ദൂരെയാണെങ്കിലും മനസ്സുകൾ ഒന്നാണ്: പാക്കിസ്ഥാനി സുഹൃത്തിന്റെ വിവാഹത്തിൽ ഫേസ് ടൈമിലൂടെ പങ്കുചേർന്ന് ഇന്ത്യൻ യുവതി, വിഡിയോ വൈറൽ

Mail This Article
അതിർത്തികൾ വേർതിരിക്കുമ്പോഴും മനസ്സുകൾ ഒന്നായിരിക്കുന്ന കാഴ്ച സമൂഹമാധ്യമത്തിൽ വൈറൽ. പാക്കിസ്ഥാനി സുഹൃത്തിന്റെ വിവാഹത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാതെ വന്നപ്പോൾ, ഫേസ് ടൈമിലൂടെ ചടങ്ങുകൾ വീക്ഷിച്ച് സന്തോഷത്തിൽ പങ്കുചേരുന്ന ഇന്ത്യൻ യുവതിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നത്.
'അടുത്ത് ഉണ്ടായിട്ടും ദൂരെയായിപ്പോയതുപോലെ തോന്നി. എന്റെ സഹോദരി ഭാര്യയായി മാറുന്നത് ഹൃദയം ശരീരത്തിന് പുറത്തായിപ്പോയതുപോലെ ഇവിടെയിരുന്നു കാണേണ്ടിവന്നു' വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്തതിലുള്ള ദുഃഖം പങ്കുവച്ച് യുവതി കുറിച്ചു. അഭിനന്ദനപ്രവാഹമാണ് വിഡിയോയ്ക്ക്.
നിരവധി പേർ വിഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. പലരും സമാനമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ഇവരുടെ സൗഹൃദത്തെ പ്രശംസിക്കുകയും ചെയ്യുന്നു. 'ദുബായിൽ ഒരുപാട് ഇന്ത്യൻ സുഹൃത്തുക്കളെ ലഭിച്ചെങ്കിലും ഇപ്പോൾ എനിക്ക് മനസ്സിലായി, അവരുടെ സന്തോഷത്തിൽ പങ്കുചേരാൻ കഴിയില്ലെന്ന്. നമ്മുടെ കുട്ടികൾ വിവാഹിതരാകുമ്പോൾ, നമുക്ക് അവിടെ പോകാൻ കഴിയില്ല. ചില കാര്യങ്ങളിൽ പങ്കുചേരാൻ ആഗ്രഹമുണ്ടെങ്കിലും കഴിയില്ല. കാര്യങ്ങൾ ഒരു ദിവസം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് ഒരു കമന്റ്.