യുഎഇയിൽ താപനില കുറച്ച് നേരിയ മഴ; കടലിലിറങ്ങുന്നവർക്ക് ജാഗ്രതാനിർദേശം
Mail This Article
അബുദാബി ∙ യുഎഇയിൽ വിവിധയിടങ്ങളിൽ ഇന്ന് നേരിയ തോതിൽ മഴ പെയ്യും. അതോടെ താപനില വീണ്ടും കുറയും. അൽഐനിലും അബുദാബിയിലും ആകാശം മേഘാവൃതമായിരിക്കും. അബുദാബിയിലെ റസീൻ, അൽസൂത് എന്നിവിടങ്ങളിൽ ഇന്നലെ വൈകിട്ട് മഴ പെയ്തു.
മഴ നനഞ്ഞ റോഡുകളിലൂടെ വാഹനമോടിക്കുമ്പോൾ തെന്നിമാറാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ വേണമെന്ന് പൊലീസ് മുന്നറിയിപ്പു നൽകി. മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി അസ്ഥിര കാലാവസ്ഥയിൽ അബുദാബി എമിറേറ്റിലെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറയുമെന്നും ഓർമപ്പെടുത്തി. അമിതവേഗം കുറയ്ക്കുക, വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കുക, പെട്ടെന്ന് ലെയ്ൻ മാറാതിരിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.
യുഎഇയിൽ ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില അൽഐനിലെ റക്നയിൽ 6.1 ഡിഗ്രി രേഖപ്പെടുത്തി. കൂടിയ താപനില റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽ, 27 ഡിഗ്രി. മണിക്കൂറിൽ 10 മുതൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശിയേക്കും. അറേബ്യൻ കടൽ പ്രക്ഷുബ്ധമായതിനാൽ കടലിലിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.