സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം വിളിച്ചോതുന്ന ക്രിസ്മസ്

Mail This Article
പ്രത്യാശയുടെയും വിശുദ്ധിയുടെയും പ്രതീകമായ മഞ്ഞണിഞ്ഞു ഡിസംബറെത്തി. മിക്കവാറും പ്രകൃതി തന്നെ ഈ സമയം മഞ്ഞുകൊണ്ടു വെള്ള പൂശാറുണ്ട്. തണുപ്പും മഞ്ഞും ആഘോഷങ്ങളെ വരവേൽക്കാൻ തെളിയുന്ന വിളക്കുകളും അലങ്കാരങ്ങളും ഓരോ വീടിനെയും നഗരത്തെയും നാടിനെയും കൂടുതൽ സൗന്ദര്യം ഉള്ളതാക്കി തീർക്കുന്നു. ജീവിതത്തിന്റെ തിരക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന നമുക്ക് സന്തോഷവും സമാധാനവും നല്‍കുന്നത് ഇങ്ങനെയുള്ള ചില ആഘോഷവേളകളാണ്. അത്തരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ആഘോഷമാണ് ക്രിസ്‌മസ്.
ഡിസംബർ 25-ന് ആഘോഷിക്കുന്ന ക്രിസ്മസ്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന സന്തോഷകരമായ ഒരു അവസരമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, ക്രിസ്മസ് ഒരു മതപരമായ അവധി മാത്രമല്ല, കുടുംബങ്ങളെയും സമൂഹങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സാംസ്കാരിക പ്രതിഭാസമാണ്. മതപരവും മതേതരവും ബഹുസ്വരവുമായ ഘടകങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് വർഷങ്ങളായി പരിണമിച്ച അസംഖ്യം പാരമ്പര്യങ്ങളാൽ അവധിക്കാലം അടയാളപ്പെടുത്തുന്നു. ഉത്സവ അലങ്കാരങ്ങൾ മുതൽ വിപുലമായ വിരുന്നുകൾ വരെ, യുഎസിലെ ക്രിസ്മസ് പാരമ്പര്യങ്ങൾ വൈവിധ്യമാർന്നതും അമേരിക്കൻ സമൂഹത്തിന്റെ സമ്പന്നമായ ചിത്രകലയെ പ്രതിഫലിപ്പിക്കുന്നതുമാണ്.
അമേരിക്കയുടെ ദേശീയ ഉത്സവം കൂടിയാണ് ക്രിസ്‌മസ്. ജാതിമത ഭേദമില്ലാതെ ഏവരും ഒത്തൊരുമിച്ച് ആഘോഷിക്കുന്ന ഈ ഉത്സവം ലോകത്തിലേക്കും ഏറ്റവും ജനപ്രിയവും മഹത്തായതുമായ ഉത്സവങ്ങളിലൊന്നാണ്. അമേരിക്കയിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്നത് ക്രിസ്മസ് സമയത്തു തന്നെയാണ്. അതിൽ കൂടുതലും ന്യൂയോർക്ക് സിറ്റിയിൽ തന്നെ.
അമേരിക്കയിലെ ക്രിസ്‌മസ് ആഘോഷങ്ങൾ കണ്ണഞ്ചിപ്പിക്കുന്നതാണ്, പ്രത്യേകിച്ചും ന്യൂ യോർക്ക് സിറ്റിയിലെ ആഘോഷങ്ങൾ. എവിടെയും ദീപാലങ്കാരങ്ങൾ കൊണ്ട് വിസ്മയങ്ങൾ തീർക്കുന്നു. മിന്നുന്ന ലൈറ്റുകളും ഐക്കണിക് സ്കൈലൈനും ഈ ഐതിഹാസിക നഗരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു. അവധിക്കാലത്തിന്റെ മാസ്മരികത അനുഭവിക്കുവാൻ നിരവധി ടൂറിസ്റ്റുകൾ ആണ് ഇവിടെ എത്തിച്ചേരുന്നത്.
റോക്ഫെല്ല സെന്ററും ഇവിടുത്തെ ക്രിസ്മസ് ട്രീയും ലോക പ്രശസ്തമാണ്. ഈ സമുച്ചയം അതിന്റെ മിക്കവാറും എല്ലാ കെട്ടിടങ്ങളിലും വലിയ അളവിലുള്ള കലകൾ, വിശാലമായ ഭൂഗർഭ കോൺകോർസ്, ഐസ്-സ്കേറ്റിംഗ് റിങ്ക്, ക്രിസ്മസ്ട്രീയുടെ വാർഷിക വിളക്കുകൾ എന്നിവയാൽ ശ്രദ്ധേയമാണ്. 1931 ൽ ആണ് ആദ്യമായി ഇവിടെ ക്രിസ്മസ് ട്രീ അലങ്കരിക്കപ്പെട്ടത്. 74അടി ഉയരവും 11ടൺ ഭാരവുമുള്ള മരം മൂന്നു കോടിയിലധികം വിലമതിക്കുന്ന ക്രിസ്റ്റൽ നക്ഷത്രങ്ങളാൽ അലങ്കരിക്കുന്നു. അവധിക്കാലം അവസാനിച്ചുകഴിഞ്ഞാൽ, റോക്ക്ഫെല്ലർ ക്രിസ്മസ് ട്രീ, ആവശ്യമുള്ളവർക്ക് അഭയം നൽകുന്നതിനായി ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റിക്ക് സംഭാവന നൽകും.
ക്രിസ്മസ് ആഘോഷത്തിന്റെ മറ്റൊരു പ്രത്യേകത ആണ് സമ്മാനങ്ങൾ കൈമാറുന്നത്. സമ്മാന പൊതികൾ അലങ്കരിച്ച ക്രിസ്മസ് ട്രീയുടെ ചുറ്റിലും വയ്ക്കുന്നു. ക്രിസ്മസ് തലേന്ന് രാത്രിയില്‍ സാന്താക്ലോസ് സമ്മാനങ്ങളുമായി വരും എന്നാണ് ഓരോ കുട്ടികളുടെയും വിശ്വാസം. അതുകൊണ്ടു തന്നെ ക്രിസ്മസിന് വെള്ളത്താടിയും ചുവപ്പും നിറമുള്ള കുപ്പായവും കൊടവയറുമായി, ഒരുപാട് സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസിനെ കുട്ടികൾ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട്.
ക്രിസ്മസ് ആഘോഷങ്ങളുടെ കാലം മാത്രമല്ല. മറിച്ചു, സാഹോദര്യത്തിന്റെ, സമഭാവനയുടെ, സ്നേഹത്തിന്റെ, കരുതലിന്റെ സന്ദേശം വിളിച്ചോതുന്ന മഹത്തരമായ അടയാളപ്പെടുത്തൽ കൂടിയാണ്. അത് തന്നെ ആവട്ടെ ഓരോ ക്രിസ്മസ് ട്രീയും നമ്മെ ഓർമപ്പെടുത്തേണ്ടതും.