സ്കൂൾ യാത്ര പരിസ്ഥിതി സൗഹൃദമാക്കാം; 3000ത്തോളം പരിസ്ഥിതി സൗഹൃദ ബസുകളിറക്കി കർവ
Mail This Article
ദോഹ ∙ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ വിദ്യാലങ്ങളിലേക്കുള്ള യാത്രകൾ പരിസ്ഥിതി സൗഹൃദമാക്കൻ ഖത്തർ പൊതുഗതാഗത വിഭാഗമായ മുവാസലാത് (കർവ). ഇതിന്റെ ഭാഗമായി 3000ത്തോളം പരിസ്ഥിതി സൗഹൃദ ബസുകളാണ് കലാലയങ്ങളിലേക്കുള്ള ഗതാഗത്തിനായി കർവ പുറത്തിറക്കുന്നത്.
പരിസ്ഥിതി സൗഹൃദ സ്കൂൾ ബസുകൾ ഉന്നത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സർവീസ് നടത്താൻ സജ്ജമായതായി ‘ബാക് ടു സ്കൂൾ’ക്യാംപെയ്ന്റെ ഭാഗമായി നടന്ന പരിപാടിയിൽ കർവ അധികൃതർ അറിയിച്ചു. പത്ത് ഇലക്ട്രിക് ബസുകളും യൂറോ ഫൈവ് സ്റ്റാൻഡേർഡിലുള്ള ഡീസൽ ബസുകളും സ്കൂൾ സർവീസിനായി സജ്ജമായതായി മുവാസലാത് (കർവ) സ്ട്രാറ്റജി മാനേജ്മെന്റ് അറിയിച്ചു.
ദോഹയിൽ നടന്ന ഓട്ടോനോമസ് ഇ മൊബിലിറ്റി ഫോറത്തിന്റെ ഭാഗമായി കഴിഞ്ഞ മേയ് മാസത്തിൽ തന്നെ ഗതാഗത മന്ത്രാലയവും വിദ്യഭ്യാസ മന്ത്രാലയവും ചേർന്ന് പുതിയ ഇലക്ട്രിക് സ്കൂൾ ബസുകൾ പുറത്തിറക്കിയിരുന്നു. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന്റെ ഭാഗമായി സ്കൂൾ ബസുകൾ ഉൾപ്പെടെ മുഴുവൻ പൊതുഗതാഗത ബസുകളും പരിസ്ഥിതി സൗഹൃദമാക്കി മാറ്റുന്നതായി ഗതാഗത മന്ത്രി ജാസിം സൈഫ് അഹമദ് അൽ സുലൈതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2030ഓടെ രാജ്യത്തെ മുഴുവൻ പൊതുഗതാഗത സംവിധാനവും വൈദ്യുതീകരിക്കുകയാണ് സർക്കാർ ലക്ഷ്യം.
കൂടുതൽ സുരക്ഷാ മികവോടെയാണ് ഇ സ്കൂൾ ബസുകൾ തയാറാക്കിയത്. ഓട്ടോമാറ്റിക് അഗ്നിശമന സംവിധാനങ്ങൾ, മികച്ച എയർകണ്ടീഷനർ, സെൻസർ സംവിധാനങ്ങളോടെയുള്ള സേഫ്റ്റി ലോക് ഡോറുകൾ, ഫസ്റ്റ് എയ്ഡ് ബോക്സ്, എഞ്ചിൻ സെൻസർ സിസ്റ്റം, എക്സ്റ്റേണൽ സെൻസറുകൾ, ജിപിഎസ്, ഡ്രൈവറുടെ നിലവാരം നിരീക്ഷിക്കുന്ന മോണിറ്ററിങ് സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണിത്. യൂറോ ഫൈവിനും അതിനുമുകളിലുമുള്ള ഇന്ധന ഉപയോഗത്തിലൂടെ ഗതാഗതം കൂടുതൽ പരിസ്ഥിതി സൗഹൃദമായി തീരും.