‘ഇത്തിഹാദ് എയർവേയ്സിന്റെ പേരിൽ വ്യാജ പ്രചാരണം’; മുന്നറിയിപ്പുമായി എസ്‌സിഎയും ഇത്തിഹാദ് എയർവേസും
Mail This Article
അബുദാബി∙ യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റിങ് നടത്തുന്നതായി പ്രചരിക്കുന്ന സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ വ്യാജം. ഇക്കാര്യം ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചതായി ഖലീജ് ടൈംസാണ് റിപ്പോർട്ട് ചെയ്തത്.
‘‘ഇത്തിഹാദിന്‍റെ ബ്രാൻഡ് മൂല്യം ഉപയോഗിച്ച് നിക്ഷേപകരെ വഞ്ചിക്കുന്നതിനുള്ള നീക്കമാണ് ഈ (വ്യാജ) പോസ്റ്റുകളിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ഇത്തിഹാദ് പ്രാഥമിക ഓഹരി വിൽപന (ഐപിഒ) യുമായി വിപണിയിലേക്ക് എത്തുമെന്ന അനുമാനവും പൂർണ്ണമായി തെറ്റാണ്. ഈ വഞ്ചനാപരമായ പോസ്റ്റുകളെ സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകി’’– ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു.
വ്യാഴാഴ്ചയും, രാജ്യത്തെ ഫെഡറൽ ഫിനാൻഷ്യൽ റെഗുലേറ്ററി ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയും (എസ്‌സിഎ) വ്യാജ നിക്ഷേപ സ്ഥാപനങ്ങളുമായി ഇടപഴകുന്നതിനെതിരെ യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തിഹാദ് എയർവേയ്‌സ് ഷെയറുകൾ സബ്‌സ്‌ക്രൈബു ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന വ്യാജ പരസ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം പരസ്യങ്ങളിൽ വഞ്ചരിതാകരുതെന്ന് എസ്‌സിഎയും ഇത്തിഹാദ് എയർവേസും നിക്ഷേപകരോട് അഭ്യർഥിച്ചു.
അതേസമയം, മാർച്ചിൽ ഇത്തിഹാദ് എയർവേയ്‌സ് സിഇഒ ആന്‍റോണാൾഡോ നെവ്‌സ് ഐപിഒ ലിസ്റ്റിങ്ങിനെക്കുറിച്ച് നടത്തിയ പരാമർശമാണ് പ്രാഥമിക ഓഹരി വിൽപനയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമിട്ടത്. എയർലൈൻ വ്യവസായം വലിയ മൂലധനം ആവശ്യമായ ബിസിനസാണ്. പ്രാഥമിക ഓഹരി വിൽപന വഴി മൂലധനം ശേഖരിച്ച് പൊതു വിപണിയിലേക്ക് എത്തിയാൽ കാരിയർമാർക്ക് പ്രയോജനം ലഭിക്കുമെന്നാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
ഇത്തിഹാദ് എയർവേയ്‌സ് കഴിഞ്ഞ വർഷം 11 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. ഈ വർഷം ആദ്യ പാദത്തിലും വളർച്ച കൈവരിച്ച ഇത്തിഹാദ് ലാഭത്തിൽ 791 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന സർവീസുകൾ ആരംഭിച്ചതും വിമാന നിരക്കുകൾ വർധിച്ചതും വളർച്ചയ്ക്ക് സഹായകരമായി എന്നാണ് വിലയിരുത്തപ്പെടുന്നത്.