റോയൽ സൗദി എയർഫോഴ്സിലേക്ക് 4 എയർബസുകൾ കൂടി; ലക്ഷ്യം വ്യോമയാന വ്യവസായ വികസനം
Mail This Article
റിയാദ് ∙ എയർബസ് ഡിഫൻസ് ആൻഡ് സ്‌പേസ് കമ്പനിയുമായി കരാറിൽ ഒപ്പുവെച്ച് സൗദി പ്രതിരോധ മന്ത്രാലയം. റോയൽ സൗദി എയർഫോഴ്സിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് നാല് എയർബസ് A330MRTTമൾട്ടി-റോൾ ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ വാങ്ങാനാണ് കരാർ.
ഇതുവഴി വിമാനത്തിൽ ഇന്ധനം നിറയ്ക്കൽ, ദീർഘദൂര ഗതാഗതം, ലോജിസ്റ്റിക്കൽ പ്രവർത്തനങ്ങൾ എന്നിവയിൽ റോയൽ സൗദി എയർഫോഴ്സിന്റെ കഴിവുകൾ വർധിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് എക്സിക്യൂട്ടീവ് അഫയേഴ്സ് പ്രതിരോധ മന്ത്രി ഡോ. ഖാലിദ് അൽ ബയാരി പറഞ്ഞു. സൗദി അറേബ്യയുടെ പ്രതിരോധ ശേഷി വർധിപ്പിച്ചുകൊണ്ട് സൈനിക, ഉപകരണ ഗതാഗതത്തിൽ പ്രതിരോധ മന്ത്രാലയത്തിന്റെ ശേഷി ശക്തിപ്പെടുത്താനും ലക്ഷ്യമുണ്ട്.
സമീപ വർഷങ്ങളിൽ പ്രതിരോധ മന്ത്രാലയവുമായുള്ള മൂന്നാമത്തെ സഹകരണത്തെയാണ് ഈ കരാർ അടയാളപ്പെടുത്തുന്നത്. ഇതിലൂടെ ആഗോളതലത്തിൽ വിമാനത്തിന്റെ ഏറ്റവും വലിയ ഓപ്പറേറ്റർമാരിൽ ഒരാളായി റോയൽ സൗദി എയർഫോഴ്‌സ് സ്ഥാനം പിടിച്ചു.
സൗദി അറേബ്യയുടെ വ്യോമയാന വ്യവസായത്തിന്റെ വികസനത്തിനും കരാർ ഉപകരിക്കുന്നു. വിമാന എഞ്ചിനീയറിങ് , വികസനം, അറ്റകുറ്റപ്പണികൾ, രാജ്യത്തിനുള്ളിലെ സുരക്ഷ, ഗുണനിലവാരം, വിതരണ ശൃംഖലകൾ എന്നിവയിൽ പ്രാദേശികവൽക്കരണം നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസിന് (SAMI) കീഴിലുള്ള "എസ്എഎംഐ എയർബസ്" വഴി വിമാന തരത്തിനായുള്ള പ്രാദേശികവൽക്കരണവും സാങ്കേതിക കൈമാറ്റവും നടക്കുന്നു.