‘ദേവ് ദീപാവലി’ ആഘോഷിക്കാൻ വാരണാസിയിലേക്ക്; പ്രകാശപൂരിതമായ് അയോധ്യ

Mail This Article
'അന്ധകാരത്തെ പുറന്തള്ളാൻ ഇരുട്ടിന് കഴിയില്ല, വെളിച്ചത്തിന് മാത്രമേ അത് കഴിയൂ' - അന്ധകാരത്തിനു മേൽ പ്രകാശം നേടുന്ന വിജയം, തിന്മയ്ക്ക് മേൽ നന്മയുടെ വിജയം അങ്ങനെ പല പല കഥകളും കാരണങ്ങളുമാണ് ദീപാവലിയുടേതായിട്ടുള്ളത്. നരകാസുരവധം, മഹാലക്ഷ്മി അവതാരദിവസം, ശ്രീരാമൻ പതിനാലുവർഷത്തെ വനവാസത്തിനു ശേഷം അയോധ്യയിലേക്കു തിരിച്ചെത്തിയത് അങ്ങനെ ദീപാവലി സംബന്ധിയായി നിരവധി ഐതിഹ്യങ്ങളാണ് പ്രചാരത്തിലുള്ളത്. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യയിലാണ് ദീപാവലി കൂടുതൽ ആഘോഷമായി കൊണ്ടാടുന്നത്. ഇത്തവണ 12 നാണ് ദീപാവലി. ശനിയും ഞായറും കൂടി ചേർത്തൊരു ചെറിയ യാത്ര പോകാനുള്ള അവധി ദിവസങ്ങളുണ്ട്. ദീപാവലി നാളുകളിൽ ആ ആഘോഷത്തിന്റെ ഭാഗമാകുന്ന യാത്രകളാകും ഉചിതം. ദീപാലങ്കാരത്തിൽ കുളിച്ചു നിൽക്കുന്ന വീടുകളും കെട്ടിടങ്ങളും എല്ലാം ഉത്തരേന്ത്യൻ കാഴ്ചകളാണ്. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ദീപാവലി ആഘോഷമാക്കുന്നത് ഉത്തരേന്ത്യയിലാണ്. നഗരം പ്രകാശിച്ചു നിൽക്കുന്ന കാഴ്ച, ആകാശത്തിൽ ഒരായിരം നക്ഷത്രങ്ങൾ ഒരുമിച്ചു വിരിഞ്ഞതു പോലെ പൊട്ടി വിടരുന്ന കരിമരുന്നു കലാപ്രകടനം. കുടുംബത്തോടൊപ്പം ദീപാവലി നാളിൽ പോകാൻ പറ്റുന്ന കുറച്ചു സ്ഥലങ്ങൾ ഇതാ.

വാരണാസിയിലെ ദേവ് ദീപാവലി
വാരണാസിയിലെ ദീപാവലി ആഘോഷങ്ങൾ വളരെ ആഡംബരപൂർണമാണ്. പുണ്യനദിയായ ഗംഗയിൽ കുളിച്ചു സാമ്പ്രദായിക വസ്ത്രം ധരിച്ച് തദ്ദേശീയമായ ഭക്ഷണം രുചിച്ചു വാരണാസിയിലെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമാകാൻ തുടങ്ങാം. അസ്തമയ സമയത്ത് ബോട്ട് സവാരി ആസ്വദിക്കാം. പടക്കങ്ങളും കരിമരുന്നു കലാപ്രകടനവും ആസ്വദിക്കാൻ പറ്റിയ സ്ഥലം കൂടിയാണ് ഇത്. അൽപസമയം കൂടി അവിടെ ചെലവഴിച്ചാൽ ദൈവത്തിന്റെ ദീപാവലി അല്ലെങ്കിൽ ദേവ് ദീപാവലി ആഘോഷിക്കാം. ഗംഗ മഹോത്സവത്തിന്റെ ഭാഗമാണ് ഇത്.

അയോധ്യയിൽ ശ്രീരാമഭഗവാന്റെ ഓർമയിൽ ദീപാവലി ആഘോഷം
ഐതിഹ്യമനുസരിച്ച് പതിനാലു വർഷത്തെ വനവാസത്തിനു ശേഷം ശ്രീരാമൻ അയോധ്യയിലേക്കു മടങ്ങിയെത്തിയ അന്നാണ് ദീപാവലി ആഘോഷിച്ചതെന്നു പറയപ്പെടുന്നു. ജന്മനാട്ടിലേക്കു തിരിച്ചെത്തിയ ശ്രീരാമനെ സ്വീകരിക്കാൻ അയോധ്യയിലെ ജനങ്ങൾ നഗരം മുഴുവൻ വിളക്കുകൾ കത്തിക്കുകയും വർണങ്ങൾ കൊണ്ടും പൂക്കൾ കൊണ്ടും അലങ്കരിക്കുകയും ചെയ്തു. അതിന്റെ അനുസ്മരണമാണ് ഓരോ വർഷത്തെ ദീപാവലിയും. അയോധ്യയിലെ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി സരയൂ നദിയുടെ തീരത്തു ലക്ഷക്കണക്കിന് ദീപങ്ങളാണു തെളിയിക്കുന്നത്. തലേദിവസം തന്നെ ഇവിടെ ആഘോഷങ്ങൾ ആരംഭിക്കും.

അമൃത്സറിലെ ബന്ദി ചോർ ദിവസ്
ദീപാവലി സിഖുകാർക്കു വളരെ വിശേഷപ്പെട്ട ദിവസമാണ്. ബന്ദി ചോർ ദിവസം എന്നാണ് സിഖുകാർക്കിടയിൽ ഇത് അറിയപ്പെടുന്നത്. ജയിൽ മോചിതമായ ദിവസം എന്നാണ് അതിന്റെ അർത്ഥം. 1619 – ൽ മുഗൾ ചക്രവർത്തിയായ ജഹാംഗീർ ആറാമത് സിഖ് ഗുരുവായ ഗുരു ഹർഗോവിന്ദ് സിങിനെയും മറ്റ് 52 രാജാക്കൻമാരെയും ജയിൽ മോചിതരാക്കിയ ദിവസമായാണ് ഇത് ആചരിക്കുന്നത്. ഈ ദിവസം ആയിരക്കണക്കിനു ലൈറ്റുകളും തിരികളും കൊണ്ട് പ്രകാശിതമാകുന്ന സുവർണക്ഷേത്രം ഒരു നയനാനന്ദകരമായ കാഴ്ചയാണ്. മാത്രമല്ല മനോഹരമായ കരിമരുന്നു പ്രയോഗവും കാണാൻ സാധിക്കും.

കൊട്ടാരങ്ങളുടെ നാടായ ഉദയ്പൂരിലെ ദീപാവലി, ഒപ്പം ജയ്പൂരിലെയും
തടാകങ്ങളുടെയും കൊട്ടാരങ്ങളുടെയും നാടെന്നു പേരു കേട്ട ഉദയ്പൂർ ദീപാവലി കാലത്തു യാത്രാപ്രേമികൾക്കു പോകാൻ പറ്റിയ ഇടമാണ്. വർണാഭമായ വിളക്കുകളാൽ ദീപാലംകൃതമായി തെളിഞ്ഞുനിൽക്കുന്ന കൊട്ടാരങ്ങൾ കാണേണ്ട കാഴ്ചയാണ്. നഗരത്തിലെ തടാകങ്ങളിൽ ഈ ദീപാലങ്കാരങ്ങളുടെ പ്രതിബിംബങ്ങൾ കാണുന്നതു മനോഹരവും. ദീപാവലി ആഘോഷം അതിന്റെ ആവേശത്തിൽ എത്തുന്നത് ജയ്പൂരിലാണ്. ഏറ്റവും നന്നായി അലങ്കരിക്കുന്ന മാർക്കറ്റ്, കെട്ടിടങ്ങൾ, വീടുകൾ എന്നിവയ്ക്കു പ്രത്യേക സമ്മാനമുണ്ട്. നഹർഗഡ് കോട്ടയാണ് ദീപാവലി കാലത്ത് ജയ്പൂരിലെ ഏറ്റവും വലിയ ആകർഷണം. ദീപാലംകൃതമായ നഗരത്തിന്റെ പൂർണമായ ദൃശ്യം ഇവിടെ എത്തിയാൽ കാണാൻ സാധിക്കും.

കാളിപൂജയിൽ പങ്കെടുക്കാൻ കൊൽക്കത്തയിലേക്ക്
കൊൽക്കത്തയിൽ ദീപാവലി പ്രശസ്തമായിരിക്കുന്നത് കാളിപൂജ കൊണ്ടാണ്. മീനും ഇറച്ചിയും പൂക്കളും മധുരപലഹാരങ്ങളും കാളിദേവിക്കു നൽകി കൊണ്ടുള്ള പൂജയ്ക്കു സഞ്ചാരികൾക്കു സാക്ഷ്യം വഹിക്കാം. വിളക്കുകളും ലൈറ്റുകളും കൊണ്ടു പ്രകാശപൂരിതമായി നിൽക്കുന്ന നഗരത്തിൽ കരിമരുന്ന് കലാപ്രകടനവും അത്യാകർഷകമാണ്. കാളി പൂജയുടെ പന്തലുകളിലേക്കു പോകാൻ ആഗ്രഹമുള്ളവർക്ക് അവിടേക്കു പോകാം. അല്ലെങ്കിൽ കാളിദേവിയെ ആരാധിക്കുന്ന കാളിഘട്ട് ക്ഷേത്രം, ദക്ഷിണേശ്വർ ക്ഷേത്രം എന്നിവിടങ്ങളിലും സന്ദർശനം നടത്താം.