. ഒരൊറ്റ പാറയില്‍ കൊത്തിയെടുത്തതായതിനാല്‍ ഈ ക്ഷേത്രത്തിന് ചരിത്രപരമായും വാസ്തുപരമായും പ്രാധാന്യമുണ്ട്. പാറതുരന്ന് 20 അടി വ്യാസത്തിൽ ഗർഭഗൃഹം നിര്‍മിച്ചിരിക്കുന്നു. മദ്ധ്യത്തിലായി മൂന്നരയടി പൊക്കത്തിൽ വലിയ ശിവലിംഗവുമുണ്ട്.
ഗർഭഗൃഹത്തിലേക്ക് കടക്കാനായി ഒരു അർദ്ധ മണ്ഡപവും മധ്യത്തിലായി കൽപടവുകളുമുണ്ട്. അർദ്ധ മണ്ഡപത്തിന്‍റെ ചുവരുകളിൽ ഇരുവശങ്ങളിലുമായി രണ്ട് ദ്വാരപാലക പ്രതിമകള്‍ കാണാം. ഇത്തരം ദ്വാരപാലക ശിൽപങ്ങൾ ഇന്ത്യയിൽ മറ്റൊരു സ്ഥലത്തും കാണാൻ കഴിയില്ലെന്ന് ഗവേഷകര്‍ വിലയിരുത്തിയിട്ടുണ്ട്.
വടക്കേ ചുവരിൽ ഗണപതിയുടെയും തെക്കേ ചുവരിൽ ജഡാധാരിയായ മുനിയുടെയും ശിൽപങ്ങളും കാണാം. ഈ ശില്‍പങ്ങള്‍ എല്ലാം തന്നെ മഹാബലിപുരത്തെ ശിൽപങ്ങളുമായി സാമ്യം പുലർത്തുന്നവയാണ്.
ക്ഷേത്രത്തെ സംബന്ധിച്ച് ഐതിഹ്യങ്ങളും നിലവിലുണ്ട്. പാണ്ഡവരുടെ വനവാസകാലത്ത് നിർമിക്കപ്പെട്ടതാണ് ഈ ക്ഷേത്രമെന്ന് ഒരു ഐതിഹ്യത്തിൽ പറയുന്നു. മനോഹരമായ ഭൂപ്രകൃതിയും കാലാവസ്ഥയും ഉള്ള ഈ സ്ഥലം പാണ്ഡവര്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. നിത്യപൂജയ്ക്കായി അവര്‍ ഇവിടെ ശിവലിംഗ പ്രതിഷ്ഠ ചെയ്ത് ഗുഹാക്ഷേത്രം നിർമിച്ചുവെന്നാണ് വിശ്വാസം.
എന്നാല്‍, ഒളിവില്‍ കഴിയുകയായിരുന്ന പാണ്ഡവര്‍ എവിടെയുണ്ടെന്ന് കൗരവർ തിരിച്ചറിഞ്ഞു. അക്കാര്യം മനസ്സിലാക്കിയ ഹനുമാൻ സഹോദരനായ ഭീമനെ ഇക്കാര്യം അറിയിച്ചു. അതോടെ അവിടെ നിന്നു പാണ്ഡവര്‍ക്ക് സ്ഥലംമാറി പോകേണ്ടിവന്നു. ഇക്കാരണത്താലാണ് ക്ഷേത്ര നിർമാണം ഇന്നും പൂര്‍ത്തിയാകാതെ കിടക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു.
ഭക്തരെ കൂടാതെ, നിരവധി ചരിത്രകാരന്മാരും സഞ്ചാരികളും ഈ പാറയിൽ കൊത്തിയ കൊത്തുപണികൾ കാണുന്നതിനായി ഈ ക്ഷേത്രം സന്ദർശിക്കാറുണ്ട്. സംസ്ഥാനത്തെ ശിലാശിൽപത്തിന്‍റെ ആദ്യ മാതൃക എന്ന നിലയിലും ഈ ക്ഷേത്രത്തിന് പുരാവസ്തുശാസ്ത്രപരമായി വലിയ പ്രാധാന്യമുണ്ട്. ക്ഷേത്രത്തിലെ ശിൽപങ്ങളും കൊത്തുപണികളുള്ള മുറികളുമെല്ലാം പുരാവസ്തു വകുപ്പ് സ്മാരകമായി സംരക്ഷിക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഉടമസ്ഥതയിലാണീ ക്ഷേത്രം. ക്ഷേത്രത്തിന്‍റെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിനാണ്.
ഈ അപൂർവ ശിവക്ഷേത്രം സന്ദർശിക്കുന്നത് സഞ്ചാരികളെ സംബന്ധിച്ചിടത്തോളം നവ്യാനുഭവമായിരിക്കും. ഏറ്റവും അടുത്തുള്ള തിരുവല്ല റെയിൽവേ സ്റ്റേഷൻ 4 കിലോമീറ്റർ അകലെയാണ്. ഈ ക്ഷേത്രത്തിൽ നിന്ന് 121 കിലോമീറ്റർ അകലെയുള്ള കൊച്ചി രാജ്യന്തര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത്
English Summary: Thrikkakkudi Rock-cut Temple In Kaviyoor Pathanamthitta