മണ്ണും മനുഷ്യനും വിറങ്ങലിച്ച നിമിഷങ്ങൾ: അതിജീവനത്തിനായി 26 വയസ്സുകാരൻ പോരാടിയത് 108 മണിക്കൂർ

Mail This Article
മണ്ണും മനുഷ്യനും വിറങ്ങലിച്ച നിന്ന ഭൂമിയിൽ ജീവനത്തിനും അതിജീവനത്തിനുമായി ഒരു 26 വയസ്സുകാരൻ പോരാടിയത് 108 മണിക്കൂർ. മ്യാൻമറിൽ ഭൂചലനത്തിൽ തകർന്ന ഹോട്ടലിൽ നിന്ന് നയിങ് ലിൻ ടണിനെ രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോൾ ജീവൻ നിലനിർത്താൻ അയാൾ പോരാട്ടം തുടങ്ങിയിട്ട് ദിവസങ്ങൾ പലതും കഴിഞ്ഞിരുന്നു. ജോലി ചെയ്തിരുന്ന ഹോട്ടൽ തകർന്നതിനെ തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ നയിങ്ങിനെ കണ്ടെത്തുമ്പോൾ അവശനായിരുന്നു.
ഭൂചലനം നാശം വിതച്ച പ്രദേശത്ത് അഞ്ചുദിവസം പിന്നിട്ടപ്പോൾ കെട്ടിടങ്ങളിൽ നിന്ന് കൂടുതലും ലഭിച്ചത് മൃതദേഹങ്ങളായിരുന്നു. എൻഡോസ്കോപ്പിക് കാമറ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ജീവനോടെ ഒരാൾ കുടുങ്ങികിടക്കുന്നതായി തിരിച്ചറിഞ്ഞത്. തുടർന്ന് തകർന്ന കെട്ടിടത്തിലെ അവശിഷ്ടങ്ങൾ തുരന്ന് രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോൾ നയിങ് ഷർട്ട് ധരിക്കാത്ത നിലയിലായിരുന്നു. പൊടിയും മണ്ണും നിറഞ്ഞ അവസ്ഥയിൽ നയിങ്ങിനെ കണ്ടെത്തുന്ന ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന്റെ വിഡിയോയിൽ നയിങ്ങിന് ബോധമുണ്ടായിരുന്നത് കാണാം. ഐവി ഡ്രിപ്പ് നൽകിയ ശേഷം ഉടൻതന്നെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഈ രക്ഷാദൗത്യം ഒൻപത് മണിക്കൂറിലധികം നീണ്ടുനിന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആയിരക്കണക്കിന് കെട്ടിടങ്ങളും നിരവധി പാലങ്ങളും റോഡുകളും തകർന്നു. ഇതുവരെ 2886 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 4639 പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇതിലും കൂടാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.