20 സെന്റിമീറ്റര്‍ നീളം, എല്ലാം തിന്നുതീർക്കും, ഒച്ചുകളെ ഭയന്ന് ഒരു നഗരം; ക്വാറന്റീന് പ്രഖ്യാപിച്ച് അധികൃതർ
Mail This Article
ആഫ്രിക്കന്‍ ഒച്ചുകളുടെ ആക്രമണത്തിന്റെ ഭീകരതയെ പറ്റി മലയാളികളോട് പറയേണ്ട കാര്യമില്ല. വീട്ടുമുറ്റത്ത് കുമിഞ്ഞ് കൂടുന്നത് മുതല്‍ കൃഷി നശിപ്പിക്കുന്നത് വരെയുള്ള ദുരിതങ്ങള്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ മൂലം കേരളം നേരിടുന്നുണ്ട്. എന്നാല്‍ കുറേക്കൂടി ഭയാനകമായ പതിപ്പാണ് ഫ്ലോറിഡയില്‍ സംഭവിക്കുന്നത്. യുഎസ് പ്രവിശ്യയായ ഫ്ലോറിഡയിലെ നഗരത്തെയാകെ ക്വാറന്റീനിലാക്കിയിരിക്കുകയാണ് ഈ ആഫ്രിക്കന്‍ ഒച്ചുകള്‍.
20 സെന്റിമീറ്റര്‍ വരെ നീളം വരുന്ന ഈ ഒച്ചുകള്‍ ഇവയുടെ വിശപ്പിന്റെ പേരില്‍ കുപ്രസിദ്ധി നേടിയവരാണ്. അതുകൊണ്ട് തന്നെ ഒച്ചുകളിലെ വെട്ടുക്കിളികളെന്ന് ഇവയെ വിളിച്ചാലും തെറ്റില്ല. ഒരു വലിയ പ്രദേശത്തെ കൃഷി ഇവയ്ക്ക് തിന്നുതീര്‍ക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം മതി. കൂടാതെ മനുഷ്യരുടെ ആരോഗ്യത്തെ നേരിട്ടു ബാധിക്കുന്ന പാരസൈറ്റും ഇവയുടെ ശരീരത്തിലുണ്ട്. റാറ്റ് ലങ് വേം എന്ന് വിളിക്കുന്ന ഈ പാരസൈറ്റ് മനുഷ്യരില്‍ മെനിഞ്ചൈറ്റിസ് രോഗത്തിന് കാരണമാകും.
തുടച്ചു നീക്കിയാലും തിരിച്ചു വരും
ഒരു തവണ ഏതെങ്കിലും മേഖലയിലേക്ക് അതിക്രമിച്ചെത്തിയാല്‍ പിന്നീട് ഇവയില്‍ നിന്ന് രക്ഷപ്പെടുകയെന്നത് അത്ര എളുപ്പമല്ല. കുറേ ജീവികളെ കൊന്നൊടുക്കിയാല്‍ അടുത്ത സീസണിലും ഇവ വീണ്ടും കൂട്ടത്തോടെ എത്തും. അധിനിവേശ ജീവി ആയതിനാല്‍ വേട്ടക്കാരായ ജീവികള്‍ ഇല്ലാത്തതാണ് ഇവ ഇത്രയും പെരുകാൻ കാരണം. ഫ്ലോറിഡയില്‍ 1960 കളിലാണ് ഇവയെ ആദ്യമായി കണ്ടെത്തുന്നത്. അന്ന് വര്‍ഷങ്ങളുടെ ശ്രമഫലമായി ഇവയെ പൂര്‍ണമായും തുടച്ചുനീക്കി. എന്നാല്‍ 2011 ല്‍ ഇവ വീണ്ടും ഫ്ലോറിഡയില്‍ പ്രത്യക്ഷപ്പെട്ടു. ഒരു പതിറ്റാണ്ടായി ഇവയെ തുടച്ച് നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വലിയ തോതില്‍ പെറ്റുപെരുകാനുള്ള ഇവയുടെ ശേഷിയാണ് ഓരോ തവണും കൂടുതല്‍ അംഗസംഖ്യയുമായെത്താന്‍ ഇവയെ സഹായിക്കുന്നത്. നാല് മാസം പ്രായമാകുമ്പോള്‍ മുതല്‍ ഇവയ്ക്ക് മുട്ടകളിടാന്‍ സാധിക്കും. ഓരോ തവണയും ഒരു ഒച്ച് ആയിരത്തിലധികം മുട്ടയിടും. ശത്രുക്കളില്ലാത്ത അധിനിവേശ മേഖലകളില്‍ ഈ മുട്ട സുരക്ഷിതമായാതിനാല്‍, ഏതാണ്ട് എല്ലാം തന്നെ വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടാകുകയും ചെയ്യും.
കാരണം കള്ളക്കടത്ത്
വാഹനങ്ങളിലും, മനുഷ്യനിര്‍മിത വസ്തുക്കളിലും പറ്റിപ്പിടിച്ച് കിലോമീറ്ററുകള്‍ ദൂരം സഞ്ചരിക്കാനും ഇവയ്ക്ക് കഴിയും. അതുകൊണ്ട് തന്നെയാണ് ഇവയെ കണ്ടെത്തിയ നഗരത്തില്‍ ക്വാറന്റീന് പ്രഖ്യാപിച്ച് ഇവയെ കൊന്നൊടുക്കാന്‍ ശ്രമം തുടരുന്നത്. പ്രതികൂല സാഹചര്യത്തില്‍ ഒരു വര്‍ഷത്തോളം മണ്ണിനടിയില്‍ പൂണ്ട് കിടക്കാനും ഇവയ്ക്ക് സാധിക്കും .അമേരിക്കയിലേക്ക് കൊണ്ടുവരുന്നത് നിയമം മൂലം നിരോധിച്ചിട്ടുള്ള ജീവികളില്‍ ഒന്നാണ് ഈ ഒച്ചുകള്‍. എന്നാല്‍ അനധികൃത കച്ചവടത്തിന്റെ ഭാഗമായാണ് ഇവ ഇവിടേക്കെത്തുന്നത് ആഫ്രിക്കന്‍ ഒച്ചുകളെയും കൗതുകത്തിന്റെ പേരില്‍ വളര്‍ത്തുന്നവര്‍ അമേരിക്കയിലുണ്ട്. ഇവയെ ഉടമകള്‍ പിന്നീട് ഉപേക്ഷിക്കുമ്പോഴോ അല്ലെങ്കില്‍ ഇവ പുറത്തെത്തുമ്പോഴോ ഈ ജീവികളുടെ അതിജീവിനം ഫ്ലോറിഡയിലെ സാഹചര്യത്തില്‍ കുറേക്കൂടി എളുപ്പമാണ്. ഇവയ്ക്ക് അതിജീവിക്കാന്‍ അനുയോജ്യമായ ഏതാണ്ട് 500 തരം ചെടികള്‍ ഈ മേഖലയില്‍ ധാരാളമായുണ്ട്. അതിനാല്‍ തന്നെ കുറച്ച് സമയം കൊണ്ട് ഇവ പെറ്റുപെരുകി പ്രദേശത്തെ ജൈവവ്യവസ്ഥയ്ക്കും മനുഷ്യര്‍ക്കും ഭീഷണിയാകുകയാണ് പതിവ്.
English Summary: Florida Town Placed Into Quarantine After Giant African Land Snails Invade