മാർക്കില്ലാത്തവരല്ല, പാഷൻ കരിയറാക്കാൻ ആഗ്രഹിക്കുന്നവരാണ്; ജ്യൂട്ട് മാർക്ക് ഇന്ത്യ ലോഗോ ഡിസൈനർ അശ്വതി പറയുന്നു
Mail This Article
ഏറെ പാഷനുള്ള ഒരു കാര്യത്തിൽത്തന്നെ കരിയർ കണ്ടെത്താൻ കഴിയുന്നത് ഭാഗ്യമാണ്. പാഷനും കഴിവും ഒന്നിച്ചു ചേരുമ്പോൾ അത് സമൂഹത്തിലെ ഒരാളുടെയെങ്കിലും ജീവിതത്തിൽ ഗുണകരമായ ചെറുമാറ്റമെങ്കിലും ഉണ്ടാക്കുന്നതാണെങ്കിലോ? അത്തരമൊരു ആത്മ നിർവൃതിയിലാണ് പ്രൊഡക്റ്റ് ഡിസൈനറും റിസേർച്ചറുമായ തൃശ്ശൂർ സ്വദേശി അശ്വതി സതീശൻ. അശ്വതിയുടെ കുഞ്ഞു സ്വപ്നങ്ങൾക്ക് വലിയൊരു ചിറക് സമ്മാനിച്ചിരിക്കുകയാണ് ഈ അടുത്തു ലഭിച്ച ഒരു അംഗീകാരം. നാഷനൽ ജ്യൂട്ട് ബോർഡിന്റെ പുതിയ ലോഗോ ഡിസൈൻ ചെയ്തത് അശ്വതിയാണ്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ലോഗോ ലോഞ്ച് ചെയ്തത്. ഡിസൈനിങ്ങിനെ പാഷനായി കാണുന്ന, അതിലൂടെ വലിയ മാറ്റങ്ങൾ സ്വപ്നം കാണുന്ന അശ്വതി ലോഗോ ഡിസൈൻ ചെയ്യാൻ ലഭിച്ച അവസരത്തെക്കുറിച്ചും ഒരുപാട് ജോലി സാധ്യതയുള്ള ഡിസൈനിങ് എന്ന മേഖലയെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോട് സംസാരിക്കുന്നു.
∙ ലോഗോ ഡിസൈൻ ചെയ്യാനുള്ള അവസരം തേടിവന്നതിനെക്കുറിച്ചു പറയൂ?
കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിൽ 2008 ലാണ് നാഷനൽ ജ്യൂട്ട് ബോർഡ് സ്ഥാപിച്ചത്. ലോകത്തെ ഏറ്റവും വലിയ ജ്യൂട്ട് ഉത്പാദകർ ഇന്ത്യയാണ്. ഇന്ത്യൻ ജ്യൂട്ടിന്റെ ഗുണമേന്മയെക്കുറിച്ച് രാജ്യത്തിനകത്തും പുറത്തും പ്രചാരണം നടത്താനായി ഒരു ലോഗോ വേണം. ഉത്പന്നത്തിന്റെ സർട്ടിഫിക്കേഷനും മറ്റും അത് അത്യാവശ്യമാണ്. അതിനുവേണ്ടി നാഷനൽ ജ്യൂട്ട് ബോർഡ് ഒരു മൽസരം സംഘടിപ്പിച്ചു. ജ്യൂട്ട് മാർക്ക് ഇന്ത്യ ലോഗോ ആയിരുന്നു അവർക്ക് വേണ്ടത്. 2017 ൽ അഹമ്മദാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നാലാം വർഷ ബിരുദത്തിനു പഠിക്കുന്ന സമയത്താണ് ഞാൻ ഈ മൽസരത്തെപ്പറ്റി കേട്ടത്. ഞാൻ പഠിച്ചിരുന്നത് പ്രോഡക്ട് ഡിസൈനായിരുന്നു. നാഷനൽ ജ്യൂട്ട് ബോർഡ് നിഫ്റ്റിലെയും എൻഐഡിയിലെയും വിദ്യാർഥികൾക്ക് ഈ മൽസരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു. അങ്ങനെയാണ് ഞാനും പങ്കെടുത്തത്. ഇന്ത്യൻ ജ്യൂട്ടിനെ ഇന്ത്യയിലും വിദേശത്തും പ്രമോട്ട് ചെയ്യുക എന്ന വലിയൊരു ലക്ഷ്യത്തിന്റെ ചെറിയൊരു ഭാഗമാകാൻ സാധിച്ചതിൽ എനിക്കൊരുപാട് സന്തോഷമുണ്ട്.
∙ 2017 ൽ ഡിസൈൻ ചെയ്ത ലോഗോ ലോഞ്ച് ചെയ്തത് അടുത്തിടെയായിരുന്നല്ലോ?
ലോഗോയുടെ തിരഞ്ഞെടുപ്പു പ്രക്രിയയ്ക്ക് അത്രത്തോളം സമയമെടുക്കേണ്ടതുണ്ടെന്നാണ് അധികൃതരിൽനിന്ന് എനിക്കറിയാൻ കഴിഞ്ഞത്. ലോഗോ കോപ്പിറൈറ്റിനു കൊടുത്ത് അത് അപ്രൂവായി വരാൻ രണ്ടു മൂന്നു വർഷമൊക്കെയെടുക്കും. ഇതുവരെ അത്തരമൊരു ലോഗോ ഇല്ല, അതുമായി ബന്ധപ്പെട്ട് ഒരു വയലേഷനും നടന്നിട്ടില്ല എന്നൊക്കെ ഉറപ്പു വരുത്താനെടുക്കുന്ന സമയമാണത്. ലോഗോ വലിയൊരു സ്വാധീനമുണ്ടാക്കാൻ പോകുന്ന കാര്യമാണെന്ന് എനിക്കറിയാമായിരുന്നു. കരകൗശലത്തൊഴിലാളികൾക്കും ഉത്പാദകർക്കും ജ്യൂട്ടിന് വളരാൻ ഇടമൊരുക്കുന്ന മണ്ണിനുപോലും വലിയൊരു ആദരവ് ഈ ലോഗോയിലൂടെ നൽകാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇനിയൊരു കാലത്ത് ജ്യൂട്ടിനുണ്ടാകാൻ പോകുന്ന വളർച്ച മുന്നിൽക്കണ്ടാണ് ലോഗോ ഒരുക്കിയത്.
∙ ലോഗോയ്ക്കു പിന്നിലെ ആശയത്തെക്കുറിച്ചു പറയൂ?
ജ്യൂട്ടിന്റെ ബഹുമുഖത്വവും അനന്തമായ സാധ്യതകളും ലോകത്തിനു മുന്നിൽ തുറന്നു കാട്ടുന്ന വിധത്തിൽ ലോഗോ ഒരുക്കാനായിരുന്നു എന്റെ ശ്രമം. ഹാൻഡ്ബാഗ്, സാരി, കരകൗശല വസ്തുക്കൾ എന്നു തുടങ്ങി റോഡിന് കരുത്തു പകരുന്ന ജ്യൂട്ട് ജിയോ ടെക്സ്റ്റെയിൽ എന്ന മെറ്റീരിയൽ വരെ ജ്യൂട്ടിൽനിന്ന് സൃഷ്ടിക്കപ്പെടുന്നവയാണ്. പ്രകൃതിസൗഹൃദമായ ജ്യൂട്ടിന് ഭാവിയിൽ ഒരുപാട് സാധ്യതകളുണ്ട്. ജ്യൂട്ട് പുനരുപയോഗം സാധ്യമായതും ഭൂമിയിൽ ജീർണ്ണിച്ചു ചേരുന്നതുമായ ഒരു ഉത്പന്നമാണ്. ഇത് ഭൂമിക്കും ഏറെ ഗുണകരമാണ്.
മണ്ണിൽ നിന്ന് മുളച്ചു പൊന്തി വിശാലമായ ആകാശത്തേക്ക് വളരുന്നൊരു ജ്യൂട്ട് പ്ലാന്റിന്റെ ചിത്രമാണ് ലോഗായായി ആവിഷ്കരിക്കാൻ ശ്രമിച്ചത്. ആകാശത്തേക്കു മുളച്ചു പൊന്തുന്ന ചെടി എന്ന ആശയം പ്രതിനിധാനം ചെയ്യുന്നത് ജ്യൂട്ടിന്റെ വിശാലമായ ഭാവിയെയാണ്. ലോഗോ വളരെ ലളിതമായും ഫലപ്രദമായും ഒരുക്കാനാണ് ശ്രമിച്ചത്. ഒറ്റനോട്ടത്തിൽത്തന്നെ ആധികാരികതയും പ്രൗഢിയും ഫീൽ ചെയ്യണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ജ്യൂട്ടിന്റെ സ്വാഭാവിക നിറവും സൂര്യ പ്രകാശത്തിലേക്ക് വളർന്നുയരുമ്പോൾ പ്രകാശമുള്ള മഞ്ഞനിറവും ഉപയോഗിച്ചത് അതുകൊണ്ടാണ്.
∙ മുൻപ് പാർക്കിൻസൺസ് രോഗികൾക്കു വേണ്ടി ഫ്ലിയോ എന്ന പെൻ നിർമിച്ച് വാർത്തകളിലിടം പിടിച്ചു. ഇപ്പോഴിതാ ജ്യൂട്ട് മാർക്ക് ലോഗോ. വ്യത്യസ്തങ്ങളായ ഈ ആശയങ്ങൾക്ക് പിന്നിൽ?
എൻഐഡിയിൽനിന്ന് ലഭിച്ച മികച്ച പരിശീലനത്തിനു തന്നെയാണ് ഇതിനു ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നത്. നമ്മുടെ മുന്നിലെത്തുന്നത് ഒരു സംവിധാനമോ ഉൽപന്നമോ, ലോഗോയോ എന്തുമാകട്ടെ. അതുയർത്തുന്ന വെല്ലുവിളികളെ നെഞ്ചുറപ്പോടെ ഏറ്റെടുക്കുക. അതിനുള്ള പ്രതിവിധി ദീർഘകാലാടിസ്ഥാനത്തിൽ നൽകാൻ ശ്രമിക്കുക എന്ന വലിയ പാഠം പഠിച്ചത് അവിടെ നിന്നാണ്. ഡിസൈൻ തിങ്കിങ് എന്നാണ് ആ പ്രക്രിയയുടെ പേര്. ഡിസൈൻ തിങ്കിങ്ങിലൂടെ കടന്നു പോകുമ്പോൾ പാർക്കിൻസൺസ് രോഗികൾക്കുള്ള പേന മുതൽ ഒരു വലിയ ആശയത്തിനു വേണ്ടി ശബ്ദിക്കുന്ന ലോഗോ വരെ നമ്മളിൽ നിന്ന് ഉരുവം കൊള്ളും.
∙ ഡിസെനിങ് മോഹം മനസ്സിലുറച്ചത് എപ്പോഴാണ്?
പാഠപുസ്തകങ്ങളിലുള്ള കാര്യങ്ങൾ കാണാപ്പാഠം പഠിക്കുന്നതിനേക്കാൾ ക്രാഫ്റ്റ്‌വർക്കുകൾ ചെയ്യാനായിരുന്നു കുട്ടിക്കാലം മുതൽ എനിക്കിഷ്ടം. ടെക്സ്റ്റ് ബുക്ക് അല്ല ക്രാഫ്റ്റ് ആണെന്റെ പാഷനെന്ന് തിരിച്ചറിഞ്ഞ സമയം മുതൽ ഡിസൈനിങ് പഠിക്കാൻ ആഗ്രഹിച്ചിരുന്നു. തിയറിയേക്കാൾ പ്രാക്റ്റിക്കലിന് പ്രാധാന്യം നൽകുന്ന പാഠ്യരീതിയോട് താൽപര്യം തോന്നിയതുകൊണ്ടാണ് പ്ലസ്ടു കഴിഞ്ഞ് എൻഐഡിയിൽ ചേർന്നത്. വിഷയത്തെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലാതെയാണ് ബിരുദപഠനം തുടങ്ങിയതെങ്കിലും പോകെപ്പോകെ ജീവിതത്തിന്റെ ഓരോ തലത്തിലും ഡിസൈനിങ് എത്രത്തോളം സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന കാര്യം മനസ്സിലാക്കാൻ സാധിച്ചു. സർക്കാർ– സ്വകാര്യ മേഖലയിൽ ഏറെ ജോലിസാധ്യതയുള്ള ഒരു കോഴ്സാണിത്. സ്വകാര്യമേഖലയിലെ കാര്യം പറയുകയാണെങ്കിൽ ബഹുഭൂരിപക്ഷം കമ്പനികളിലും ചീഫ് ഡിസൈൻ ഓഫിസർ എന്നൊരു തസ്തിക തന്നെയുണ്ട്. ക്രമാനുഗതമായി വളർന്നു വരുന്ന ഒരു മേഖലയാണിത്.
എൻഐഡിയെപ്പറ്റിയോ ഡിസൈനിങ്ങിന്റെ സാധ്യതകളെപ്പറ്റിയോ ചെറുപ്പത്തിൽ അത്ര ധാരണയൊന്നുമുണ്ടായിരുന്നില്ല. ആരുടെയെങ്കിലും ജീവിതത്തിൽ കുഞ്ഞു മാറ്റങ്ങളോ സന്തോഷങ്ങളോ അംഗീകാരങ്ങളോ ഒക്കെ ലഭിക്കാൻ ഞാനൊരു നിമിത്തമാകണമെന്ന് ചെറുപ്പം മുതൽ ആഗ്രഹിച്ചിരുന്നു. അങ്ങനെയൊരു മോഹം മനസ്സിലിട്ടു നടക്കുമ്പോഴാണ് എൻഐഡിയിലെ കുട്ടികൾ സാമൂഹിക നന്മയ്ക്കായി ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടത്. അവിടെ പഠിച്ചാൽ അതുപോലെ സമൂഹത്തിനുപകാരപ്പെടുന്ന എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന തോന്നലിൽ നിന്നാണ് എൻഐഡിയിൽ ചേർന്നത്. അന്ന് ഗാന്ധിനഗറിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. പാഷൻ മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം നമ്മുടെ കഴിവുകൾ ജനനന്മക്കായി ഉപയോഗിക്കാൻ പറ്റുന്ന ഒരു മേഖലയാണെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇതിൽത്തന്നെ കരിയർ കണ്ടെത്താൻ ശ്രമിച്ചതും.
∙ ഡിസൈനിങ്ങിനെക്കുറിച്ച് പൊതുവേ കുറച്ച് തെറ്റിദ്ധാരണയില്ലേ?
പ്ലസ്ടുവിന് ആർട്‌സ് പഠിച്ച, സയൻസ് സ്ട്രീമിൽ അധികം മാർക്ക് നേടാൻ സാധിക്കാത്ത കുട്ടികൾ തിരഞ്ഞെടുക്കുന്ന
വിഷയമാണ് ഡിസെനിങ് എന്ന തെറ്റിദ്ധാരണ ചിലർക്കെങ്കിലുമുണ്ട്. എന്നാൽ ഐഐടി ടോപ് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചവർ ഉൾപ്പെടെയുള്ളവരായിരുന്നു എൻഐഡിയിൽ എന്റെ സഹപാഠികൾ. സ്കില്ലും പാഷനും ഒരുപോലെ അളക്കുന്ന തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കു ശേഷമാണ് കോഴ്സിന് അഡ്മിഷൻ ലഭിച്ചിരുന്നത്. ഇനി ഡിസൈനിങ് എന്ന പ്രഫഷനെക്കുറിച്ച് പറയുകയാണെങ്കിൽ ഡിസൈനിങ് എന്നു പറഞ്ഞാൽ പുറത്തു കാണുന്ന ഭംഗിയിൽ മാത്രം അധിഷ്ഠിതമായ എന്തോ ഒന്നെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഒരു കമ്പനി തുടങ്ങാൻ നമ്മൾ ആഗ്രഹിക്കുമ്പോൾ അതിന്റെ അടിസ്ഥാനം മുതൽ ആ കെട്ടിടം ഒരു ഓഫിസ് ആക്കി മാറ്റി ഒടുവിൽ അതിന്റെ ലോഗോ ഡിസൈൻ ചെയ്യുന്ന ഗ്രാഫിക് ഡിസൈൻ വരെയുള്ള മുഴുവൻ പ്രക്രിയയിലും ഡിസൈനേഴ്സിന്റെ പങ്ക് ഒഴിച്ചു കൂടാനാവാത്തതാണ്.
∙ ഡിസൈനിങ് പഠനത്തിനു ശേഷം കരിയർ ഉറപ്പിച്ചതും ആ മേഖലയിലാണോ?
ഐഎഫ്ബി അപ്ലൈൻസസ് എന്ന കമ്പനിയിൽ ഇൻഡസ്ട്രിയൽ ഡിസൈനറായി രണ്ടരവർഷം ജോലി ചെയ്തിരുന്നു. ഇപ്പോൾ ഡിസൈൻ റിസേർച്ചറായി ഫ്രാക്റ്റൽ അനലിറ്റിക്സിൽ ജോലി ചെയ്യുന്നു. ആരോഗ്യമേഖലയിലാണ് ഇപ്പോഴത്തെ പ്രവർത്തനം.
Content Summary : Ashwathy Satheesan, product designer reveals her journey to design the logo of jute mark india