മാപ്പിളപ്പാട്ട് കലാകാരന് യൂസഫലിയുടെ സമ്മാനം; ലുലു ഗ്രൂപ്പ് ചെയർമാന് ‘സാരഥിയുടെ’ സർപ്രൈസ്
Mail This Article
അബുദാബി / കോഴിക്കോട് ∙ തന്‍റെ 69–ാം പിറന്നാളിന് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയുടെ സമ്മാനം ലഭിക്കാൻ ഭാഗ്യമുണ്ടായത് കേരളത്തിലെ കലാകാരന്. അതേസമയം, തന്‍റെ പിറന്നാളിന് അദ്ദേഹത്തിനും വിലകൂടിയ ഒരു പുരസ്കാരം ലഭിച്ചു–കുവൈത്ത് സാരഥി അവരുടെ സിൽവർ ജൂബിലി വേദിയിൽ പരമോന്നത പുരസ്കാരമായ ഗുരുദേവ സേവ രത്നാ അവാർഡാണ് യൂസഫലിക്ക് സമ്മാനിച്ചത്. കൂടാതെ, സർപ്രൈസായി ജന്മദിനം ആഘോഷിക്കുകയും ചെയ്തു. ഇന്നലെ(നവംബർ 15)യായിരുന്നു പിറന്നാൾ
മാപ്പിളപ്പാട്ടിന്‍റെ അവതരണത്തിലും രീതിയിലും മാറ്റങ്ങൾക്ക് തുടക്കമിട്ട ഇശലിന്‍റെ ഈണമുള്ള ഗായകൻ കെ.എം.കെ.വെള്ളയിലിനാണ് എം.എ യൂസഫലിയുടെ സ്നേഹസമ്മാനം ലഭിച്ചത്. ആറ് പതിറ്റാണ്ടിലേറെയായി മാപ്പിളപ്പാട്ട് കലാ രംഗത്തുള്ള അദ്ദേഹത്തിനുള്ള ആദരമായാണ് സഹായം. മലബാറിന്‍റെ മനസ് കീഴടക്കിയ മുൻനിരയിലുള്ള കലാകാരാനാണ് കെ.എം.കെ എന്ന കാരക്കുന്നുമേൽ മൊയ്തീൻ കോയ. ഉമ്മയുടെ താരാട്ട് പാട്ടുകൾ കേട്ട് വളർന്ന ഇദ്ദേഹം സ്കൂളിലും കല്യാണ വീടുകളിലും ഏഴ് വയസ്സ് മുതൽ ഇശലിന്‍റെ ഈണങ്ങളുമായി നാടറിയുന്ന പാട്ടുകാരനാണ്.
യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ മാറ്റി മറിക്കുന്ന കെ.എം.കെ യുടെ പരീക്ഷങ്ങൾ ഇന്ത്യയ്ക്ക് അകത്തും കടൽ കടന്ന് ഗൾഫിലും ലഭിച്ചത് ഒട്ടേറെ വേദികൾ. ഒപ്പനപ്പാട്ടുകളുടെ രചയിതാവ്, സംഗീത സംവിധായകൻ, പിന്നണി ഗായകൻ, നാടക നടൻ എന്നിങ്ങനെ കലാരംഗത്ത് കെ.എം.കെ വെള്ളയിൽ കയ്യോപ്പ് ചാർത്തി. ഫോക്‌ലോർ അക്കാദമി അവാർഡ്, യുഎഇ കലാരത്നം അവാർഡ് അടക്കം ലഭിച്ച പുരസ്കാരങ്ങളുമേറെ.
ദിവസങ്ങൾക്ക് മുൻപാണ് അബ്ദുൽകരീം കോലോംപാടത്തിന്‍റെ വരികൾക്ക് കെ.എം.കെ.വെള്ളയിൽ ഇശലിന്‍റെ ഈണമൊരുക്കിയത്. പരമ്പരാഗത ഈണത്തിൽ പുതുമ കൊണ്ടുവന്നുള്ള കെ.എം.കെ.വെള്ളയിലിന്‍റെ പാട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായി. ജസ്‌ല വയനാടും ഷംസു കോട്ടയ്ക്കലുമാണ് ഒപ്പം പാടിയത്. എം.എ യൂസഫലിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും മനുഷ്യസ്നേഹത്തെക്കുറിച്ചും പാട്ടിൽ പ്രത്യേക പരാമർശമുണ്ട്. ഈ ഗാനം ശ്രദ്ധയിൽപ്പെട്ട എം.എ യൂസഫലി പാട്ടൊരുക്കിയവരെക്കുറിച്ചു അന്വേഷിച്ചു.
തുടർന്നു വെള്ളയിലിനെ ഫോണിൽ ബന്ധപ്പെട്ടു. പത്ത് മിനിറ്റിലേറെ സംസാരിച്ചു. രോഗബാധമൂലവും വീടുനിർമാണത്തിന്‍റെ പേരിൽ ബാങ്കുവായ്പ ഉള്ളതിനാലും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കാര്യം വെള്ളയിൽ എം.എ യൂസഫലിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതറിഞ്ഞ ഉടൻ മുതിർന്ന മാപ്പിളപ്പാട്ട് കലാകാരന് യൂസഫലി സഹായഹസ്തം നീട്ടി. വെള്ളയിലിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടരലക്ഷം രൂപ കൈമാറി. അതുകൊണ്ട് വീടിന്‍റെ വായ്പാ തുക തിരിച്ചടച്ചു.
അവിചാരിതമായി ലഭിച്ച സ്നേഹസമ്മാനത്തിൽ ഒരു വിഹിതം പാട്ടിന്‍റെ അണിയറ പ്രവർത്തകർക്ക് വെള്ളയിൽ നൽകി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൾ കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് കെ.എം.കെ.വെള്ളയിൽ. അക്കാദമിക്കു കീഴിൽ മൂവായിരത്തി അഞ്ഞൂറോളം കുട്ടികളെ മാപ്പിളപ്പാട്ട് പഠിപ്പിച്ചിട്ടുണ്ട്. നിർധനരായ ഒട്ടേറെ വിദ്യാർഥികളെ സൗജന്യമായാണ് പരിശീലിപ്പിക്കുന്നത്. എം.എ യൂസഫലിയുടെ സ്നേഹസമ്മാനം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ഇശലിന്‍റെ ഈണമുള്ള കലാകാരൻ.
തന്‍റെ പിറന്നാൾ ദിനത്തിൽ കുവൈത്തിലായിരുന്നു യൂസഫലി. അവിടെ സാരഥിയുടെ സിൽവർ ജൂബിലി വേദിയിൽ സാരഥിയുടെ പരമോന്നത പുരസ്കാരമായ "ഗുരുദേവ സേവ രത്നാ അവാർഡ്" നൽകി സംഘാടകർ അദ്ദേഹത്തെ ആദരിച്ചത്.കേരളത്തിലെ നിർധന കുടുംബങ്ങൾക്ക് സാരഥി പ്രഖ്യാപിച്ച 25 വീടുകളിൽ 10 എണ്ണം യൂസഫലി നിർമിച്ചു നൽകുമെന്ന് വേദിയിൽ പ്രഖ്യാപിച്ചു