ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കണ്ണൂർ ∙ സാമൂഹ്യ സേവനത്തിനും കൂട്ടായ്മകൾക്കും പ്രോത്സാഹനമേകിയുള്ള യുഎഇയുടെ കമ്യൂണിറ്റി വർഷത്തിൽ ഇയർ ഓഫ് കമ്യൂണിറ്റി റണ്ണിന് ആതിഥ്യമരുളി കണ്ണൂർ. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കായിക കൂട്ടായ്‌മയിലൂടെ ഊഷ്മളമാക്കുന്ന വേദിയായി കണ്ണൂർ പയ്യാമ്പലം ബീച്ച്. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി, മുൻനിര അത്‌ലറ്റുകൾക്കും ഫിറ്റ്‌നസ് പ്രേമികൾക്കുമൊപ്പം കമ്യൂണിറ്റി റണ്ണിൽ തകർത്തോടി കണ്ണൂരിന്റെ ഹൃദയം കവർന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലൂടെ ഫിറ്റ്നസ്, ക്ഷേമം, ആഗോള കൂട്ടായ്മ എന്നിവയുടെ ആഘോഷ വേദികൂടിയായി കണ്ണൂർ ബീച്ച് റണ്ണിന്റെ എട്ടാം എഡിഷൻ. 

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിനായി കേരളത്തിലെത്തിയ മന്ത്രി ആഗോള ആരോഗ്യ സംരഭകനും ബീച്ച് റണ്ണിന്റെ മെന്ററുമായ  ഡോ.ഷംഷീർ വയലിലിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് കണ്ണൂരിലെത്തിയത്. കമ്യൂണിറ്റി സേവനം, സന്നദ്ധപ്രവർത്തനം, ഫലപ്രദമായ സംരംഭങ്ങൾ എന്നിവയിലൂടെ സമൂഹത്തിന് സജീവമായ സംഭാവനകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് യുഎഇ 2025 ഇയർ ഓഫ് കമ്മ്യൂണിറ്റി വർഷമായി ആചരിക്കുന്നത്. മലയാളികൾക്ക് രണ്ടാം വീടായ യുഎഇയിലെ വർഷാചരണത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടാണ് അഞ്ചു കിലോമീറ്റർ കമ്യൂണിറ്റി റൺ പ്രത്യേകമായി കണ്ണൂർ ബീച്ച് റണ്ണിൽ ഉൾപ്പെടുത്തിയത്. 

നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ റൺ ഫ്ലാഗ് ഓഫ് ചെയ്തു. പ്രശസ്ത കായിക താരം പ്രീജ ശ്രീധരനും സന്നിഹിതയായിരുന്നു. മന്ത്രിക്കൊപ്പം യുഎഇ ആസ്ഥാനമായുള്ള വി പി എസ് ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ അടക്കം 100-ലധികം പേർ ഈ വിഭാഗത്തിൽ ഓടി. ഫിറ്റ്നസ് പ്രേമികൂടിയായ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി അതിവേഗം അഞ്ചു കിലോമീറ്റർ ഓട്ടം പൂർത്തിയാക്കി കയ്യടി നേടി.

ചിത്രം: യുഎഇ സാമ്പത്തിക മന്ത്രി മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി ഡോ. ഷംഷീർ വയലിനും മറ്റു ഫിറ്റ്നസ് പ്രേമികൾക്കുമൊപ്പം അഞ്ചു കിലോമീറ്റർ ഇയർ ഓഫ് കമ്മ്യൂണിറ്റി റണ്ണിൽ ഓടുന്നു.
യുഎഇ സാമ്പത്തിക മന്ത്രി മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി ഡോ. ഷംഷീർ വയലിനും മറ്റു ഫിറ്റ്നസ് പ്രേമികൾക്കുമൊപ്പം അഞ്ചു കിലോമീറ്റർ ഇയർ ഓഫ് കമ്യൂണിറ്റി റണ്ണിൽ ഓടുന്നു.ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

"യുഎഇയിൽ, പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രഖ്യാപന പ്രകാരം 2025 കമ്യൂണിറ്റി വർഷമായി ആചരിക്കുകയാണ്. ഡോ. ഷംഷീറുമായി ചേർന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിൽ കമ്യൂണിറ്റി റണ്ണിൽ പങ്കെടുക്കാൻ ആയതിൽ ഏറെ സന്തോഷമുണ്ട്." അടുത്ത വ‍ർഷം ഹാഫ് മാരത്തോൺ ഓട്ടത്തിൽ പങ്കെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച കണ്ണൂർ ബീച്ച് റണ്ണിൽ ഈ വർഷം വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം പേർ പങ്കെടുത്തു. ഹാഫ് മാരത്തണിനുള്ള കേരളത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയും ഇത്യോപ്യയിൽ നിന്നുള്ള ആറ് രാജ്യാന്തര റണ്ണർമാരുടെ പങ്കാളിത്തവും  മത്സരത്തിന്റെ വീര്യം കൂട്ടി. 

പുരുഷന്മാരുടെ 21 കിലോമീറ്റർ ഓട്ടത്തിൽ ഇത്യോപ്യൻ റണ്ണറായ കെബെഡെ ബെർഹാനു നെഗാഷ് ഒന്നാം സ്ഥാനവും ലോകേഷ് ചൗധരി രണ്ടാം സ്ഥാനവും ആകാശ് എം എൻ മൂന്നാം സ്ഥാനവും നേടി. വനിതകളുടെ ഹാഫ് മാരത്തണിൽ അബെതു മിൽകിതു മുലെറ്റ ഒന്നാം സമ്മാനം കരസ്ഥമാക്കി, ഹോർഡോഫ മെസെറെറ്റ് ദിരിബയും ടെക്കൂ ബെകെലു അബെബെയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഓപ്പൺ 10 കിലോമീറ്റർ ഓട്ടത്തിൽ മടിവളപ്പ എസ് ഹംബിയും നിതു കുമാരിയും യഥാക്രമം വിജയിച്ചു. മെമ്പേഴ്‌സ് ആൻഡ് ഫാമിലി 10 കി. മീ. വിഭാഗത്തിൽ ഡോ. ബിനു നമ്പ്യാർ പുരുഷ വിഭാഗത്തിൽ ജേതാക്കളായി, വെറ്ററൻസ് 10 കി. മീ. വിഭാഗത്തിൽ നവീൻ കുമാർ പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജയ്‌മോൾ കെ.ജോസഫ് വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.3 കി. മീ. ഹെൽത്ത് അവയർനസ് റണ്ണിൽ പുരുഷ വിഭാഗത്തിൽ ആദർശ് ഗോപി ഒന്നാം സ്ഥാനം നേടി. മെമ്പേഴ്‌സ് ആൻഡ് ഫാമിലി 3 കി. മീ. വിഭാഗത്തിൽ പുരുഷ വിഭാഗത്തിൽ ശ്യാമളൻ സിപിയും വനിതാ വിഭാഗത്തിൽ നിഷ വിനോദും വിജയിച്ചു.

English Summary:

Kannur hosted the 'Year of Community Run' in the UAE's year of community which encourages social service and community.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com