അല്ലലില്ലാത്ത നോമ്പുകാലം; റമസാനിൽ തൊഴിലാളികൾക്ക് അനുഗ്രഹമായി ഇഫ്താർ പൊതികൾ

Mail This Article
മനാമ ∙ അല്ലലില്ലാതെ കഴിഞ്ഞു പോയ നോമ്പുകാലത്തിന്റെ സന്തോഷത്തിൽ മനാമയിലെ തൊഴിലാളികൾ. മനാമയിലും പരിസരത്തുമുള്ള കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സംബന്ധിച്ച് എല്ലാ വർഷത്തെയും നോമ്പുകാലം വലിയ സന്തോഷം നൽകിയാണ് പരിസമാപ്തി കുറിക്കുന്നത് .
ബുദ്ധിമുട്ടില്ലാതെ ദിവസേന സൗജന്യമായി നല്ല ഭക്ഷണം കിട്ടുമെന്നതിനാൽ ശമ്പളത്തിൽ നിന്ന് ഭക്ഷണത്തിനായി ചെലവാക്കുന്ന പണം മിച്ചം പിടിക്കാൻ കഴിയുന്നുവെന്നതാണ് ഈ സന്തോഷത്തിന് കാരണം. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളെ സംബന്ധിച്ച് റമസാൻ മാസം വലിയ അനുഗ്രഹമാണ്.
റമസാൻ മാസം ആരംഭിച്ചത് മുതൽ എല്ലാ ദിവസവും മനാമ ബസ് സ്റ്റേഷന് സമീപം ഒരു സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിൽ എല്ലാ തൊഴിലാളികൾക്കും സൗജന്യമായി ബിരിയാണി വിതരണം ചെയ്തിരുന്നു. പ്രതിദിനം അഞ്ഞൂറിൽ പരം ആളുകൾക്കുള്ള ഭക്ഷണം എത്തിക്കാൻ തുടങ്ങിയതോടെ ദൂര സ്‌ഥലങ്ങളിൽ നിന്നുള്ള തൊഴിലാളികൾ വരെ ഈ ഭക്ഷണപ്പൊതി വാങ്ങാൻ മനാമയിൽ എത്തിയിരുന്നു.

ഇഫ്താർ കിറ്റ് വിതരണം തങ്ങളെ സംബന്ധിച്ച് വലിയ അനുഗ്രഹമാണെന്നും റമസാൻ മാസത്തിന്റെ പുണ്യം ആണിതെന്നും പാകിസ്‌ഥാൻ സ്വദേശിയായ മഹമൂദ് പറഞ്ഞു. ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ വേർതിരിവ് ഇക്കാര്യത്തിലില്ലെന്നും മഹമൂദ് കൂട്ടിച്ചേർത്തു. എല്ലാ വർഷവും ഇത്തരത്തിൽ ഭക്ഷണം തൊഴിലാളികൾക്ക് നല്കുക എന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും കഴിയുന്നത്ര കാലം ഇത് തുടരുമെന്നും മനാമയിൽ ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയുടെ പ്രതിനിധികൾ പറഞ്ഞു.

വിവിധ സംഘടനകളുടെ നേതൃത്വത്തിലും മനാമയുടെ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റുകളിലും തൊഴിലാളികൾക്കുള്ള നോമ്പുതുറ വിഭവങ്ങൾ എല്ലാവർക്കും ലഭ്യമായിരുന്നു. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഈ തൊഴിലാളികൾ ദിവസേന ഖുബ്ബൂസും തൈരും മാത്രം കഴിച്ച് കിട്ടുന്ന ശമ്പളം മിച്ചം പിടിച്ച് നാട്ടിലെ കുടുംബത്തിനായി അയച്ചു കൊടുക്കുന്നവരാണ്. ചുരുക്കം ചില തൊഴിൽ ക്യാംപുകളിൽ മാത്രമാണ് തൊഴിലാളികൾക്ക് മികച്ച ഭക്ഷണം തയാറാക്കുന്നത്. കുടുസ്സു മുറികളിൽ അഞ്ചും പത്തും ആളുകൾ തിങ്ങിനിറഞ്ഞ താമസ സ്‌ഥലത്ത് പാചകം ചെയ്യാൻ പോലും പറ്റാത്ത സാഹചര്യത്തിലാണ് മിക്ക തൊഴിലാളികളും ജീവിക്കുന്നത്. ഈ തൊഴിലാളികൾക്കാണ് റമസാൻ മാസം അനുഗ്രഹമാകുന്നത്.